താൾ:മയൂഖമാല.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏകാന്തതയിൽ

(ഒരു ജർമ്മൻ കവിത-ഗെഥേ)

രികിലാ രമ്യഹസിതം വീശി നീ
വരികയില്ലിനിയൊരുനാളും.
കരയുവാനെന്നെത്തനിയേ വിട്ടിദം
കമനീയേ, നീയിന്നെവിടെപ്പോയ്?
ഒരു പദംപോലും-മധുരമായിടു-
മൊരു രവംപോലും-ഒരുനാളും
അണയുന്നീലല്ലോ മമ കർണ്ണത്തിങ്ക-
ലമലേ, ഞാനെന്തു പറയട്ടെ ?

സരളസംഗീതലഹരി തൂവിക്കൊ-
ണ്ടൊരു വാനമ്പാടി ഗഗനത്തിൽ,
കനകനീരദ നിരകളാൽ മറ-
ഞ്ഞെവിടെനില്പതെന്നറിയുവാൻ,
പുലർകാലത്തൊരു പഥികനേത്രങ്ങൾ
പലതവണയും വിഫലമായ്,
തരളനീലിമ വഴിയുമാകാശ-
ത്തെരുവിലങ്ങിങ്ങായലയുമ്പോൾ;
ഹരിതകാനനനികരവു,മോരോ-
വയലും, മഞ്ജുളവനികളും
തരണംചെയ്തിന്നെൻ വിവശവീക്ഷണം
ഭരിതനൈരാശ്യം തിരിയുന്നു.
മധുരികെ, നിന്നെക്കരുതിയാണിന്നെൻ
മധുരഗാനങ്ങളഖിലവും
സദയം വീണ്ടുമെന്നരികിലിന്നൊന്നെൻ
ഹൃദയനായികേ, വരുമോ നീ.

-------മെയ് 1933
"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/24&oldid=174115" എന്ന താളിൽനിന്ന് ശേഖരിച്ചത്