ഇരുമ്പിനോടു തുല്യങ്ങളായ രണ്ടു കൈകൾ ജനാലയുടെ അഴികളിന്മേൽ മുറുകെപ്പിടിച്ചു ഗാഢമായ ഒരു ശരീരത്തെ മേല്പോട്ടുയർത്തുവാൻ ആരംഭിച്ചതും കാലിന്നു ആധാരമായിരുന്ന പൂച്ചട്ടി മറിഞ്ഞതും ഒരേ സമയത്തു കഴിഞ്ഞു. ചട്ടി മറിഞ്ഞതോടുകൂടി കനത്ത ശരീരം അവലംബശൂന്യമായിട്ടു തൂങ്ങുകയാൽ അതിന്റെ ഉടമസ്ഥൻ കൈവിട്ടു ചട്ടിയുടെമീതെ വീഴുകയും ചെയ്തു. ഈ ഒച്ചകേട്ടു ഭാസ്ക്കരമേനോൻ പെട്ടെന്നു ജനാലയുടെ അടുക്കൽ ചെന്നപ്പോൾ ഇരുട്ടുകൊണ്ടു യാതൊന്നു തെളിഞ്ഞു കണ്ടുകൂടാ. വിളക്കു കൊളുത്തിനോക്കിയപ്പോൾ അടുത്തു കഴിഞ്ഞ സംഭവത്തിന്റെ ഉച്ഛിഷ്ടങ്ങളായി ഇളകിമറിഞ്ഞ കുഴമണലും പൊട്ടിപ്പൊളിഞ്ഞ ചട്ടിയും മാത്രമെ കിടപ്പൂള്ളു. തന്റെ പ്രവൃത്തികളേയും ഗതാഗതങ്ങളേയും ഗൂഢമായി കാത്തുകൊണ്ടു നടക്കുന്ന ഈ ചാരപുരുഷനെ തൽക്കാലം തേടിപ്പോയിട്ടു പ്രയോജനമില്ലെന്നു അതിന്നു തക്കഅവസരം വരുമ്പോൾ അവനെ കുടുക്കിക്കൊള്ളാമെന്നും കരുതി, സ്റ്റേഷനാപ്സർ ബാക്കിയുള്ള വേലയും മൂഴുവനാക്കി പുറത്തേക്കു പുറപ്പെടുവാൻ ഒരുങ്ങിത്തുടങ്ങി.
'ജനാലകളെല്ലാം ഭദ്രമായി ബന്ധിച്ചു. പോലീസ്സുടുപ്പൊന്നും എടുത്തില്ല. സ്വസ്ഥന്മാരുടെ നിലയിൽ മുണ്ടുടുത്തു്, ഷർട്ടുമിട്ടു തലയിലൊരു കെട്ടും കെട്ടി, വടിവാളോ വടിത്തോക്കോ എടുക്കേണ്ടതെന്നു സംശയമായി. ഒടുവിൽ വടിവാൾ മതിയെന്നു തീർച്ചയാക്കി, അതും കയ്യിലെടുത്തു കാലിന്മേൽ കരയുന്ന തോൽചെരുപ്പിട്ടു പുറത്തേക്കു കടന്നു് അകം പൂട്ടി. ശിഷ്യനെ അന്വേഷിച്ചപ്പോൾ അയാൾ വിളക്കുംകൊണ്ടു മിറ്റത്തു നടക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോൾ,