Jump to content

താൾ:Dharmaraja.djvu/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ്ക്കായി വന്നുചേർന്നിരിക്കയാണ്. യൗവനത്തിളപ്പുകൊണ്ട്, സർവഥാ ആരാധനീയനായ മഹാരാജാവോടും കയർക്കുമായിരുന്ന കേശവപിള്ളയും ക്ഷമാധർമ്മോപദേശിനിയായ ഈ നരഭദ്രകാളിയോടു തോറ്റുപോന്നിരുന്നു.

‘രാജാകേശവദാസ്’ എന്ന നായർയശഃസ്തംഭത്തിന്റെ അസ്തിവാരസ്ഥാപനം മുതൽ കാവൽപ്പണിക്കാരായി സേവനം ചെയ്ത ഈ ധന്യയും ആ മഹാപുരുഷനും—അദ്ദേഹത്തിന്റെ ഭാഗ്യോൽക്കർഷദശയിലും—‘മക്കൾ’ എന്നും ‘അക്കൻ’ എന്നും പരസ്പരം വിളിച്ചു വന്നിരുന്നു. രണ്ടുപേരുടേയും അനന്യബന്ധുത്വത്താൽ അവരുടെ പരിചയപ്രാരംഭത്തിൽത്തന്നെ അന്യോന്യം സഞ്ജാതമായ അനുകമ്പാബന്ധം എങ്ങനെ പുലർത്തപ്പെട്ടു എന്ന് ഈ കഥാശേഷംകൊണ്ടും, ‘ദേവികോട്’ എന്ന പ്രസിദ്ധഭവനത്തിന്റെ സൂക്ഷ്മമായ പൂർവചരിത്രത്തെ ഗ്രഹിച്ചിട്ടുള്ളവരോട് ആരാഞ്ഞും അറിയാവുന്നതാണ്.

സംഭരണശീലയുംകൂടി ആയിരുന്ന ഭഗവതിഅക്കൻ വിളിച്ചുണർത്തിക്കൊടുത്ത സാധനത്തെ വാങ്ങിച്ച്, ഉറക്കക്കുടിശ്ശിക തീർപ്പാൻ മോഹമുണ്ടായിരുന്നു എങ്കിലും, പ്രബലമായ എന്തോ ഒരു അഭിനിവേശത്താലും സുഖലോലുപത്വം സ്വകൃത്യനിർവഹണത്തെ ഒരിക്കലും ബാധിച്ചുകൂടെന്നുള്ള തന്റെ പ്രമാണത്താലും പ്രേരിതനായി, അയാൾ ഉടനേതന്നെ അതിനെ പരിശോധിപ്പാൻ എഴുന്നേറ്റിരുന്നു. സമീപത്തുണ്ടായിരുന്ന വിളക്കു കത്തിച്ച് സൂക്ഷിച്ചുനോക്കിയപ്പോൾ ദൃശ്യമായത് രക്തസ്രവത്തോടുകൂടിയ ഒരു അംഗവേഷ്ടിയായിരുന്നു. രക്തദർശനംകൊണ്ട് അശുഭശങ്കയുണ്ടായി എങ്കിലും ആ വസ്ത്രത്തെ അന്നു രാത്രിയിൽത്തന്നെ താൻ കണ്ടിട്ടുണ്ടെന്നു ബലമായി സംശയം ജനിക്കയാൽ, അതിനെ നല്ലതിന്മണ്ണം സൂക്ഷിച്ചു പരിശോധിച്ചു. ആ പട്ടുക്കരവേഷ്ടിയുടെ പരുത്തിനൂൽഭാഗവും രക്തപ്രോക്ഷണംകൊണ്ടു മലിനമായും എല്ലാംകൂടി ഒരു പരിപൂർണ്ണശോണാംബരമായും തീർന്നിരുന്നു. ഒരു നിഷ്ഠുരകർമ്മത്തിന്റെ സാക്ഷ്യമായ ഈ ലക്ഷ്യത്തെക്കണ്ടപ്പോൾ, തന്റെ അനുമാനശക്തികൊണ്ടു കേശവപിള്ള ചിലതൊക്കെ, മനസ്സിൽ ഒട്ടൊരു അന്ധാളിപ്പോടുകൂടി തീർച്ചയാക്കി. വസ്ത്രത്തിന്റെ ഒരു കോണിൽ എന്തോ കെട്ടിയുണ്ടായിരുന്നത് ആ മനോഗതങ്ങൾക്കിടയിൽ തന്റെ ശ്രദ്ധയെ ആകർഷിക്കുകയാൽ, കെട്ടിനെ അഴിച്ച് അതിലടങ്ങിയിരുന്ന സാധനങ്ങൾ കൈയിലെടുത്തു വിളക്കത്തു നോക്കി. ബഹുഫണനായ സർപ്പത്താന്റെ രൂപം കൊത്തി, നേത്രസ്ഥാനങ്ങളിൽ വജ്രങ്ങളും വലിയഭാഗത്തു നവരത്നങ്ങളും പതിച്ചിട്ടുള്ളതും, ഭീമാകാരന്മാർ ധരിച്ചിരുന്നതും ആയ ഒരു പുരാതനാംഗുലീയവും ഏതോ ഭാഗ്യവതിയായ കൃശാംഗിക്കു ധരിപ്പാൻ അടുത്തകാലത്തു പണിതീർന്നതായ ഒരു വിലയേറിയ അംഗുലീയക്കൂട്ടവും ആ ദീപപ്രഭ തട്ടി സ്ഫുലിംഗവർഷം ചെയ്തു. ഈ ദർശനത്തിൽ വിധിചക്രത്തിന്റെ അത്ഭുതതമമായ ഭ്രമണത്തെ ഓർത്ത്, കേശവപിള്ളയുടെ ബുദ്ധിയിൽ ഒരു താമസത ഉത്പാദിതമായി. അതിനെ ക്ഷണേന ദുരീകരിച്ചുകൊണ്ട്, തന്റെ അനുമാനം ശരിയാണെങ്കിൽ രാജ്യസ്ഥിതികൾ വക്രഭാവത്തെ ഭജിക്കയല്ലാതെ ഗത്യന്തരമില്ലെന്ന് അയാൾ നിർണ്ണയിച്ചു. ആ ഭവനത്തിൽ മറ്റൊരുഭാഗത്ത്, ബാലസാന്ത്വനമായുണ്ടായ താരാട്ടിനേയും പടിവാതിൽക്കൽ മുട്ടി പ്രവേശനം കിട്ടായ്കയാൽ ഒരു ശ്വാനൻ കയ്യാലമേച്ചിലിനിടയിൽക്കൂടി തിക്കിഞെരുങ്ങി അകത്തു കടന്ന ശബ്ദവും കേട്ട് കുറേശ്ശെ ഞെട്ടുകയാൽ മനുഷ്യർക്കു ജന്മസിദ്ധമായുള്ള ഭീരുത്വത്തെ ഓർത്ത് അയാൾ പുഞ്ചിരികൊണ്ടു. സ്ഥൈര്യത്തെ ആശ്രയിച്ചിരുന്ന അയാളുടെ ചിന്താഗതി ഇങ്ങനെ അനുക്ഷണം അനുലോമവിലോമങ്ങളെ അവലംബിക്കുന്നു. തന്റെ മുമ്പിലിരിക്കുന്ന സാധനങ്ങൾ അത്യന്തം അവമാനകരമായ ശിക്ഷാബലിപീഠത്തിലേക്ക് തന്നെ നിസ്തർക്കമായി ആകർഷിക്കുന്ന പാശങ്ങളല്ലേ? അപ്രകാരം താൻ നീതിപാലകന്മാരുടെ ദണ്ഡനീതിക്കധീനനായാൽ തന്റെ അനന്തരഗതിയെന്ത്? ഉൽകൃഷ്ടമായ സ്ഥാനത്തെ പ്രാപിച്ച് മഹാഡംബരങ്ങളോടും ഐശ്വര്യവിഭവങ്ങളോടും മാതൃപാദങ്ങൾ കണ്ട് തൊഴുന്നതിനായി അജ്ഞാതവാസത്തെ അവലംബിച്ചിരുന്ന തന്റെ ഉദ്യമങ്ങളെല്ലാം പ്രാണാപായത്തിനും അതിലും നികൃഷ്ടതരമായ മാനഹാനിക്കുമുള്ള മാർഗ്ഗങ്ങളിലേക്കല്ലേ തന്നെ ബലാൽ പ്രവേശിപ്പിക്കുന്നത്? രാജ്യക്ഷോഭകവും അണ്ണാവയ്യന്റെ കൈവശത്തുണ്ടെന്നു താൻ ധരിച്ചിരിക്കുന്നതുമായ അംഗുലീയം ഇതാ യാദൃർച്ഛികമായി വിധിസർപ്പമെന്നപോലെതന്നെ തുടർന്ന് എത്തിയിരിക്കുന്നല്ലോ. ഈ സ്ഥി

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/75&oldid=158573" എന്ന താളിൽനിന്ന് ശേഖരിച്ചത്