താൾ:മൗനഗാനം.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതുമൂലം പതിനാറുവയസ്സുചെൽവതിൻമുന്നേ
കുതുകമോടവൾക്കവർ മംഗല്യമേകി.
നിരവദ്യമായിടും തജ്ജാതകവിശേഷമോർത്തു
നിരുപമനിർവൃതിയിലവർ മുഴുകി.
'കുന്ദമംഗല'ത്തുനിന്നൊരുണ്ണിനമ്പൂതിരിയന്ന-
സ്സുന്ദരാംഗിയാളെസ്സഹധർമ്മിണിയാക്കി.

ആംഗലപരിഷ്കാരിയെന്നവർ തെറ്റിദ്ധരിക്കയാൽ
മംഗലശീലനപ്പൂമാൻ നിന്ദിതനായി.
ഖദർമുണ്ടും, ഷർട്ടും, ഷാളും, ക്രോപ്പും, കണ്ണാടിയുമന്ന-
സ്സദനവാസികൾ പാടേ വെറുത്തിരുന്നു.
നാമമന്ത്രഹോമാദികൾ വെടിഞ്ഞ നാസ്തികനെന്നാ-
യാമഹാനെയവരൊക്കെപ്പഴിച്ചു ചൊല്ലി.
എന്തുചെയ്യാം, കർമ്മപാശബന്ധനത്തിലകപ്പെട്ടു
സന്തതമബ്ബന്ധുവൃന്ദം സന്തപിക്കയായ്.
ആറ്റുനോറ്റുണ്ടായ പൊന്നുകുഞ്ഞാത്തോലിൻവിധിയെന്നു
തോറ്റംചൊല്ലിത്തോഴിമാരും പൊഴിച്ചു കണ്ണീർ

(അപൂർണ്ണം)




34.
സത്യപ്രകാശമേ, കൂപ്പുകൈമൊട്ടുമായ്
നിത്യവും നിന്റെ പടിക്കൽ വരുന്നു ഞാൻ.
പാവനോന്മാദത്തിൽ മിന്നിവിടർന്നൊരെൻ
ജീവിതപ്പൂ നിനക്കഞ്ജലിചെയ്യുവാൻ!

നിൻകാൽ കഴുകിച്ചിടാവൂ നിരന്തര-
മെൻകരൾ പൊട്ടിയുതിരുന്ന കണ്ണുനീർ.
ചെന്നെത്തിടട്ടെൻനിമേഷങ്ങളൊക്കെയും
നിന്നെക്കുറിച്ചുള്ളനുരാഗചിന്തയിൽ.
നിൻമൌനസംഗീതസാരം തുളുമ്പലാൽ
ധന്യമാകട്ടെയീപ്പൊള്ളയോടക്കുഴൽ.
സത്യപ്രകാശമേ, ചേരട്ടെ നിന്നോടു
സദ്രസം ഞാനാം ക്ഷണികഹിമകണം !
20-3-1934

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/28&oldid=174167" എന്ന താളിൽനിന്ന് ശേഖരിച്ചത്