താൾ:Dharmaraja.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഗ്രന്ഥകാരന്റെ മുഖവുര


‘മാർത്താണ്ഡവർമ്മ’ എന്ന ആഖ്യായിക എഴുതിയ അപരാധത്തിന്, എന്റെ അനന്തരപരമ്പരകളായ യുവാക്കന്മാർ ഒരു ശിക്ഷ എന്നപോലെ, ചില അപേക്ഷകൾകൊണ്ട് എന്നെ അത്യധികം അസഹ്യപ്പെടുത്തി. സർവ്വകലാശാലയിലെ മാതൃസ്ഥാനൈക്യംകൊണ്ട് സഹോദരാവകാശസ്ഥരായ ഈ ഉപദ്രവികളിൽ ചിലർ രണ്ടാമതായി ഒരു ആഖ്യായികകൂടി എഴുതിയേതീരൂ എന്ന് നിർബന്ധശാഠ്യം തുടങ്ങി. അവരുടെ നിത്യോത്സാഹം പ്രാരബ്ധവലയിതമായ എന്റെ വൃദ്ധതന്ദ്രിയെ ഇളക്കി. ആ യുവോത്സാഹത്തിന്റെ അക്ഷീണപ്രേരണയുടെ ഫലമായി ഈ ‘ധർമ്മരാജാ’ എന്ന ആഖ്യായികയും പുറപ്പെട്ടു. ഇതിൽ വല്ല ആസ്വാദ്യതയോ, അനാസ്വാദ്യതയോ ഉണ്ടെങ്കിൽ അതിലേക്കുള്ള സംഭാവനയെ മുൻപറഞ്ഞ ഉപദ്രവകർത്താക്കന്മാരിൽ നായകോപനായകന്മാരായുള്ള രാജശ്രീ എ. ഗോപാലമേനോൻ എം. എ. അവർകൾക്കും, സാഹിത്യകുശലൻ രാജശ്രീ സി. എസ്. സുബ്രഹ്മണ്യൻപോറ്റി ബി. എ. അവർകൾക്കും, മലയാളഭാഷയിൽ എം. എ. ബിരുദകാംക്ഷിയായ രാജശ്രീ എ. ശങ്കരപ്പിള്ള ബി. എ. അവർകൾക്കും ദത്തം ചെയ്തുകൊള്ളുന്നതിന് ഇതിനാൽ സമ്മതിദാനം ചെയ്തിരിക്കുന്നു.

തിരുവിതാംകൂർ രാജഭക്തന്മാരിലും രാജ്യക്ഷേമകാംക്ഷികളിലുംവച്ച് പ്രഥമഗണനീയനും പ്രജാകുലോത്തംസവുമായുള്ള ശ്രീമാൻ രാജാ കേശവദാസ് ദിവാൻജി അവർകളുടെ ജീവിതസംക്ഷേപമായ ഒരു പുരാവൃത്തനിർമ്മിതിക്കാണ് എന്റെ യുവസഹൃദയോപദ്രവികൾ എന്നെ ഉദ്യോഗിപ്പിച്ചത്. എന്നാൽ കഥയുടെ ആസ്വാദ്യതയും ആ മഹാനുഭാവന്റെ ജീവിതസംഭവങ്ങളുടെ പൂർണ്ണതയും ഏകീഭവിപ്പിച്ച് ഒരു ഒറ്റ ആഖ്യായികാ ഗ്രന്ഥത്തെ നിർമ്മിക്കുന്നത് അത്യധ്വാനമെന്നു തോന്നുകയാൽ, ആ മഹജ്ജീവിതകഥയെ മൂന്നായി ഭാഗിച്ച് പ്രഥമഭാഗത്തെ ഈ ‘ധർമ്മരാജാ ’ എന്ന ആഖ്യായികയിൽ കഴിയുന്നത്ര സംഘടിപ്പിച്ചിരിക്കുന്നു. രാജ കേശവദാസ് എന്ന മഹാനുഭാവന്റെ ജീവചരിത്രസംഭവങ്ങളുടെ ഗ്രഹണം, ആ മന്ത്രിമണ്ഡലദിവാകരന്റെ സ്വന്തവും അദ്ദേഹത്തിന്റെ പ്രധാനഭാര്യയുടെ വകയും ആയ തറവാടുകളോട് എനിക്ക് ജനനകാലം മുതൽക്കുള്ള ഗാഢപരിചയത്തിനിടയിൽ സമ്പാദിതമായിട്ടുള്ളതാണ്. അഭിജ്ഞന്മാരും പക്വവയസ്കന്മാരും ആയുള്ള ആ തറവാടുകളിലെ അംഗങ്ങളിൽനിന്ന് ഐതിഹ്യരൂപത്തിലും മറ്റും കിട്ടീട്ടുള്ള വൃത്താന്തങ്ങളെയാണ് ഈ കഥാരചനയിലേക്ക് പ്രയുക്തമാക്കീട്ടുള്ളത്. കഥാപുരുഷനായ രാജാ കേശവദാസ് മന്ത്രി മഹാനുഭാവന്റെ ശേഷക്കാരനും അഭ്യസ്തയോഗ്യനും ധർമ്മപരന്മാരിൽ വരിഷ്ഠനുമായ മ. രാ. രാ. കെ. പത്മനാഭൻതമ്പി ബി. എ., ബി. എൽ (തഹശീൽദാർ) അവർകളും അദ്ദേഹത്തിന്റെ അനുജൻ എഡിൻബറൊ സർവ്വകലാശാലയിലെ വെദ്യശാസ്ത്രകലാംഗത്തിൽ പ്രശസ്തവിജയിയായ ഡാക്ടർ രാജശ്രീ കെ. രാമൻതമ്പി അവർകളും ഈ ചരിത്രവിഷയത്തിൽ എനിക്കുള്ള എന്റെ സാക്ഷ്യത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമസാക്ഷികളാകുന്നു.

ഈ കഥാഗാത്രം എന്റെ സൃഷ്ടി എങ്കിലും, ജനകൗതുകാകർഷണത്തിനുള്ള അതിന്റെ വസ്ത്രാഭരണാദ്യലങ്കാരസംഘടനകളെ തിരുവനന്തപുരം രാജകീയകോളേജിലെ മലയാളപണ്ഡിതരായിരുന്ന രാജശ്രീ കെ. ആർ. കൃഷ്ണപിള്ള ബി. എ. അവർകളും ഈപ്പോഴത്തെ പണ്ഡിതരായ രാജശ്രീ എ. കൃഷ്ണപിഷാരടി അവർകളും സുഹൃത്സഹായരൂപമായി പരിശോധിച്ച് സ്വരൂപണംചെയ്തിട്ടുള്ളവയാണ്. അതുകളിലെ അഭിരാമത ആ ഭാഷാദൃഢജ്ഞന്മാർക്ക് ഇദംപ്രഥമമായി ഒരു അഭിമാന്യതയേയോ ഖ്യാതിയേയോ നൽകേണ്ടതില്ല. അരമ്യാംശങ്ങൾക്കു ശിക്ഷാർഹൻ ഗ്രന്ഥകർത്താവുതന്നെ. ആ രണ്ടു പണ്ഡിതന്മാരുടെയും വിലയേറിയ സഹകരണത്തിനുള്ള എന്റെ അഭിനന്ദനത്തെ യഥാകൃത്യം ഞാൻ പ്രസ്താവിച്ചുകൊള്ളുന്നു.

കഴിഞ്ഞ കൊല്ലത്തിൽ ശരീരാസ്വാസ്ഥ്യചികിത്സക്കായി ഗവണ്മെമെന്റിൽനിന്നും സകരുണം അനുവദിച്ച ആറരമാസത്തെ സാവകാശലബ്ധിയിൽ ഈ ഗ്രന്ഥരചന നിവർത്തിപ്പാൻ സംഗതിയായതിനാൽ, ആ മഹാകരുണാദാനത്തിന് എന്റെ ഹൃദയംഗമമായുള്ള കൃതജ്ഞതയെ ഈ സന്ദർഭത്തിൽ സവിനയം പ്രകടിപ്പിച്ചുകൊള്ളുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/4&oldid=158534" എന്ന താളിൽനിന്ന് ശേഖരിച്ചത്