താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവർ അവരുടെ ആശയങ്ങളെ പ്രകടീകരിച്ചിരിക്കുന്ന സമ്പ്രദായത്തിന്റെ ആന്തരമായ വൈഭവത്തെ മാത്രം ഓർമ്മവെപ്പിൻ. നിങ്ങൾക്കു പറവാനുള്ളതൊക്കെ നിങ്ങളുടെ ഉള്ളിൽ നിന്നു തന്നെ നിങ്ങളെ വ്യാപരിപ്പിക്കുന്ന ചൈതന്യവിശേഷത്തിന്റെ സംജ്ഞാപനങ്ങൾ അനുസരിച്ചു പറഞ്ഞുകൊള്ളുവിൻ. അങ്ങനെയൊരു ചൈതന്യം നിങ്ങളെ പ്രേരിപ്പിക്കുന്നതിനു തക്കവണ്ണം പ്രകടമായ ഉന്നതാശയങ്ങളും രസികതയും നിങ്ങൾക്കില്ലെങ്കിൽ പ്രത്യേകമൊരു ഭാഷാസരണി സ്ഥാപിപ്പാനായി നിങ്ങൾ ശ്രമിക്കേണ്ടാ; സാഹിത്യകാരന്മാരുടെ വരിയോലയിൽ നിങ്ങളുടെ പേരുകൂടെ എഴുതിക്കാണ്മാൻ ആശിക്കയും വേണ്ട. എന്നാൽ ഈ ഒടുവിൽ പറഞ്ഞതായ ആശയോടുകൂടിയല്ലാ വിഖ്യാതന്മാരയ സാഹിത്യ കർത്താക്കന്മാർ പ്രവർത്തിച്ചിട്ടുള്ളതെന്നു ഓർമ്മവെക്കണം. അവർ മിക്കവാറും പ്രതിഫലേച്ഛ കൂടാതെ ലോകോപകാരാർത്ഥമായി മാത്രം പണിയെടുത്തിരുന്നവരാണ്.

ചുരുക്കത്തിൽ ഓർമ്മവെക്കേണ്ടതായ മൂന്നു കാര്യങ്ങളുണ്ട്. അന്തസ്സാരവിഹീനമായതു ഉപയോഗിക്കാതിരിക്ക, സ്പഷ്ടമായുള്ളതു പറയാതിരിക്കുക. സ്വന്തമല്ലാത്ത രീതി തുടരാതിരിക്കുക. ഈ വക മൂന്നു പാപങ്ങളും പറ്റാതിരിക്കുന്നതിന്നു അവശ്യം വേണ്ടത്, തന്റെ ഉള്ളിനൊത്തു സംസാരിക്കുമ്പോലെ തന്നെ എഴുതുകയും ചെയ്യുകയാകയാകുന്നു. കപടവേഷവും കപടഭാഷയും അപകടമെന്നു ധരിക്കണം.