ന്റെ ടെയർ ആഫ് കലണ്ടറിൽ "ഫെബ്ര്‌വരി 13_സൎവാൻ ജയതി സൌഹൃദം" എന്നു കാണുമ്പോൾ അവർ
ചുറ്റും കാണുന്ന മഹാനാശത്തിന്റെ ലക്ഷ്യങ്ങളെ നോക്കിക്കൊണ്ടു പുരാതനകാലത്തെ തത്ത്വജ്ഞാനത്തിന്റെ
മാഹാത്മ്യത്തെപ്പറ്റി വാഴ്ത്തും.
പെട്ടെന്ന് എന്തോ കണ്ടു അവർ സ്വൎണ്ണം സ്വൎണ്ണം എന്നു് ആൎത്തുവിളിക്കും. അതു ഗിൽട്ടു ക്ലിപ്പോടുകൂടിയ എന്റെ പഴയ ഫൌണ്ടൻപേന ആയിരിക്കും. ഈ പേന യോഗ്യനെന്നു തോന്നിക്കുന്ന ഒരു വഴിപോക്കൻ, കളഞ്ഞുകിട്ടിയതെന്നും പറഞ്ഞ് എനിക്കു നാലണയ്ക്കു വിറ്റതായിരുന്നു. അവർ, ആ പേനയുടെ മുക്കുസ്വൎണ്ണത്തിൽ ചില രാസപ്രയോഗങ്ങൾ നടത്തുമ്പോൾ വിസ്മൃതമായ പണ്ടത്തെ ഒരു കലാകൗശലത്തെപ്പറ്റി അവൎക്കു ചില അറിവുകൾ ലഭിച്ചേയ്ക്കാം.
അവസാനമായി, അവർ എന്റെ ലേഖനക്കെട്ടുകൾ കണ്ടുപിടിക്കയും വളരെ മിനക്കെട്ട് ആ 'ചുട്ടെഴുത്തു'കളെ പഠിച്ചുനോക്കി അവ ഉൾക്കൊണ്ടിരിക്കുന്ന മഹനീയങ്ങളും അത്യദ്ഭുതങ്ങളും ആയ ആശയങ്ങളെ അല്പാല്പം മനസ്സിലാക്കുകയും ചെയ്തു എന്നും വരാം. അങ്ങനെയാണെങ്കിൽ അനേകശതവൎഷങ്ങൾ കഴിഞ്ഞിട്ടെങ്കിലും ആ അമൂല്യ സാഹിത്യങ്ങളിൽ രണ്ടു മൂന്നെണ്ണം പ്രസിദ്ധീകൃതങ്ങളാവാൻ സംഗതിയാവുമല്ലോ എന്നു സങ്കല്പിക്കുമ്പോൾ എന്റെ പരിശ്രമം വിഫലമല്ല എന്നു തോന്നിപ്പോകുന്നു.