താൾ:സുധാംഗദ.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശോഭ വർദ്ധിപ്പിക്കാനല്ലാതെ, ഉള്ളതു മായ്ച്ചുകളയുവാനായിട്ടില്ല. ഉദാഹരണമായി 'ഈനോണി'ൽ.

Her cheek had lost the rose, and round her neck
Floated her hair or seemed to float in rest
എന്നീ വരികളാണ്, 'സുധാംഗദ'യിൽ,
നഷ്ടമായ്‌, കഷ്ട,മിന്നാരോമലിൻ കവിൾ-
ത്തട്ടുകൾക്കാ രണ്ടു ചെമ്പനീർപ്പൂവുകൾ.
കോതാ,തോതുക്കാതെ പുഷ്പങ്ങൾ ചൂടാതെ
കോമളാപാംഗിതൻ കൂന്തൽച്ചുരുളുകൾ;
പാറിക്കിടന്നു, പുറകിലും തോളിലും,
മാറിലുമോമൽക്കഴുത്തിനു ചുറ്റിലും;
പൊൻതൂണിലേറിപ്പടർന്നുതൂങ്ങും, നീല-
മുന്തിരിച്ചില്ലപ്പടർപ്പുകൾമാതിരി!

എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചിട്ടുള്ളത്. ഇവിടെ എന്റെ അമിതപ്രസ്താവം കാവ്യസൗന്ദര്യത്തിന്റെ മാറ്റുകൂട്ടുകയോ കുറയ്ക്കുകയോ ചെയ്തിട്ടുള്ളതെന്ന് അഭിജ്ഞന്മാർ നിശ്ചയിക്കട്ടെ! ഇങ്ങനെയുള്ള അനേകമനേകം ഭാഗങ്ങൾ സുധാംഗദയിൽ ആദ്യന്തം ചിതറിക്കിടക്കുന്നുണ്ട്. അവയെല്ലാം എടുത്തു കാണിക്കുവാൻ ഇവിടെ സൗകര്യപ്പെടുന്നതല്ലല്ലോ. മൂലഗ്രന്ഥവുമായി പരിശോധിച്ചുനോക്കുന്ന ഒരു സഹൃദയന് നിഷ്‌പ്രയാസം അതു കണ്ടുപിടിക്കുവാൻ കഴിയും.

ഇക്കാണിച്ച ഉദാഹരണങ്ങളിൽനിന്നും ഇംഗ്ലീഷിലുള്ള കവിതകൾ മലയാളത്തിലേക്കു ഞാൻ വിവർത്തനം ചെയ്യുന്ന രീതി സാമാന്യമായിട്ടെങ്കിലും ഒരാൾക്കു മനസ്സിലാക്കാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു. ഈ രീതിയിൽ ഷെല്ലി, കീറ്റ്സ്, ബേൺസ്, ബ്രൌണിങ്, കോളറിഡ്ജ്, ബൈറൺ, സ്വിൻബേൺ തുടങ്ങിയ ആംഗലേയകവികളുടെ നിരവധി കൃതികളും, ഹാഫിസ്‌, ജാമി, റൂമി, സാഡി, ഫർദൂസി, സെബുൺ നിസ മുതലായ പാരസികകവികളുടെ പദ്യങ്ങളും, ടാഗോർ, സരോജിനി നായിഡു, ഹരീന്ദ്രനാഥൻ തുടങ്ങിയ ഭാരതീയ കവികളുടെ കൃതികളും, കൂടാതെ ഫ്രഞ്ച്, റഷ്യൻ, ജർമ്മൻ, സ്വീഡിഷ്‌, ചെക്, പോളിഷ്, അമേരിക്ക, ഇറ്റാലിയൻ, ഗ്രീക്ക്‌, ഡാനിഷ്, ചൈനീസ്, ജാപ്പനീസ്, ഫ്ളെമിഷ് എന്നിങ്ങനെ ലോകത്തിലുള്ള മിക്ക ഭാഷകളിലെയും ഉത്തമപദ്യകൃതികളും ഞാൻ മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. An Anthology of World Poetry എന്ന ഉത്തമപ്രസിദ്ധീകരണത്തിന്റെ മാതൃകയിൽ ഒരു ഗ്രന്ഥം മലയാളത്തിലും പ്രസിദ്ധീകരിക്കണമെന്നുള്ളതാണ് എന്റെ ഉദ്ദേശ്യം. റിംബോ, ബാഡ്ലയർ, വെർഹേരൻ, വെർലെയിൻ എന്നീ നാലു ഫ്രഞ്ചുമഹാകവികളുടെ ഉത്തമപദ്യങ്ങൾ അടുത്തുതന്നെ പുസ്തകരൂപത്തിൽ ഞാൻ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/6&oldid=174589" എന്ന താളിൽനിന്ന് ശേഖരിച്ചത്