Jump to content

താൾ:Changanasseri 1932.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവങ്ങളെക്കുറിച്ചുള്ള സ്മരണകളും, ഭാവിജീവിതക്കുറിച്ചുള്ള ഉൽക്കണ്ഠാകുലമായ ചിന്തകളും, ഒരു ചലനചിത്രത്തിലെന്നപോലെ പാച്ചുവിന്റെ ഹൃദയത്തിൽക്കൂടി ഒന്നൊന്നായി കടന്നുപോയി. ഒരു ഗിരിശ്രേഷ്ഠനുള്ള ഗാംഭീര്യ്യവും, സമുദ്രവിസ്തൃതിയുള്ള ഒരു ഹൃദയവുമാണു തന്റെ ഗുണകാംക്ഷിയിൽ ആ ബാലൻ ദർശിച്ചതു്. ആ മുഖത്തു പ്രസ്പഷ്ടമായി നീണ്ടു കനത്തു നിന്നിരുന്ന മേൽമീശയും, തുടുത്ത വട്ടമുഖവും, ആരുടേയും ബഹുമാനാദരങ്ങളെ ഹഠാദാകർഷിക്കുന്ന ഗംഭീരമായ നോട്ടവും പാച്ചുവിന്റെ ഹൃദയത്തെ അന്നത്തെ ആദ്യസന്ദർശനത്തിൽത്തന്നെ വശീകരിക്കയുണ്ടായി. സീ. കെ. പി., പാച്ചുവിന്റെ കുടുംബചരിത്രങ്ങൾ ഒന്നൊന്നായി ചോദിച്ചു ഗ്രഹിച്ചു. ആ മുഖത്തു് അനിയന്ത്രിതമായ മനോവേദനയുടേയും, ആത്മാർത്ഥമായ അനുകമ്പയുടേയും ഭാവസ്ഫുരണങ്ങൾ നിരന്തരമായി ഉദിച്ചു മറഞ്ഞുകൊണ്ടിരിക്കുന്നതു് പാച്ചുവിനു കാണാമായിരുന്നു. കൂടിക്കാഴ്ചയുടെ അവസാനത്തിൽ സീ. കെ. പി., അന്നു തിരുവനന്തപുരം ഹൈസ്കൂൾഹെഡ് മാസ്റ്റരായിരുന്ന അയ്യൻപിള്ളയ്ക്കു, പാച്ചുവിനു് ഒരു ഫ്രീ സ്ക്കാളർഷിപ്പ് നൾകണമെന്നു ശുപാർശ ചെയ്തുകൊണ്ടു് ഒരു കുത്തു കൊടുത്തു. പ്രസ്തുത കത്തുമായി പാച്ചു അയ്യൻപിള്ളയുടെ ഗൃഹത്തിലേക്കു നടന്നു. അയ്യൻപിള്ള പാച്ചുവിനെ സൌഹാർദ്ദപുരസ്സരം സ്വീകരിക്കയുണ്ടായി എങ്കിലും സ്ക്കാളർഷിപ്പ് കാര്യ്യത്തിൽ യാതൊരു സഹായവും ചെയ്യുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ നിരാശ പാച്ചുവിന്റെ ജീവിതത്തിൽ ആദ്യത്തേതോ അവസാനത്തേതോ ആയിരുന്നില്ല. ഇക്കാലത്തുതന്നെ സി. കെ. പി., കൊല്ലം ഹൈസ്കൂൾ ഹെഡ്മാസ്റ്റരായി നിയമിക്കപ്പെട്ടു. കൊല്ലത്തു ചെന്നു ഹൈസ്കൂളിൽ ചേരുവാൻ പാച്ചുവിനു് അദ്ദേഹത്തിൽ നിന്നു് ഒരു നിർദ്ദേശം കിട്ടി. ശുപാർശകൊണ്ടു സാധിക്കാതിരുന്ന സ്ക്കാളർഷിപ്പ് സി. കെ. പി., തന്നെ പാച്ചുവിനു കൊല്ലത്തനുവദിച്ചു കൊടുത്തു. കോയിപ്പുറത്തു കൃഷ്ണപിള്ളയുടെ കൊല്ലത്തുള്ള ഭവനത്തിലാണു പാച്ചു അവിടേയും

ഭക്ഷണം കഴിച്ചു താമസിച്ചിരുന്നതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/28&oldid=216712" എന്ന താളിൽനിന്ന് ശേഖരിച്ചത്