താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തത്തുല്യമായി കടലാസിൽ പകർത്താനുള്ള ശക്തി അവന്റെ വാക്കുകൾക്കും സ്വഭാവസിദ്ധമായിരിക്കണം.

ഒരു ലേഖകൻ ഏതൊരു സംഗതിയും വർണ്ണിപ്പാൻ, അതു താൻതന്നെ കണ്ടിരിക്കയോ, അതുമായി അത്രത്തോളം അടുത്ത പരിചയമുണ്ടായിരിക്കയോ ആവശ്യമാണ്. വല്ല കോണിലുംനിന്ന് ഒന്ന് ഒളിഞ്ഞുനോക്കിയിരുന്നാൽ പോരാ; മുഴുവൻ വഴിപോലെ കണ്ടു പരിചയപ്പെടാനും, അന്യന്മാർ കണ്ടറിഞ്ഞിട്ടില്ലാത്ത പലേ വിശേഷങ്ങൾ അതിൽ നോക്കി മനസ്സിലാക്കാനും സൗകര്യമുണ്ടാക്കുന്ന ഒരു മദ്ധ്യസ്ഥാനത്തുനിന്നു വേണം നോക്കുവാൻ. ഇതിലേക്കു, പലേ പൊതുവക സംഗതികളിലും, പത്രപ്രതിനിധികൾക്കായി പ്രത്യേകസ്ഥാനം ഒഴിഞ്ഞിട്ടിരിക്കാറുണ്ട്. അപ്പോൾ അവർ കാലേകൂട്ടി എത്തിയിരിക്കയും, ആവശ്യം പോലെ പത്ര പ്രതിനിധിയാണെന്നതിന്നു സാക്ഷ്യപത്രങ്ങൾ കൈക്കൽവെച്ചുകൊള്ളുകയും വേണ്ടതാകുന്നു. എന്നാൽ ഇത്തരം സൗകര്യങ്ങൾ ദർബാറിന്നോ, വലിയ തീൻവിരുന്നുകൾക്കോ, മറ്റോ ഉണ്ടായിരിക്കാവുന്നതല്ലാതെ, സാധാരണയായി, വർണ്ണലേഖനങ്ങൾ എഴുതേണ്ടിവരുന്നത്, അഗ്നിബാധ, തീവണ്ടി അപകടം, മുതലായ വിശേഷവ്യാപത്തുകളുണ്ടാകുമ്പോഴാകയാൽ, ഈ സംഗതികളിൽ, പത്രക്കാരന് പ്രത്യേക സൗകര്യമൊന്നും സിദ്ധിക്കാൻ മാർഗ്ഗമില്ല. മലവെള്ളക്കുത്തുപോലെ ആളുകൾ തെരക്കിക്കൂടിക്കൊണ്ടിരിക്കുമ്പൊഴും, "ആപത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി ഓരോരുത്തർ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുമ്പോഴും, സ്വത്തിന്നും ജീവന്നും രക്ഷയെ കരുതി പോലിസ് അധികൃതന്മാർ ചുറ്റിക്കൂടുമ്പോഴും, പത്രക്കാരന് ഒരേടത്ത് കാലുറപ്പിച്ചു നില്ക്കുവാൻ സാധിക്കയില്ലതന്നെ. അവൻ പൊലീസധികൃതന്മാരുമായി പരിചിതനായിരുന്നില്ലെങ്കിൽ, പലപ്പോഴും തിക്കിൽപെട്ട് പിന്നാക്കം തള്ളപ്പെട്ടു എന്നു വന്നേക്കും. അതിനാൽ, അവൻ താനാരാണെന്ന് അവരെ അറിയിപ്പാൻ തക്കതായ ലക്ഷ്യങ്ങളൊക്കെ കരുതിവെച്ചിരിക്കണം. ഇവ കാണിച്ചാൽ, നിർബാധം കടന്നുപോവാൻ സാധിക്കും. എന്നാൽ, വൈകിയെത്തുന്ന പത്രക്കാരന്നു നേരിടുന്ന പ്രതിബന്ധം മുഖ്യമായും ആൾക്കൂട്ടമാണ്. തിക്കും തിരക്കും കടന്ന് ഉള്ളിൽ പറ്റിക്കൂടുവാൻ ഒരു ഭാഗത്തു സാധ്യമായില്ലെങ്കിൽ,