Jump to content

താൾ:മയൂഖമാല.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രേമഗീതം
(ഒരു ഗ്രീക്കുകവിത--യൂറിപിഡെസ്)

ചാരുനീലനേത്രങ്ങളിൽ രണ്ടു
താരകങ്ങൾ തിളങ്ങവേ;
പുണ്യദീപ്തിയിൽ മുങ്ങിവന്നിതാ
നിന്നിടുന്നുണ്ടൊരോമലാൾ.
ദുർല്ലഭേ, നിന്നെക്കാമിക്കുമൊരു
മുല്ലസായകനാരയേ?
സുന്ദരഹിമബിന്ദുചിന്നിയ
കന്ദരങ്ങളിൽ മിന്നിടും
ദിവ്യയാമൊരു ദേവതയെപ്പോൽ
ഭവ്യരൂപിണിയാണു നീ!
പൊന്നിളംകതിർ ചിന്തി,യിന്നിതാ
മിന്നിടുന്നു നിന്നാനനം.
സർവ്വഭാഗ്യവും പിൻതുടരട്ടേ
സന്തതം നിന്നെ,യോമലേ!
ചാരുസൗരഭം വീശിടുമോരോ
താരണിക്കുളിർമാലയാൽ
താവകശിരസ്സത്ഭുതദീപ്തി
താവുമാറായിത്തീരട്ടെ!

--നവംബർ 1932

"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/10&oldid=174100" എന്ന താളിൽനിന്ന് ശേഖരിച്ചത്