ന്നതായോ, രാജഭക്തിയെ ധ്വംസിക്കുന്നതെന്നു സംശയിക്കത്തക്കതായോ യാതൊരു വസ്തുവും ഇല്ല. രാജദ്രോഹമോ ഇല്ലതാനും. അവ ദിവാൻജിയെ ആക്ഷേപിച്ചിട്ടുള്ള ലേഖനങ്ങൾ മാത്രമാണ്. ഇതുതന്നെയും, ദിവാൻജിയുടെ ഉദ്യോഗത്തെ സംബന്ധിച്ചല്ല, സ്വകാര്യനടത്തയെ സംബന്ധിച്ചാണെന്ന് ഡാക്ടർ നായർ പറയുന്നു. ദിവാൻജിയെ അപകീർത്തിപ്പെടുത്തിയ ആളെ പ്രതിയാക്കി കോടതിയിൽ കേസ്സ് ഫയലാക്കുന്നതിനു അദ്ദേഹത്തോടാജ്ഞാപിക്കാമെന്നുള്ളതിലധികം, ഗവണ്മെന്റിനു ഈ വിഷയത്തിൽ യാതൊന്നും ചെയ്‌വാൻ നിശ്ചയമായും നിവൃത്തിയില്ലായിരുന്നു. എന്നാൽ, ഒരു ദിവാൻജിയുടെ സ്വകാര്യനടത്തയെപ്പറ്റി ആക്ഷേപം ചെയ്തതിനു ഒരു പത്രാധിപരെ നാടുകടത്തുകയും, അയാളുടെ പത്രത്തെ നിർത്തലാക്കുകയും അയാളുടെ അച്ചുക്കൂടത്തെ സർക്കാരിലേക്കു പിടിച്ചെടുക്കുകയും ചെയ്ക എന്ന നടപടി, തിരുവിതാംകൂറിനു രാജ്യകാര്യവിവേകം, അഭിവൃദ്ധി എന്നിവയുണ്ടെന്നുള്ള കീർത്തിക്കു തീരെ യോജിപ്പായിരിക്കയില്ല എന്നു സമ്മതിച്ചേ കഴിയൂ.
ഭാവിയെ ദൂഷ്യപ്പെടുത്തും
(അഡ്വക്കെറ്റ്, ലക്‌നൗ)
ചില സർക്കാരുദ്യോഗസ്ഥന്മാരെ അധിക്ഷേപിക്കയും, നിന്ദ്യലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളതല്ലാതെ പത്രാധിപർ രാജ്യത്തെ ധ്വംസിക്കുന്നവിധം യാതൊന്നും ചെയ്തിട്ടില്ലാ എന്നാണു് സഹജീവികളിലെ റിപ്പോർട്ടുകളിൽ നിന്നു ഞങ്ങൾ ഗ്രഹിക്കുന്നത്. മി. രാജഗോപാലാചാരിയുടെ മേൽ മി. രാമകൃഷ്ണപിള്ള ആരോപിച്ചിട്ടുള്ള ദോഷത്തെ മി. ആചാരി ഒരു കോടതിയിൽ വിചാരണ ചെയ്യിച്ച് തീർച്ച വരുത്തേണ്ടതായിരുന്നു എന്ന് പറഞ്ഞേതീരൂ. ബ്രിട്ടീഷ് ഇന്ത്യയിൽ ഉള്ളതിൽനിന്നു വ്യത്യാസപ്പെടാത്ത പ്രകാരത്തിൽ ഒരു നിയമനിർമാണസഭയും, നിയമസഞ്ചയവും നീതിന്യായ പരിപാലനവ്യവസ്ഥയും തിരുവിതാംകൂറിൽ ഉണ്ട്. ആ സംസ്ഥാനത്ത് ഇപ്പോൾ നടപ്പുള്ള നിയമങ്ങളൽ ഒന്നുകൊണ്ടുംശിക്ഷിക്കാൻ സാധിക്കാത്തതായ ഒരു കുറ്റം ആ പത്രാധിപർ ചെയ്തിട്ടില്ലാ. തിരുവിതാംകൂർ ഗവണ്മെന്റ് ഈ സംഗതിയിൽ ഗൗരവപ്പെട്ട പ്രമാദം വരുത്തി എന്നു ഞങ്ങൾ വിചാരിക്കുന്നു. നാടെങ്ങും സമാധാനമായും ശാന്തമായും ഇരിക്കയും, പ്രജകൾ രാജാവിന്റെ നേർക്ക് ആദരത്തെയും ഭക്തിയെയും അന്യൂനമായി പ്രദർശിപ്പിക്കയും ചെയ്തിരിക്കുന്ന ഒരവസരത്തിൽ നാട്ടിലെ നിയമത്തെ മുറയ്ക്ക് പ്രയോഗിക്കുന്നതിനുപകരം ഈ അസാധാരണമായ ആയുധത്തെ പ്രയോഗിപ്പാൻ ഗവണ്മെന്റു തുനിഞ്ഞതെന്തിനാണെന്ന് ഞങ്ങൾക്കു മനസ്സിലാകുന്നില്ലാ. കുറ്റം വിചാരണ ചെയ്യാതെ നാടുകടത്തുകയും മുതൽ പിടിച്ചടക്കുകയും ചെയ്യുന്നതിനുള്ള അധികാരം ആപത്കരമാകുന്നു...തിരുവിതാംകൂർ ഗവണ്മെന്റിന്റെ ഭാവിയെ വളരെ ദൂഷ്യപ്പെടുത്തുന്നതായ നാടുകടത്തലേർപ്പാട് എത്രമേൽ അനർത്ഥകരമായിട്ടുള്ളതാണെന്ന് ഗ്രഹിപ്പാൻ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ബുദ്ധിശക്തിയില്ലെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. രാജ്യത്തിൽ സമാധാനം നിറഞ്ഞിരിക്കുന്ന ഈ സമയത്ത് തിരുവിതാംകൂർ ഗവണ്മെന്റു പ്രവർത്തിച്ചതായ ഈ സമ്പ്രദായം തീരെ അസാധുവും ഒരു പരിഷ്കൃതഗവണ്മെന്റിൻ ഒട്ടും യോഗ്യമല്ലാത്തതുമാകുന്നു.
ബ്രി. ഗവണ്മെന്റുകൂടി ചെയ്യാത്തത്
(ലീഡർ, അലഹബാദ്)
ഞങ്ങൾ നോക്കിയേടത്തോളം, തിരുമനസ്സിലെ ഗവണ്മെന്റു പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്തു വിളംബരത്തിൽ, പത്രാധിപരുടെമേൽ അപരാധമായി യാതൊന്നും ആരോപിച്ചു കാണു