താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്തെന്നും സൂക്ഷ്മമായി അറിയുന്നതിന് പത്രത്തിന്റെ മുൻലക്കങ്ങളെ പഠിക്കേണ്ടതാകുന്നു. വിശേഷിച്ചും ഈ സംഗതികളെക്കുറിച്ച് ഏതേതു പ്രകാരത്തിലാകുന്നു പത്രത്തിൽ പ്രസ്താവിച്ചിട്ടുള്ളതെന്നു മനസ്സിലാക്കേണ്ടത്, തന്റെ പിന്നത്തെ പ്രവൃത്തിക്കു വഴിതെളിക്കുവാൻ ആവശ്യകവുമാണ്. ഓരോ തരം വാർത്തകൾക്ക് നടനാട്ടേണ്ടതായ തലവാചകം ഏതു വിധത്തിലായിരിക്കേണമെന്നും, മുൻലക്കങ്ങൾ നോക്കിയാൽ, ഗ്രഹിക്കാൻ കഴിയും. ഈ മുൻകരുതൽ ചെയ്തിരുന്നാൽ, പുതിയ റിപ്പോർട്ടറുടെ പ്രവൃത്തിമാർഗ്ഗം, ആരംഭത്തിൽ കല്ലും, മുള്ളും നീങ്ങിയതായിട്ടുതന്നെ കാണപ്പെടും.

ഈ കീഴ്‍ത്തരം റിപ്പോർട്ടറുടെ ശ്രദ്ധയെ ആദ്യമായി ആകർഷിക്കുന്ന സംഭവങ്ങൾ, നഗരത്തിൽ നടക്കുന്ന മത്സരക്കളികൾ, കായികാഭ്യാസക്കാഴ്ചകൾ, നാടകം മുതലായവയാണ്. ഇവയ്ക്കൊക്കെ ചെന്നെത്തുവാൻ അവന്നു 'സൈക്കിൾ' (ചവിട്ടുവണ്ടി) ഓടിക്കുന്നതിനു ശീലമുണ്ടായിരുന്നാൽ സഹായമായി. എല്ലാ കളിസ്ഥലങ്ങളിലും കാൽനടയായിട്ടുതന്നെ എത്തിക്കൊള്ളാമെന്നു ഉറപ്പു പറവാൻ പാടില്ലാത്തവിധത്തിൽ ചില സമയങ്ങളിൽ, പലെ വിനോദക്കളികൾ നിരന്തരം ഉണ്ടായിരുന്നേക്കാം. അതിലേക്ക് ചവിട്ടുവണ്ടിയിൽ കയറിപ്പോവാൻ ശീലിച്ചിരിക്കുന്നത് നല്ലതാണ്. വിശേഷിച്ചും, ഇത് ഒരു കായികവ്യായാമവും ആണല്ലോ. റിപ്പോർട്ടർക്കു പ്രത്യേകം താല്പര്യമുള്ള കളികൾ ചിലതുണ്ടാവും.; അവയിൽ അവന്നു സവിശേഷമായ ഉത്സാഹവും തോന്നും. മറ്റു കളികളിൽ പ്രത്യേകമായ താല്പര്യം ഇല്ലായ്കകൊണ്ട് അവയുടെ സമ്പ്രദായങ്ങളെപ്പറ്റി അറിവുണ്ടായിട്ടില്ലെങ്കിൽ, കളിക്കാരോടു ചോദിച്ച് അറിവു നേടാൻ കഴിയുന്നതാണ്. ഇങ്ങനെ പോയിക്കാണുന്ന കളികളുടെ വിവരങ്ങളെ പത്രത്തിലേക്കു എഴുതുമ്പോൾ, കരുതിയിരിക്കേണ്ട മുഖ്യമായ കാര്യം, യാതൊരു പക്ഷത്തിലും ചേരാതെ പരമാർത്ഥസംഭവം മാത്രം എഴുതുക എന്നുള്ളതാകുന്നു. ചില റിപ്പോർട്ടർമാർ കളികളിൽ താല്പര്യക്കാരായിരിക്കുമ്പോൾ, ഏതെങ്കിലുമൊരു പക്ഷത്തിൽ ചേർന്നു കളിച്ചു എന്നു വരാം; ഇരുപക്ഷക്കാരുടെയും മത്സരവഴക്കുകളിൽ ഉൾപ്പെട്ട്, ഒരു പക്ഷക്കാർക്ക് സഹായിയായിനിന്ന്, മറുപക്ഷക്കാരെ