താൾ:ഭാസ്ക്കരമേനോൻ.djvu/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
107


അഭിപ്രായം അറിഞ്ഞിട്ടെന്നപോലെ കൈരണ്ടും തിരുമ്മിക്കൊണ്ടു അകത്തേക്കു കടന്നു. ഇൻസ്പെക്ടർ സ്റ്റേഷൻമുറ്റത്തു ഒരു കസാലയിൽ ഇരുന്നു സുഖമനുഭവിക്കുനാനും തുടങ്ങി. അരമണിക്കൂർ നേരത്തേക്കു സ്റ്റേഷൻ മുറിയിൽ ചില ചാട്ടവും ഓട്ടവും ആൎത്തസ്വരവും നടന്നതിന്റെ ശേഷം ഒപ്പിട്ടുംവന്നു പറഞ്ഞു കാൺസ്റ്റബിൾ പുറത്തേക്കുവന്നു. അന്നത്തെ രാത്രിയിലെ കഥ ഇങ്ങനെ അവസാനിച്ചു. കാൎയ്യസ്ഥൻ ബന്തവസ്തിൽതന്നെ. തവണക്കാരൻ കാൺസ്റ്റബിൾ ഒഴികെ ശേഷമുള്ളവർ അതാതു ദിക്കിലേക്കു പോവുകയും ചെയ്തു.

പിറ്റേദിവസം പകൽ രണ്ടുമണിയോടുകൂടി കുഞ്ഞുരാമൻനായരെ പോലീസുസ്റ്റേഷനിലേക്കു കൊണ്ടുപോയി. കിട്ടുണ്ണിമേനവൻ മരിച്ചതിൽപിന്നെ കുഞ്ഞുരാമൻനായർ എളവല്ലൂൎക്കു കടന്നിട്ടില്ല. ഇതാ ഇപ്പോൾ ആ കിട്ടുണ്ണിമേനവന്റെ കൊലപാതകക്കേസ്സിൽതന്നെ ഒരു കുറ്റക്കാരനായിട്ടാണു എളവല്ലൂർ സ്റ്റേഷനിലേക്കു കടന്നതു്. ഭാസ്ക്കരമേനവനുപകരം പണിനോക്കുന്ന ഹെഡ്കാൺസ്റ്റബിൾക്കു ഈ കേസ്സിന്റെ മുഖം നല്ലവണ്ണം കണ്ടറിവാൻ ഇടയാവാത്തതുകൊണ്ടു ഇന്നു ഇൻസ്പെക്ടർതന്നെയാണു വിസ്താരരംഗത്തിൽ പ്രവേശിച്ചതു്. ഇന്നേദിവസം വിസ്താരത്തിനിടയ്ക്കു ഇൻസ്പെക്ടർ കൈകൾ പിന്നിൽ കോൎത്തുപിടിച്ചു നിന്നതേയുള്ളു. നോട്ടു് കുറിക്കുവാൻ പുതിയ സ്റ്റേഷനാപ്സരായിരുന്നു.

'കാൎയ്യസ്ഥനെ നല്ലവണ്ണം പരിചയമുണ്ടോ?' എന്നുള്ള ചോദ്യത്തിനു 'ഉവ്വു' എന്നു, 'അയാൾ എന്തു സ്വഭാവക്കാരനാണു' എന്നതിനു 'നല്ല സ്വഭാവക്കാരനാണു്' എന്നും, കാര്യസംബന്ധമായി വല്ല കൃത്രിമങ്ങളും ചെയ്തിട്ടുണ്ടോ? എന്നതിനു 'ഉള്ളതായിട്ടറിവില്ല' എന്നും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/113&oldid=173888" എന്ന താളിൽനിന്ന് ശേഖരിച്ചത്