ആത്മമിത്രം സോമൻ കൂടുതൽ ജാഗ്രതയോടെ രാഷ്ട്രീയരംഗത്തു് പ്രത്യക്ഷനായി. അയാൾ ഗവണ്മെൻറിനെ നിശിതമായി നിരൂപണം ചെയ്തു. ദീർഘദർശിത്വത്തിനും സ്വതന്ത്രചിന്തക്കും പുരോഗതിക്കുംവേണ്ടിയുള്ള ആഹ്വാനങ്ങളായിരുന്നു അവ. ഹരിജനോദ്ധാരണം ഗ്രാമോദ്ധാരണം മുതലായ സൃഷ്ടിപരിപാടികളിൽ കൂടുതൽ ശ്രദ്ധചെലുത്തി നിശാപാഠശാലകളും മറ്റും തുടങ്ങി വിദ്യാഭ്യാസവും രാഷ്ട്രീയമനസ്ഥിതിയും ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിച്ചു. ചുറുചുറുപ്പും ചുണയുമുള്ള ചെറുപ്പക്കാർ സോമനു് സഹപ്രവർത്തകരായി. അങ്ങിനെ ആനാടു് ഒന്നുണർന്നുതുടങ്ങി. രണ്ടുകൊല്ലം കഴിഞ്ഞു. രവി ബി. എൽ. പാസ്സായി. അയാൾ നല്ല ഉദ്യോഗസ്ഥനാകും. നല്ല ശമ്പളം കിട്ടും. അവനും ഭാവിയുണ്ടു് വൃദ്ധന്മാർ അയാളെപ്പറ്റി വിധിയെഴുതി. അങ്ങനെ സോമനും രവിയും രണ്ടുകൂട്ടരുടെ ആരാധനാപാത്രങ്ങളായി പണമുള്ള പഴഞ്ചന്മാർ രവിയെ പുകഴ്ത്തി അവനെ പ്രോത്സാഹിപ്പിച്ചു. പുരോഗതിയിലേക്ക്, സുന്ദരജീവിതത്തിലേക്കു് സ്വാതന്ത്ര്യത്തിലേക്കു് കുതിക്കുവാൻ വെമ്പുന്ന പരസഹസ്രം സാധാരണക്കാരുടെ പരദൈവമാണു സോമൻ. അവരുടെ വികാരങ്ങളുടെ പ്രകടനങ്ങളാണു് സോമന്റെ പ്രസംഗങ്ങൾ. അവരുടെ മാർഗ്ഗദർശിയാണ് അയാൾ. രവി ഉദ്യോഗസ്ഥനായി ഒന്നുരണ്ടു വർഷംകൊണ്ടു് അയാൾ ആ ദേശത്തിലെ ഏറ്റവും ഉയർന്ന പോലീസ് അധികാരിയായി. സോമാ! ഒരുദിവസം രവി പറയുകയാണ്. ഈ പ്രദേശങ്ങളുടെ ചുമതല എന്നിലാണു്. അതേ! സോമൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/15
ദൃശ്യരൂപം