താൾ:ഭാസ്ക്കരമേനോൻ.djvu/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
98


അനുഭവിക്കുമ്പോൾ പുറത്തേക്കുള്ള ജനാലയിന്മേൽ ആരോവന്നു മുട്ടുന്ന ശബ്ദം അവളെ ഈ കഷ്ടസ്ഥിതിയിൽനിന്നു രക്ഷപ്പെടുത്തി. അസമയത്തുണ്ടായ ഈ ശബ്ദം ഉണൎന്നെഴുന്നേറ്റിരുന്ന ദേവകിക്കുട്ടിയെ ക്ഷണനേരം ഭയപ്പെടുത്തിയെങ്കിലും ഉടനെ ദേവീ, ദേവീ എന്ന വാത്സല്യപൂരിതമായ നീട്ടിവിളി സമാധാനത്തെ മാത്രമല്ല, സമയത്തിനടുത്ത സന്തോഷത്തെക്കൂടി ജനിപ്പിച്ചു. ദേവീ എന്ന ഓമനപ്പേരു കുമാരൻനായരല്ലാതെ മറ്റാരും ഉപയോഗിക്കുക പതിവില്ല. കുമാരൻ നായരുതന്നെ ആ പേരിലുള്ള പ്രതിപത്തിവിശേഷംകൊണ്ടു അപൂർവമായിട്ടുമാത്രമേ അതു് എടുത്തു പെരുമാറാറുള്ളു. ദേവകിക്കുട്ടിയുടെ ഇപ്രകാരമുള്ള വിചാരങ്ങളുടെ ഇടയ്ക്കു്—

"ദേവീ, ദേവീ, ഈ വാതൽ തുറക്കു; ഞാനാണു് ഭയപ്പെടേണ്ട" എന്നു പിന്നെയും വാതുക്കൽ മുട്ടിവിളിക്കുന്നതുകേട്ടു ദേവകിക്കുട്ടിചെന്നു്—

"വാതൽ തുറക്കട്ടെ. മേൽ മുട്ടാണ്ടു സൂക്ഷിക്കണെ" എന്നുപറഞ്ഞു ജനാലവാതൽ സാവധാനത്തിൽ തുറന്നു. അപ്പോൾ നാട്ടുവെളിച്ചത്തിന്റെ സഹായത്താൽ കുമാരൻനായർ ഒരു ഇലപ്പൊതിയും കിണ്ടിയും ആയി നില്ക്കുന്നതു കണ്ടു. കുമാരൻനായരുടെ ആ ഒരു നില കണ്ടപ്പോൾ സന്താപാശ്രുവോ സന്തോഷാശ്രുവോ എന്തുതന്നെയായാലും ദേവകിക്കുട്ടിയുടെ കണ്ണിൽനിന്നു തെരുതെരെ കണ്ണുനീർ ഒഴുകുവാൻ തുടങ്ങി. കുമാരൻനായരുടെ ശ്വാസോച്ഛ്വാസത്തിന്റെ മാത്ര മുറുകി. ഇടയ്ക്കിടെ പുറപ്പെടുന്ന ദീർഘനിശ്വാസത്തിനു കരുത്തു കൂടുന്തോറും ദേവകിക്കുട്ടിയുടെ അശ്രുധാരയും വർദ്ധിച്ചുവന്നു. ഇങ്ങനെ മനസ്സോടുമനസ്സു പകൎന്നു ദുഃഖിച്ചിരുന്ന ദേവകീകുമാരന്മാൎക്കു കുറച്ചുനേരത്തേക്കു ഒരക്ഷരംപോലും ഉച്ചരിക്കുവാൻ സാധിച്ചില്ല.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/104&oldid=173878" എന്ന താളിൽനിന്ന് ശേഖരിച്ചത്