അദ്ധ്യായം
ജീവജാലങ്ങൾ
പാഠം 1
ചെടിയുടെ ജീവിതം
നാം മുറിക്കകത്തിരിക്കുകയായാലും ശരി, ജന്നലിലൂടെ പുറത്തേയ്ക്കു നോക്കിയാൽ ഒരു സസ്യത്തെയെങ്കിലും കാണാതിരിക്കുവാൻ പ്രയാസമാണു്. ചുറ്റുപാടുമുള്ള ഭൂമി സസ്യങ്ങളെക്കൊണ്ടു് അത്രമാത്രംപച്ച പിടിച്ചിരിക്കുന്നു. മാവു്, പിലാവു്, പുളി, തെങ്ങു്, കമുങ്ങു് മുതലായ വൃക്ഷങ്ങളും, പരുത്തി, നാരകം, തെച്ചി, റോസു്, മുല്ല, പിച്ചി മുതലായ കുറ്റിച്ചെടികളും, തുമ്പ, വേനൽപ്പച്ച, മുക്കുറ്റി ഇത്യാദി ഇളം ചെടികളും അവിടവിടെ കാണാം. ഭൂമുഖത്തിൽ ചെടികളില്ലാത്ത സ്ഥലങ്ങൾ ചുരുക്കമാണു്. കരയിലും കടലിലും
പൎവ്വത പാർശ്വങ്ങളിലും അവയെ കാണാം. ധാന്യവൎഗ്ഗങ്ങൾ, പയറു വൎഗ്ഗങ്ങൾ എന്നിങ്ങനെ പലയിനം ചെടികളിൽ നിന്നും നമുക്കു ഭക്ഷണം ലഭിക്കുന്നു. നമ്മുടെ ഉടുപ്പുകൾ അധികവും പരുത്തിനൂൽകൊണ്ടാണു്. തേക്കു്, വീട്ടി, ആഞ്ഞിലി, പിലാവു് മുതലായവയുടെ തടിയറുത്തുണ്ടാക്കിയ ഉരുപ്പടികൾ നമുക്കു് ഭവനനിർമ്മാണത്തിനു ഉപകരിക്കുന്നു.