പ്പെട്ടിട്ടുണ്ടു്. "ഗുണമറിയാൻ പ്രാപ്തിയുള്ള നാലുപേരിൽ 'ബാൽക്കോ'സോപ്പുതന്നെ ഉപയോഗിച്ചുവരുന്നു."
ഇതു വായിക്കുന്നാൾക്ക് ഈ പരസ്യത്തിന്റെ മൎയ്യാദയും ഒതുക്കവും മിതസ്വരവും ഉടനടി ബോദ്ധ്യമാവാതിരിക്കയില്ല. അയാൾ വിചാരിക്കും: "ഈ പരസ്യക്കാരൻ, അപം വകതിരിവുള്ള കക്ഷിയാണ്. വേറെയും സോപ്പുകൾ ഈ ഭൂമുഖത്തുണ്ടെന്നു സമ്മതിക്കാൻ അയാൾ തയ്യാറാണ്. ആയതിനാൽ അയാൾ ഒരു യോഗ്യനാണു. ഇങ്ങനെ ഒരു യോഗ്യൻ ഉണ്ടാക്കിയ സോപ്പു മോശമാവാൻ ഇടയില്ല." ഇതിന്റെ ഫലമായി നമ്മുടെ ആസാമി അടുത്ത തവണ സോപ്പു വാങ്ങുമ്പോൾ ഒരു 'ബാൽക്കോ' തന്നെ വാങ്ങി എന്നുവരും. അപ്പോൾ അയാൾ വിചാരിക്കുന്നതിങ്ങിനെയായിരിക്കും. ഗുണമറിയാൻ പ്രാപ്തിയുള്ള ചുരുക്കം പേരിൽ ഒരാളാണ് ഞാൻ. എപ്പോഴും അങ്ങനെതന്നെ ആയിരുന്നുതാനും. എന്നാൽ ഇതുവരെ നാലാളിൽ ഒരുത്തനായി കഴിഞ്ഞു. ഇപ്പോൾ മുതൽ മറ്റു മൂന്നു പേരിൽ ഒരാളായിത്തീർന്നിരിക്കുന്നു. നേരെ മറിച്ചു ടി. പരസ്യത്തിൽ ഗുണമറിയാൻ പ്രാപ്തിയുള്ളവർ എല്ലാം എന്നോ മറ്റോ ആണ് പറഞ്ഞിരുന്നതെങ്കിൽ അതു വായിക്കുമ്പോൾത്തന്നെ വെറുപ്പും 'ബാൾക്കോ'സോപ്പുപയോഗിക്കുന്നവനല്ലായ്കകൊണ്ടു് ഒരു അധമമനസ്ഥിതിയും അയാൾക്കുണ്ടാകുമായിരുന്നു. ഒരാൾക്ക് ഒരു സാധനം വില്ക്കാനുദ്ദേശിക്കുമ്പോൾ അയാളെ വെറുപ്പിച്ചാലത്തെ ഫലം അനുകൂലമായിരിക്കാൻ വകയില്ലല്ലോ.