താൾ:Bhashastapadi.Djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാത്രിയിലൊരുത്തിയുമായി രമിച്ചനു-
രാഗജാഗരകഷായിതമായിരിക്കും
നേത്രവും വഹിച്ചു സൗഭാഗ്യം കാട്ടുവാനെന്റെ
നേരെ വന്നു നില്പാനിന്നൊരു ചൊല്ലി കൃഷ്ണാ
പോക കേശവ വല്ലേടത്തും നീ
കോകകാമിനിയല്ല ഞാൻ ഭവാൻ
രാ കഴിയുമ്പോൾ പോന്നുവന്നീടുവാൻ ചക്ര-
വാകവുമല്ലെന്നു വഴിയേ ധരിച്ചാലും (പോക...)

ഉറക്കവുമിളച്ചന്യനയന കജ്ജളംകൊണ്ടു
കറുക്കപ്പെട്ടിരിക്കുന്നൊരധരത്തെത്തന്റെ
നിറത്തിനനുരൂപമാക്കിക്കൊണ്ടിഹ വന്നു
നിരർത്ഥമാംവണ്ണം നിൽപ്പാനൊരുചൊല്ലീ (പോക...)

നവങ്ങളാം നഖവ്രണങ്ങളെക്കൊണ്ടങ്കിതമായ
തവ വസുസ്സവളുടെ രതിപാരവശ്യം
വിവരണം ചെയ്യുന്നു ശിവശിവ ജീവനുള്ള ഈ
ശവത്തിനിന്നിതൊക്കെയും കാണാമാറായല്ലോ (പോക...)

ഹന്ത തവാധരത്തിങ്കലകപ്പെട്ട
ദന്തവ്രണംകണ്ടിനിക്കെത്രയും
സന്താപമേറുന്നു മുറിവെൻമുഖമായ
ചെന്തളിരിന്മേലില്ലായ്ക മുഖം (പോക...)

കറുപ്പേറും ശരീരത്തേപ്പോലെ നിന്റെ മനസ്സും
കറുത്തിരിക്കുന്നുവെന്നവസ്ഥയാ തോന്നി
വരുത്തിയ മാനിനിമാരെയെല്ലാം
പുറത്താക്കിച്ചമച്ചേച്ചുപോമോ മറ്റാരാൻ (പോക...)

വഞ്ചിച്ചു മാനേലുംമിഴിമാരെ വധിപ്പാൻ
സഞ്ചരിക്കുന്നു ഭവാൻ വനംതോറും
കിഞ്ചന മുലതന്ന പൂതനയെത്തന്നെ
പഞ്ചതയെ നയിച്ചില്ലേ നീ ബാല്യേ (പോക...)

നമ്പിയ നാരിയുടെ കയ്യിലിഴുകിയ
ചെമ്പഞ്ചിച്ചാറുനീർ മാറത്തിപ്പോഴും
അമ്പോടകത്തുള്ള മാരമരത്തിന്റെ
കൊമ്പുതളിർത്തോണം കാണപ്പെടുന്നു (പോക...)

കേൾക്ക വിദ്വാന്മാരേ ജയദേവൻ വർണ്ണിച്ച
കേശവവഞ്ചിത ഖണ്ഡിതസ്ത്രീയുടെ
നാക്കുമ്മേന്നുദിച്ച വിലാപം നിങ്ങൾക്കൊരു-
നാളും ഭവതാപം ഭവിക്കയില്ലാർക്കും (പോക...)

ശ്ലോകം

തവേദം പശ്യന്ത്യാഃ പ്രസരദനുരാഗം ബഹിരിവ
പ്രയാപാദാലക്തഛുരിതമരുണദ്യോതി ഹൃദയം |
മമാദ്യ പ്രഖ്യാതപ്രണയഭരഭംഗേന കിതവ
ത്വദാലോകശ്ശോകാദപി കിമപി ലജ്ജാംജനയതി ||

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/32&oldid=157243" എന്ന താളിൽനിന്ന് ശേഖരിച്ചത്