താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വരുന്ന ലക്കത്തിലേക്കു ഉപയോഗപ്പെട്ടിട്ടില്ലെന്നും, പിന്നത്തെ ലക്കത്തിനു വളരെ പഴകിപ്പോയി എന്നും ആക്ഷേപം വന്നേയ്ക്കും. ഇതു നിമിത്തം ചിലരുടെ മുഷിച്ചിലിനും പാത്രമായേക്കും.

ഡിസ്ട്രിക്ട് റിപ്പോർട്ടറുടെ പ്രവൃത്തി വാസ്തവത്തിൽ, വർത്തമാന നിവേദനമായിരുന്നാലും, ചില പത്രങ്ങളുടെ വിഷയത്തിൽ, അതിന്റെ നിവ്വാഹകന്റെ നിലയിൽ ചെയ്യേണ്ടതായ ചില കാര്യങ്ങൾകൂടെ ഉണ്ടായിരിക്കും. തന്റെ ഡിസ്ടിക്ടിലെ വരിക്കാരോടു വരിപ്പണം മേടിച്ചു പത്രനിവ്വാഹകനു അയച്ചുകൊടുക്കുക. പുതിയ വരിക്കാരെ ചേർക്കുക എന്നീ പ്രവൃത്തികൾ റിപ്പോർട്ടറുടെ ചുമതലയിൽ പെട്ടതായിവരും. വിശേഷിച്ചും, തന്റെ പത്രം തുടങ്ങീട്ടു അധികകാലം ആയിട്ടില്ലാത്തതാണെങ്കിൽ, അതിന്ന് ഒരു സ്ഥിരപ്രതിഷ്ഠ ഉണ്ടാകുംവരെ ഇങ്ങനെ ചില സഹായങ്ങൾ റിപ്പോർട്ടരാൽ സാധ്യമായിട്ടുണ്ട്; കുറെ പഴക്കം ചെന്ന പത്രങ്ങൾക്കു ഇങ്ങനെ ഒരാവശ്യം റിപ്പോർട്ടരെക്കൊണ്ട് നിറവേറ്റാൻ ഉണ്ടായില്ലെന്നു വരും. ഒരുവൻ ഡിസ്ട്രിക്ട് റിപ്പോർട്ടരായിരിക്കട്ടെ. പത്രകാര്യാലയത്തിൽ പണിയെടുക്കുന്ന കുട്ടിത്തരം റിപ്പോർട്ടരായിരിക്കട്ടെ; ഏതു നിലയിലായിരുന്നാലും പത്രത്തിലേക്കു പരസ്യങ്ങൾ ശേഖരിക്കുന്ന ജോലികൂടെ ചില സമയങ്ങളിൽ അവന്റെ ചുമതലയിൽ പെട്ടിരിക്കും. ഇതിലേക്കു അവന്നു പ്രത്യേകം പ്രതിഫലവും അനുവദിക്കപ്പെടും. വിശേഷിച്ചും അവന്റെ റിപ്പോർട്ടർ പണിക്കുള്ള പ്രതിഫലം ചുരുങ്ങിയതാണെങ്കിൽ, ഇങ്ങനെ കൂടുതൽ ആദായത്തിനുള്ള മാർഗ്ഗം ഉണ്ടാക്കിക്കൊടുപ്പാൻ പത്രനിർവ്വാഹകൻ ഒരുക്കമായിരിക്കും. അതു പത്രത്തിന്റെ നടപ്പിനുതന്നെ അഭിവൃദ്ധി വരുത്തുന്ന കാര്യമാണല്ലോ. എന്നാൽ, പത്രത്തിനു പരസ്യങ്ങൾ ചേർത്തുവെപ്പാൻ തക്കവണ്ണം ധാരാളം അച്ചുകളും, മറ്റു ഉപകരണങ്ങളും സംഭരിക്കുന്നതിലേക്കുവേണ്ട മൂലധനം മുടക്കിയിരിക്കുന്നില്ലെങ്കിൽ, റിപ്പോർട്ടറുടെ പരസ്യകാര്യവിഷയമായുള്ള പരിശ്രമങ്ങൾക്കു സാഫല്യം തൃപ്തികരമായില്ലെന്നു വന്നേയ്ക്കും. അതെങ്ങിനെയിരുന്നാലും റിപ്പോർട്ടർമാരുടെ മേൽ വർത്തമാനനിവേദനമൊഴികെ, മറ്റു പ്രവൃത്തികൾ ചുമത്തുന്നത് വിഹിതമല്ലെന്നാണ് പറയേണ്ടത്. ധാരാളം മൂലധനശക്തിയുള്ള പത്രങ്ങൾ അങ്ങനെ