താൾ:പ്രഹ്ലാദചരിതം.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിശിതലസദസിസദൃശതരളതരജിഹ്വയും
നീണ്ടു തടിച്ചുള്ള ബാഹുസഹസ്രവും
കലിശസമകുടിലതരപരുഷനഖജാലവും
കണ്ഠേതരോച്ചണ്ഡകണ്ഠനാദങ്ങളും
സകലശശികിരണഗണസദൃശതനുരോമവും
സംഹാരരുദ്രോരുസിംഹാരവങ്ങളും
അചലവരസമകഠിനദൃഢതരശരീരവു-
മത്യുൽകടങ്ങളാം നാനായുധങ്ങളും
അരുണരുചികലരുമതിപൃഥുനയനരശ്മിയാ-
ലഗ്നിസ്ഫുലിംഗപ്രചണ്ഡപ്രകാരവും
മധുമഥനഘടിതമിതി ഭുവനഭയകാരണം
മർത്യസിംഹാകാരമത്യന്തഭീഷണം
കതിരവനിലധികരുചി മനുജഹരിവിഗ്രഹം
കണ്ടു ഭയപ്പെട്ടു മണ്ടുന്നിതു ചിലർ;
ചില ദനുജഭടപടലമുടനതിഭയാകുലം
ഛിന്നപാതം വീണു രക്തം വമിച്ചിതു;
ചകിതതരമതികളതുപൊഴുതു പല ദൈത്യരും
ചത്തു മറിഞ്ഞു മഹീമണ്ഡലങ്ങളിൽ.
സകലമുനിനികരമഥ സകലസുരവൃന്ദവും
സാധ്വസംപൂണ്ടു വണങ്ങിത്തുടങ്ങിനാർ.
അസുരവരനതുപൊഴുതു കഠിനഗദയും ധരി-
ച്ചായോധനത്തിന്നു പാഞ്ഞടുത്തീടിനാൻ.
രഭസമൊടു പടപൊരുതുമസുരനെ നൃസിംഹവും
രണ്ടു കരങ്ങളെക്കൊണ്ടു പിടിച്ചുടൻ
ബഹളഗളരവപരുഷമഹഹ! ബഹു കോപവാൻ
ബാഹുരന്ധ്രംതന്നിലിട്ടമൎത്തീടിനാൻ.
വലിയ നരഹരിയുടയ നികടഭുവി ദാനവൻ
വാളും പരിശയും കൈക്കൊണ്ടടുത്തിതു
അസിഫലകലസിതഭുജനസുരകുലശേഖര-
നായാസമുൾക്കൊണ്ടു ചാടിക്കളിക്കയും
"വരിക മമ രണശിരസി പെരിയ നരസിംഹമേ!
വാട്ടമില്ലി'ങ്ങെന്നു നിന്നു ജല്പിക്കയും
പൃഥുലമദമുടയ പടുദനുജനെ നൃകേസരി

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/15&oldid=173822" എന്ന താളിൽനിന്ന് ശേഖരിച്ചത്