Jump to content

താൾ:Dharmaraja.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പരലോകവാസിയായ കുട്ടിക്കോന്തിശ്ശന്റെ ആത്മാവും സ്വദൗഹിത്രിയുടെ നവഗുണങ്ങൾ കണ്ട് സമ്പ്രീതമായി പ്രസാദവർഷത്തെ ആ ഭവനത്തിന്മേൽ ചൊരിയുന്നതുപോലെ കാണപ്പെട്ടു. സ്വകേശാഗ്രം ഭൂസ്പർശം ചെയ്യാതെ സൂക്ഷിച്ച് വിരലുകൾക്കിടയിലാക്കി ഉയർത്തിച്ചീകുന്ന ബാലിക, തന്നെ അഭിനന്ദിക്കുന്ന മാതാമഹന്റെപ്രീതിക്കായെന്നപോലെ ഒരു പ്രാർത്ഥനാഗാനം തുടങ്ങി: "സബിന്ദുസിന്ധുസുസ്ഖലത്തരംഗഭംഗരഞ്ജിതം, ദ്വിഷദ്വിപാപജതകാരിവാരിസംയുതം," എന്നു തുടങ്ങിയ നർമ്മദാഷ്ടകപാരായണത്തിന്റെ ആരോഹാരവചാതുരിയോടുകൂടിയ മധുരസ്വരതരംഗങ്ങൾ അവിടെ പ്രവഹിച്ചപ്പോൾ, ആ ഭവനത്തിന് ആ ബാലികതന്നെ ശർമ്മദയായി ഭവിച്ചു. ശോഭാവാഹികളായ ആഭരണപൂരംകൊണ്ട് അലങ്കരിക്കപ്പെടാതെ ദൃശ്യമാകുന്ന ആ രൂപം കാമുകലോകത്തിന് വിഭ്രമത്തേയും സത്വചിത്തന്മാർക്ക് അലഭ്യദർശനലാഭാനന്ദത്തേയും നല്കുമെന്നുള്ളതിനു സംശയമില്ല. കുബേരതുല്യനായ ഒരു പിതാവിനാൽ ലാളിച്ചു വളർത്തപ്പെട്ടതിന്റെ ചിഹ്നങ്ങൾ ഒന്നുംതന്നെ കാണുന്നില്ല എങ്കിലും, മീനാക്ഷിക്കുട്ടിയുടെ നോട്ടത്തിലും വാക്കിലും നടയിലും സകല ചേഷ്ടകളിലും ആ കന്യകയുടെ ആഭിജാത്യവും ലളിതമായ ഒരു പൗരുഷവും പ്രശാന്തമായ ഊർജ്ജസ്വലതയും സ്പഷ്ടമായി അനുരഞ്ജിച്ചിരുന്നു. വ്രീളാനിഹ്നുതമായുള്ള സൗന്ദര്യം വിശുദ്ധകന്യാത്വത്തിന്റെ പവിത്രതകൊണ്ട് ഭൂഷിതമാകുമ്പോളത്രെ സൃഷ്ടിവിദ്യ അതിന്റെ പരമമായ പരിഷ്കൃതിഫലത്തേയും അതിശയിക്കുന്നത്. ഇപ്രകാരമുള്ള സൗന്ദര്യപരമകാഷ്ഠയെ പ്രാപിച്ചിട്ടുള്ള മീനാക്ഷി ഉത്ഭവസമ്പർക്കങ്ങളുടെ മഹനീയതയാൽ സ്വർഗ്ഗംഗാതുല്യയായി നൈർമ്മല്യവിശുദ്ധികൾകൊണ്ട് സർവത്ര സംശുദ്ധിയേയും സമ്മോഹനത്തേയും വിതരണംചെയ്യുവാൻ അനുഗ്രഹശക്തിയുള്ള ഒരു പാവനശീലവതിയായിരുന്നു. ആ നാലുകെട്ടിലെ തട്ടുതുലാംതൂണുകളിലും ചേറ്റുപടികളിലും സുംഭനിസുംഭമഹിഷാസുരാദിമർദ്ദനരംഗങ്ങളും അനന്തനരസിംഹവാസുകിവ്യാളിവേതാളാദിവിഗ്രഹങ്ങളും ഭീഷണരൂപങ്ങളായി കൊത്തപ്പെട്ടിരുന്നതുകൾ മീനാക്ഷിക്കുട്ടിയുടെ കോമളിമാവിപര്യയംകൊണ്ട് ഭൂഷണങ്ങളായിത്തീർന്നിരിക്കുന്നു. പ്രാർത്ഥനാഗാനം അവസാനിക്കാറായപ്പോൾ ചന്ത്രക്കാറന്റെ സംബന്ധിയായ ഉമ്മിണിപ്പിള്ള നാലുകെട്ടിനകത്ത് സർവസുന്ദരീകാമുകനെന്നുള്ള നൃത്തവിലാസങ്ങളോടുകൂടി പ്രവേശിച്ചു. നർമ്മദാഷ്ടകത്തിലെ അവസാനശ്ലോകഗാനത്തിന്റെ മാധുര്യത്തെ അയാളുടെ കർണ്ണങ്ങൾ അമൃതംപോലെ പാനം ചെയ്തു. മീനാക്ഷിയുടെ കേശനിബിഡതാദൈർഘ്യങ്ങളേയും, വിലോചനാസേചനകമായ അവളുടെ അംഗപ്രഭാസൗഷ്ഠവങ്ങളേയും, ആദ്യമായി കാണുന്നതുപോലുള്ള കൗതുകത്തോടു കൂടി അയാൾ മിഴിച്ചു നോക്കിത്തുടങ്ങി. പ്രാർത്ഥനാവസാനംവരെ, തന്റെ ഹരിപഞ്ചാനനസന്നിധിയിലെ അഭ്യാസശക്തികൊണ്ട് വൃത്തികളെ ദമനംചെയ്തു നിന്നു. അനന്തരം "തരുണീ നിന്നുടയ സഞ്ചാരദൂനതര, ചരണനളിനപരിചരണപരൻ ഞാൻ" എന്നുള്ള ഗാനത്തിന്റെ സഹായംകൂടാതെ, അതിലന്തർഭവിച്ചുള്ള അനുരാഗത്തെ തന്റെ കരസന്ധിയിലെ ചൊറിയിന്മേൽ ചെയ്ത വീണാംഗുലീപ്രയോഗങ്ങൾകൊണ്ട് ധ്വനിപ്പിച്ചു. ഉമ്മിണിപ്പിള്ളയുടെ പ്രേമവാസ്തവത്തെ ധരിച്ച്, പ്രത്യനുരാഗത്തിനു പകരം ഭാഗിനേയത്വത്തെ പരമോത്സാഹമായി അനുവർത്തിച്ചുവന്നിരുന്ന മീനാക്ഷി, അയാളെ കണ്ടപ്പോൾ മാതാമഹിയോടുകൂടി ഭക്ഷണം കഴിപ്പാൻ ക്ഷണിച്ചു.

ഉമ്മിണിപ്പിള്ള: "അമ്മാളുക്കുട്ടി വിളമ്പിത്തരാൻ കാലം വരുമ്പോൾ മറ്റൊരെടത്ത് ഞാൻ പോയി ഉണ്ണുമോ? പഴം നീട്ടീട്ട് തൊലി തരുമ്പോലെ എന്നെ കബളിപ്പിക്കരുത്. തേനോലുന്ന ആ കൈകൾ എനിക്കെന്നും വിളമ്പിത്തരാൻ സംഗതി വരട്ടെ. എന്റെ നിത്യാന്നേശ്വരി ആക്കാനല്ലയോ ഞാൻ നോക്കുന്നത്?"

ഇങ്ങനെ വിടസംഭാഷണത്തിൽ പടുവായുള്ള ഉമ്മിണിപ്പിള്ള പ്രൗഢവയസ്കയായ കൊച്ചമ്മിണി എന്ന സ്ത്രീയോടു തോറ്റു എങ്കിലും, സ്വപുത്രിയാവാൻ മാത്രം പ്രായമുള്ള ഈ ബാലികയുടെ സംഗതിയിൽ അയാളുടെ വാഗ്മിത്വംകൊണ്ട് വിജയം നേടാമെന്ന് അയാൾ വിശ്വസിച്ചിരുന്നു. ഉമ്മിണിപ്പിള്ളയുടെ ശൃംഗാരഗോഷ്ടിമയമായ അഭിപ്രായത്തിന് മീനാക്ഷി ഇങ്ങനെ മറുപടി പറഞ്ഞു: "വിളമ്പുന്ന കാര്യത്തെക്കുറിച്ചൊന്നും വിചാരിക്കേണ്ട. ഇന്നുതന്നെ അമ്മാവന് ഞാൻ വിളമ്പിത്തരാം. പക്ഷേ, തേൻകൂടെന്നു വിചാരിക്കുന്നതു കടന്തൽകൂടുമാ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/42&oldid=158537" എന്ന താളിൽനിന്ന് ശേഖരിച്ചത്