താൾ:Dharmaraja.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കൊണ്ടെന്നപോലെ വിറകൊണ്ടു. അദ്ദേഹത്തിന്റെ മസ്തിഷ്കം അമ്ലമയമായി. കാലസന്ദർഭങ്ങളെ വിവേചനം ചെയ്‌വാനുള്ള അദ്ദേഹത്തിന്റെ ശക്തിയും നശിച്ചു. ആ പ്രഭുവിന്റെ വ്യാമോഹപാരവശ്യം കണ്ട് യോഗീശ്വരൻ പ്രത്യേക ശിഷ്യന്മാരെ ആദരിക്കുന്ന ക്രമത്തിൽ രണ്ടു കൈകളാലും ശിരസ്സുമുതൽ കരനഖപര്യന്തം സാവധാനമായും ശ്വാസബന്ധത്തോടും മൂന്നുരു തലോടി അനുഗ്രഹിച്ചു. ചന്ത്രക്കാറൻ അദ്ദേഹത്തിനുണ്ടായ ആഭിചാരതുല്യമായ സ്വപ്നത്തിൽനിന്നും ഉണർന്നു. ചന്ത്രക്കാറന്റെ നാടകത്തിലെ ‘നിധിലാഭം’ എന്ന രംഗത്തിന് അദ്ദേഹത്തിന്റെ കൃതിയിൽ രണ്ടാമതും സ്ഥലം കിട്ടുവാനുള്ള ഗോപുരകവാടം ഇങ്ങനെ തുറക്കപ്പെട്ടു. സ്വാധികാരായത്തമായ രാഷ്ട്രം, ധനജനപര്യന്തം നശിച്ചാലും തന്റെ പൗരുഷപ്രതാപസാമർത്ഥ്യങ്ങളെ ജ്ഞാനനേത്രവാനായ യോഗീശ്വരനെ ധരിപ്പിച്ചേക്കുന്നുണ്ടെന്ന് ഒരു മഹാനേർച്ച ആ മുഹൂർത്തത്തിൽ ചന്ത്രക്കാറനായ ധനാരാധകൻ ചെയ്തു.

ചന്ത്രക്കാറയോഗീശ്വരന്മാരുടെ സന്ദർശനത്തെ തുടർന്ന് രാജ്യാധികാരികൾക്കു ക്ലേശകരമായ ചില സംഭവങ്ങൾ നടന്നു. തന്നാൽ ഭരിക്കപ്പെടുന്ന രാജ്യത്തിൽ കൃത്രിമകലഹാദ്യങ്ങൾ കൂടാതെ പ്രജകൾ വർത്തിക്കേണ്ടതിലേക്ക് രാമവർമ്മമഹാരാജാവ് തന്റെ മന്ത്രതന്ത്രനൈപുണ്യങ്ങളെ പ്രയോഗിച്ചുവന്നിരുന്നു. ഇതിനു വിഘാതമായി കഴക്കൂട്ടത്തുപിള്ളമാരുടെ വകയായ ഒരു മോതിരം തിരുവനന്തപുരത്ത് പൊൻവാണിഭകുബേരൻ അണ്ണാവയ്യനു വിൽക്കപ്പെട്ടു എന്നൊരു ശ്രുതി ഊട്ടുപുരവർത്തമാനപ്രവർത്തനശാലയിൽനിന്നു പ്രസിദ്ധീകരണം ചെയ്യപ്പെട്ടു. ഈ സംഗതി മന്ത്രിമാർ ധരിച്ച ഉടനെ തന്നെ ദ്രാഹശ്രമശങ്കയോടുകൂടി അണ്ണാവയ്യനെ പിടികൂടാനും അന്വേഷണങ്ങൾ നടത്താനും അവർ ഒരുമ്പെട്ടു. ആ ബ്രാഹ്മണന്റെ മഠത്തിൽനിന്നും മോതിരം കിട്ടി എങ്കിലും അയാളെ കണ്ടുകിട്ടായ്കയാൽ വിചാരണകൾക്കു തടസ്ഥമുണ്ടായി. മഹാരാജാവും മന്ത്രിമാരും സംഭ്രമത്തോടുകൂടി ആലോചനകൾ തുടങ്ങിയപ്പോൾ, അവിടത്തെ പ്രത്യേകതിരുവുള്ളത്തിനു പാത്രമായ നീട്ടെഴുത്തു കേശവപിള്ള ആ അംഗുലീയവിക്രയത്തെക്കുറിച്ച് പര്യാലോചിച്ചതിൽ കൃത്രിമമൊന്നും കാണുന്നില്ലെന്നും ഇങ്ങനെയുള്ള സംഭവത്തെ അധികാരികൾ ഗൗരവമായി ഗണിച്ചു എന്നു പുറത്തുവരുന്നത് അനേകധാതന്ത്രവിരുദ്ധമാണെന്നും തിരുമനസ്സറിയിച്ചു. മഹാരാജാവ് ഈ അഭിപ്രായത്തെ അഭിനന്ദിച്ച്, മോതിരത്തെ കൊട്ടാരത്തിൽ സൂക്ഷിക്കുന്നതിനും തന്റെ ഭൃത്യപ്രധാനന്മാർ അന്വേഷണങ്ങളെ തുടരുന്നതു ഗൂഢമായി വേണ്ടതെന്നും വ്യവസ്ഥചെയ്തു.

“ലോകവിശുദ്ധി വരുത്തുവാനായ്ക്കൊണ്ടു
ലോകപാലന്മാർ നടക്കുമെല്ലാടവും”

എന്നു ത്രേതായുഗത്തിൽ ശ്രീരാമൻ കൽപിച്ചതുപോലെ, കലികാലധർമ്മസംരക്ഷണാർത്ഥം സഞ്ചരിച്ചിരുന്ന ഒരു അവതാരപുരുഷൻ, അക്കാലത്ത് അനന്തശായിസേവാരതനായി തിരുവനന്തപുരത്ത് ആശ്രമസ്ഥാപനംചെയ്തു പാർത്തിരുന്നു. ഹിമാദ്രിസേതുക്കളായ ഉത്തരദക്ഷിണായനചക്രങ്ങളുടെ മദ്ധ്യത്തിൽ ചരിച്ചിരുന്ന ഈ പ്രഭാകേതു, അന്നത്തെ യുവരാജകുമാരന് ഇന്ദ്രമഹേന്ദ്രാദിജാലങ്ങളിൽ ഉപദേശദാതാവായി. ഈദ്ദഹത്തിന്റെ ജന്മഭൂമി, പരമാർത്ഥനാമം, ജാതി, വയസ്സ് എന്നിതുകളെക്കുറിച്ചു തിരുവതാംകോട്ട് ആർക്കും തന്നെ ഒരു രൂപവുമില്ലായിരുന്നു. എങ്കിലും സപ്തചിരംജീവികളിൽ കല്യാബ്ദാരംഭത്തോട് ഏറ്റവും അടുത്തകാലത്തു ജീവിച്ചിരുന്ന അശ്വത്ഥാമാവ് ശ്രീപത്മനാഭസേവാർത്ഥം അനന്തപുരതീർത്ഥങ്ങളുടെ പ്രാന്തദേശവാസം അനുഷ്ഠിക്കുന്നതാണെന്ന് ഒരു ഐതിഹ്യത്തെ ബഹുജനമനോധർമ്മം സൃഷ്ടിച്ചു. ‘ഹരിപഞ്ചാനനസ്വാമികൾ’ എന്നു ജനവചനംകൊണ്ടു നാമകരണം ചെയ്യപ്പെട്ട ആ സിദ്ധൻ സൗഭദ്രനായ കുമാരനെ നിഗ്രഹിച്ച അശ്വത്ഥാമാവാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു എങ്കിലും, അദ്ദേഹത്തിന്റെ മുഖത്തു സർവദാ സ്ഫുരിച്ചുകൊണ്ടിരുന്ന രസം ‘ആത്മവൽ സർവഭൂതാനി’ത്വംതന്നെ ആയിരുന്നു. ഹരിപഞ്ചാനനൻ സ്വന്തപൂജസാധനങ്ങളോടും ഭണ്ഡാരത്തോടും ഏതാനും ഭൃത്യരോടും ഒന്നിച്ച് കോട്ടയ്ക്കകത്ത് ചന്ത്രക്കാറനോടുണ്ടായ കൂടിക്കാഴ്ച നടന്ന സ്ഥലത്തും, അനവധി ഭടന്മാർ, ഗജതുരഗാദിമൃഗങ്ങളും, ഒരു മഠാധിപതിക്ക് ഉചിതമായുള്ള മറ്റു സാമഗ്രികളോടുംകൂടി കോട്ടയ്ക്കു പുറത്ത് ആര്യശാല എന്ന

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/25&oldid=158518" എന്ന താളിൽനിന്ന് ശേഖരിച്ചത്