Jump to content

താൾ:രാമായണം (കുറത്തിപ്പാട്ട്).djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഊരുചുറ്റി സഞ്ചരിക്കും കാലമവരപ്പോൾ
ഭിക്ഷയുമിരന്നു നടകൊണ്ടവരുമന്ന്

ചൊല്ലെഴുന്നയോദ്ധ്യാപുരിതന്നിലകംപൂക്കു
ചൊൽപ്പെരിയ നാരിമാരെ മൂവരേയും കണ്ടു

മന്നവനുടയാതാരുവന്തടി കുറത്തി
നിന്നെ നാങ്കൾ കാണവേണമെന്നിരുന്നു മുന്നം

പുത്രരില്ലാ ഞങ്ങൾക്കതി ദുഃഖകാലം പാരം
നാങ്കളുടെ കൈകൾ പാർത്തു ലക്ഷണത്തെച്ചൊല്ക

കൗസല്യ കൈകേയിയും സുമിത്രയും കൈകാട്ടു
എന്നതിനെക്കേട്ടവരും കൈകളങ്ങു നീട്ടി

നിങ്ങളുടെ കൈയ്ക്കു നല്ല യോഗമുണ്ടു ചൊൽവാൻ
മൂന്നു മാതക്കൾക്കുകൂടി നാലുപുത്രരുണ്ടാം

നാൽവരിലും മൂത്തവനു രാമനെന്നു പേരാം
അക്കുമാരൻതന്നെ നിങ്ങൾ വിശ്വസിച്ചുകൊൾവിൻ

കേളികേട്ട രാമനങ്ങു നാടുവിട്ടുപോകും
മുക്തിവിട്ടു സിദ്ധനാകും അത്തലില്ല ചൊൽവാൻ

ഓതും മുനിവാണിയവൻതന്നെയും വരുത്തി
മാമുനിതാൻ വന്നിവിടെ യാഗവും കഴിക്കും

യാഗത്തിങ്കൽ നിന്നുടനെ പായസം ലഭിക്കും
പായസത്തെ വാങ്ക നീങ്കൾ മൂവരും ഭുജിക്കും

മൂത്തയമ്മ തന്നിലൊരു പുത്തിരൻ പിറക്കും
മൂന്നുലോകമുടയപിള്ള കൈകേയിക്കുമുണ്ടാം