താൾ:Dharmaraja.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രദർശിപ്പിക്കാതേയും പ്രൗഢമായ നിലയിൽ അല്പം ഒരു ശുണ്ഠിയോടെ പടിഞ്ഞാറെ നിരചാരിനിന്നു. കുപ്പമൂർഖശ്ശാർ മര്യാദയേയും അടുത്ത ഭവനത്തിലെ തകൃതികളേയുംകുറിച്ചു ചില വിമർശനങ്ങൾ ചെയ്തുകൊണ്ട് അവിടെനിന്നു നടകൊണ്ടു. പ്രണയപാശത്താൽ പരസ്പരബദ്ധരായ ആ യുവാക്കൾ പവിത്രവൃത്തരായിരുന്നതുകൊണ്ട്, ലജ്ജാമാത്സര്യത്തോടും ദിഗ്ഭ്രമത്താൽ കുഴങ്ങുന്നതുപോലെയും ഒട്ടുനേരം അമ്പരന്നുനിന്നു. മീനാക്ഷി ഒരു ചിത്രവിഗ്രഹംപോലെ നിശ്ചേഷ്ടമായി നിൽക്കുന്നതിനിടയിൽ, കേശവൻകുഞ്ഞിന്റെ മുഖകരപാദങ്ങൾ പ്രയോഗിച്ച വിന്യാസങ്ങൾ ലജ്ജൈകബാണരായി പഞ്ചശരവിജയം ചെയ്‌വാൻ പുറപ്പെടുന്ന അവിവേകികളുടെ ഗോഷ്ടികൾ തന്നെയായിരുന്നു. തന്റെ പ്രവൃത്തികളാൽ നഖഭേദ്യകപ്രായം കവിഞ്ഞിരിക്കുന്ന പ്രേമം അപാത്രദത്തമായിട്ടില്ലെന്ന് ആശ്വസിച്ചും, എന്നാൽ , അപ്പോഴത്തെ സന്ദർഭം തന്റെ പുരുഷത്വത്തെ ധ്വംസിച്ച് ആ കന്യകാ സന്നിധിയിൽ തന്നെ ബീഭത്സനാക്കുന്നു എന്നു ലജ്ജിച്ചും, അയാൾ അവിടുന്നു സ്പഷ്ടമേ തോറ്റു എന്നുവരാതെ നിർഗ്ഗമിപ്പാനുള്ള ഉപായത്തെക്കുറിച്ച് നിരൂപണം ചെയ്തുതുടങ്ങി. ഇതിനിടയിൽ മീനാക്ഷിയുടെ നേത്രങ്ങൾ ബ്രഹ്മശില്പിക്കു വർണ്ണസങ്കലനത്തിലുള്ള വൈദഗ്ദ്ധ്യ വൈകല്യം നിമിത്തം കേശവൻകുഞ്ഞിന്റെ പാദനഖങ്ങളിൽ ശോണത കുറെ അധികപ്പെട്ടുപോയി എന്നു ദൂഷണംചെയ്തു. ആ യുവതീമണിയുടെ വർണ്ണപ്രകർഷത്തെ കവരുന്നതിനായി പട്ടുചേലകൾ ആ കോമളശരീരത്തിൽ ചുറ്റിപ്പറ്റിക്കിടക്കുന്നോ എന്ന് ആലങ്കാരികന്റെ നിലയിൽ കേശവൻകുഞ്ഞു മനസാ ഉൽപ്രേക്ഷിച്ചു. അനന്തരം എന്തെങ്കിലും മര്യാദയായി ഒന്നു പറഞ്ഞുപൊയ്ക്കെള്ളാൻവേണ്ടി അയാൾ ആ സ്ഥലത്തിന്റെ നിശ്ശബ്ദതയെ ഇങ്ങനെ ഭഞ്ജിച്ചു: “വെടികളും മറ്റും കേട്ടുതുടങ്ങീട്ടു കുറച്ചുനേരമായി. കാണാൻപോകുന്നതിനു കാലം വൈകുന്നായിരിക്കാം കുറിതൊടലും മറ്റും കഴിപ്പാനുണ്ടല്ലോ. ഞാൻ പോയേക്കാം. ഇന്നത്തെ ഗൗരവഘനം വർഷിച്ചുതുടങ്ങിയാൽ എല്ലാം മുങ്ങും!”

മീനാക്ഷി: (മൗനപരീക്ഷയിൽ താൻതന്നെ ജയിച്ചു എന്നുള്ള ഉത്സാഹത്തോടുകൂടി) “പോകാൻ അനുവാദം എന്നോടു ചോദിക്കുന്നതെന്തിന്? ഇല്ലത്തിൽ മൂസ്സ് ഞാനല്ലല്ലൊ. അമ്മ വന്നു കണ്ടിട്ടാണെങ്കിൽ അങ്ങനെ. ഞാനിവിടെ നില്ക്കുന്നതു വിരോധമെങ്കിൽ—”

കേശവൻകുഞ്ഞ്: “അദ്യാപി ആകണ്ഠം പരിഭവം ഇതെന്നു പോയൊടുങ്ങും ഭഗവാനേ? അമ്മാളുക്കുട്ടിയുടെ ഒരു മൃദുവാക്കു കേൾപ്പാൻ ഭാഗ്യമുണ്ടായെങ്കിൽ സമസ്തപുരുഷാർത്ഥവും സാധിച്ചു!”

മീനാക്ഷി: “പുരുഷാർത്ഥം നാലും ഭാഗ്യവാനായ അവിടുത്തേക്ക് ജന്മാവകാശസിദ്ധമല്ലയോ? അവിടുത്തെ ദ്രോഹിപ്പാൻ അഞ്ചാം പുരുഷാർത്ഥമെന്നൊന്നുകൂടി ഉണ്ടായോ? എന്നാൽ വേദാന്തജ്ഞന്മാരും അവിടുത്തെക്കാരണത്താൽ വട്ടത്തിലായി.”

കേശവൻകുഞ്ഞ്: “അതതെ. പക്ഷികൾ ചിലയ്ക്കുന്ന കാലമാണിത്. ചുമ്മാ പുലമ്പും. പക്ഷികളുടെ കാര്യം പറഞ്ഞതുകൊണ്ടു ചോദിക്കുന്നു, ചാതകവും മേഘവും തമ്മിലുള്ള സംബന്ധത്തെ അമ്മാളുക്കുട്ടി അറിഞ്ഞിട്ടുണ്ടോ?”

മീനാക്ഷി: “അവർ തമ്മിലുള്ള വർഗ്ഗഭേദവും ദൂരവും എനിക്കറിയം. ചാതകത്തിന് എത്ര പൊക്കത്തിൽ പറക്കാമെന്നും, മേഘം അതിലെത്ര ഏറെപ്പൊക്കത്തിൽ ചരിക്കുന്നെന്നും ഞാൻ കേട്ടിട്ടുണ്ട്.”

കേശവൻകുഞ്ഞ്: “ഈ ഒരു പല്ലവി മാത്രമേ ഇവിടെ പഠിച്ചിട്ടുള്ളു. കുലവ്യത്യാസം, കുലക്കളങ്കം, കുലഹാനി! ഇങ്ങനെ വൈഷമ്യം പറഞ്ഞു വിലകൂട്ടുന്നതു പരദേശസമ്പ്രദായമായിരിക്കാം. എന്തായാലും ഈ നാട്ടുകാരാനായ ഞാൻ മടങ്ങാൻ ഭാവിച്ചിട്ടില്ല. മൂല്യം കൂടാതെ വ്യാപാരമില്ലെങ്കിൽ അതിനും ഞാൻ ഒരുങ്ങുന്നുണ്ട്. അമ്മാളുക്കുട്ടിക്കു ചില സമ്മാനങ്ങൾ കൊണ്ടുവരാൻ ശ്രമിച്ച് ആ അണ്ണാവയ്യനെ തിരക്കിനടന്നു കാലെല്ലാം വെള്ളെല്ലായി. അയാൾ ചുറ്റിച്ച ചുറ്റുകൊണ്ടാണ് ഈ ശൂണ്ഠിക്കാട്ടിൽ വന്നകപ്പെടാൻ സംഗതിയായത്. അല്ലെങ്കിൽ രാത്രിതന്നെ ചിലമ്പിനേത്ത് എത്തിപോകുമായിരുന്നു.”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/65&oldid=158562" എന്ന താളിൽനിന്ന് ശേഖരിച്ചത്