Jump to content

താൾ:സൗന്ദര്യനിരീക്ഷണം.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും


മനുഷ്യൻ പ്രകൃതിയിൽനിന്നു വിഭിന്നനാണെന്നുള്ള സങ്കല്പമാണ് പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും തമ്മിലുള്ള വിവേചനത്തിനു നിദാനം. മനുഷ്യനും പ്രകൃതിയുടെ അംശമാണെന്നു വാദിച്ചാൽ ഈ വിവേചനത്തിന് അടിസ്ഥാനമില്ലാതാകയും മനുഷ്യനിർമ്മിതമായ കലാസൗന്ദര്യം പ്രകൃതിസൗന്ദര്യത്തിന്റെ ഒരംശം മാത്രമാണെന്നു സമ്മതിക്കേണ്ടിവരികയും ചെയ്യും. ഒട്ടുമാവു വളർത്തുന്നതിൽ ഒട്ടിക്കൽ എന്ന കർമ്മം മനുഷ്യൻ ചെയ്യുന്നതാണെങ്കിലും അതു പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നത് ആരുടെ ശക്തികൊണ്ടാണ്? മനുഷ്യൻ പ്രകൃതിയുടെ അംശമാണെങ്കിൽ എല്ലാ ശക്തിയും എല്ലാ സൗന്ദര്യവും പ്രകൃതിയുടേതുതന്നെ. എന്നാലും സാമാന്യവ്യവഹാരത്തിൽ പ്രകൃതിയേയും മനുഷ്യനേയും നാം വേർതിരിക്കാറുണ്ട്. ഇതിനെ ആസ്പദമാക്കിയാണ് പ്രകൃതിസൗന്ദര്യത്തേയും കലാസൗന്ദര്യത്തേയും ഇവിടെ വ്യവച്ഛേദിക്കുന്നത്.

പ്രകൃതി എപ്പോഴും മാറിമാറിക്കൊണ്ടിരിക്കുന്നു. അതിന്റെ ഓരോ ഭാവവും ക്ഷണികമാണ്. ഈ ഭാവങ്ങളിൽ ചിലതു നമ്മിൽ സൗന്ദര്യപ്രതീതി ഉളവാക്കുവാൻ പര്യപ്തമായിരിക്കാം. എന്നിരുന്നാലും അതിനു സ്ഥിരതയില്ല. നേരെമറിച്ച്, കലയിൽ രമണീയഭാവത്തിനു സ്ഥിരപ്രതിഷ്ഠ ലഭിക്കുന്നു. ആ ഭാവത്തിനു മാറ്റം സംഭവിക്കുന്നില്ല. ആസ്വാദകന്മാർ വന്നും പോയും കൊണ്ടിരിക്കുന്നു. എന്നാൽ കല നിശ്ചലമായിത്തന്നെ നിലകൊള്ളുന്നു. (ഈ അർത്ഥത്തിലാണ് കല ശാശ്വതമാണെന്നു പറയുന്നത്.) പ്രകൃതിഭാവങ്ങളുടെ ക്ഷണികതയെ അപേക്ഷിച്ച് കലയുടെ ഭാവം ചിരസ്ഥായിയാണ്.

പ്രകൃതിയിൽ കേവലസൗന്ദര്യം അസുലഭമാണ്. പലപ്പോഴും, ഖനിയിൽനിന്നു കുഴിച്ചെടുക്കുന്ന ലോഹംപോലെ, പ്രകൃതിസൗന്ദര്യം അസംഗതമായ മറ്റു പലതിനോടും കലർന്നു സങ്കീർണ്ണമായിട്ടാണ് ആവിർഭവിക്കുക. ഇന്നാട്ടിലെ ഒരു നദിയുടെ സൗന്ദര്യം നാം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ ആ നദിയുടെ തീരത്തിരുന്നു ജലം മലിനമാക്കുന്ന പാപികളുടെ കാഴ്ച നമ്മുടെ ആസ്വാദനത്തിനു വിലങ്ങുതടിയായി നില്ക്കുന്നു. കലർപ്പില്ലാത്ത സൗന്ദര്യം കലയിലാണ് പ്രായേണ കണ്ടുവരുന്നത്. അപ്രകൃതവും അസം-

24