താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അച്ചുകൂടവും പത്രകാര്യാലയവും ഒന്നായിച്ചേർത്തു നടത്തുന്നവർക്കു അവരുടെ സൗകര്യവും ആവശ്യവും അച്ചുകൂടക്കാർ അറിഞ്ഞു നടന്നുകൊള്ളേണമെന്നു പറവാൻ സാധിച്ചേക്കുമായിരിക്കാം. എന്നാൽ പല പത്രങ്ങളും അവരുടെ പ്രവർത്തകന്മാരുടെ സ്വന്തമായ അച്ചുകൂടത്തിലല്ല അച്ചടിപ്പിക്കുന്നത്; അച്ചുകൂടവും പത്രകാര്യാലയവും ഒരേ കെട്ടിടത്തിൽ ആയിരിക്കുന്നതുമില്ല. അച്ചുകൂടം പത്രക്കാരന്നു അധീനമായിരുന്നാൽ കൂടി, അവന്നു അച്ചടിസംബന്ധമായ വിവരങ്ങൾ പരിചയപ്പെട്ടിരിക്കുന്നത് തൊഴിലിൽ വളരെ ഉപകാരപ്പെടും. അച്ചടിപ്പണിക്കാരുടെ പ്രവൃത്തി ലഘുപ്പെടുത്തുവാൻ തക്ക വിധത്തിൽ കൈയെഴുത്തുപകർപ്പു തയ്യാറാക്കുന്നതുകൊണ്ടു ഒട്ടേറെ ക്ലേശങ്ങൾ ഇരുകൂട്ടർക്കും ഉണ്ടാവാതെ കഴിയുന്നതുമാണ്.

പത്രക്കാരന്മാരെല്ലാവരും അച്ചടിവിദ്യ ശീലിച്ചിരിക്കേണമെന്നു നിർബന്ധമില്ലാ; അതു സംബന്ധിച്ചു ചില അവശ്യകാര്യങ്ങൾ അറിഞ്ഞു നടക്കേണമെന്നേ ആവശ്യപ്പെടുന്നുള്ളു. അച്ചടിവിദ്യയുടെ നാനാപ്രവൃത്തികളും പരിചയപ്പെട്ടിരുന്നാൽ, പത്രക്കാരന്റെ യോഗ്യതയ്ക്കു കുറേക്കൂടെ തികവുണ്ടായി എന്നു അഭിനന്ദിക്കാവുന്നതാണ്. റിപ്പോർട്ടരായോ മറ്റോ പത്രപ്രവൃത്തിയിൽ പ്രവേശിക്കുന്ന ഒരു ചെറുപ്പക്കാരന്നു, തന്റെ പത്രത്തിൽ ഇത്ര പംക്തി നിറവാൻ ഇത്രഭാഗം കൈയ്യെഴുത്തുപകർപ്പു തയ്യാറാക്കിക്കൊടുക്കേണ്ടിയിരിക്കും എന്നു നിശ്ചയം ഉണ്ടാകേണമെങ്കിൽ, ഒരു 'പംക്തിയിൽ' എത്ര 'വരി'കൾ അടങ്ങുമെന്നും; ഒരു വരിയിൽ എത്ര 'അക്ഷര'ങ്ങൾ നിൽക്കുമെന്നും; വരിയുടെ നീളം എത്ര 'എമ്' ആണെന്നും; തന്റെ കൈയ്യെഴുത്തുപകർപ്പിലെ എത്ര വരികൾ ചേർന്നാൽ അച്ചടിയിൽ ഒരു 'സ്റ്റിക്ക്' അടങ്ങുമെന്നും, മറ്റുമുള്ള വിവരങ്ങൾ പരിചയപ്പെട്ടിരിക്കേണ്ടത് ആവശ്യമാണ്. അച്ചുകൂടത്തോടു ചേർന്നു പത്രകാര്യാലയം വെച്ചു നടത്തുന്ന പത്രപ്രവർത്തകന്മാർക്കുകൂടിയും, പലപ്പോഴും ഫോർമാൻ വന്നിട്ട്, 'മാറ്റർ' തികഞ്ഞില്ല, ഇനി രണ്ടു 'സ്റ്റിക്ക്' എഴുതിക്കിട്ടണം, വർത്തമാനങ്ങളിൽനിന്ന് നാലു 'വരി' കുറച്ചാൽ ആ 'കോളം' (പംക്തി) മുട്ടിനിൽക്കും, എന്നോരോന്നു പറയുന്നതു കേൾക്കാം. പത്രാധിപർ അതിന്നു തക്കവണ്ണം വ്യവസ്ഥ ചെയ്യണം. രണ്ടു