Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂടി അവതരിപ്പിക്കുകയുണ്ടായി. ഇതിൻ പ്രകാരം പ്രപഞ്ചം എന്നെന്നും സ്ഥിരസ്ഥിതമായിത്തന്നെ നിലനിൽക്കുന്നു. വികസനം മൂലമുണ്ടാകുന്ന ഗാലക്സികളുടെ നഷ്ടം തുടർച്ചയായ പദാർത്ഥസൃഷ്ടികൊണ്ട് പരിഹരിക്കപ്പെടുന്നു. പക്ഷേ, നമ്മുടെ നിരീക്ഷണമേഖലയിലുൾപ്പെടുന്ന പ്രപഞ്ചം ഒരു പരിണാമപ്രക്രിയയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ പ്രപഞ്ചം വാസ്തവത്തിൽ മുഴുവൻ പ്രപഞ്ചത്തെയും കൂടി കണക്കിലെടുക്കുമ്പോൾ പ്രാദേശികമായ ഒരു കുമിളമാത്രമാണ്. പക്ഷേ, ഈ പ്രാദേശിക പ്രപഞ്ചത്തിന്റെ തന്നെ വളരെ കുറച്ചു ഭാഗങ്ങളേ ഇതുവരെ നമ്മുടെ നിരീക്ഷണത്തിനു വിധേയമായിട്ടുള്ളു. ഇങ്ങനെയുള്ള എണ്ണമറ്റ പ്രപഞ്ചങ്ങളടങ്ങുന്ന വിശ്വമാണ് യഥാർത്ഥത്തിൽ സ്ഥിരസ്ഥിതമായി നിലകൊള്ളുന്നത്. അതേസമയം പ്രാദേശിക പ്രപഞ്ചങ്ങൾ നശിക്കുമ്പോൾ മറ്റു ചിലവ ഉടലെടുത്തുകൊണ്ടിരിക്കും. അങ്ങനെ വിശ്വം എന്നും ഒരേ നിലയിൽതന്നെ നിലകൊള്ളും.

കാലത്തിന്റെ ഗതി?

പ്രപഞ്ചത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നാം ചെന്നുമുട്ടിയത് ഒട്ടേറെ പരസ്പരവിരുദ്ധങ്ങളായ ചോദ്യങ്ങളിലും ഉത്തരങ്ങളിലുമാണ്. അന്തിമമായ ഒരു തീരുമാനത്തിലെത്താൻ നമുക്കു കഴിഞ്ഞിട്ടില്ല. ഇനിയൊരിക്കലും അങ്ങനെ കഴിയില്ലെന്നോ കഴിയുമെന്നോ പറയാൻ ശ്രമിക്കുന്നതും ബുദ്ധിപൂർവകമല്ലെന്ന് നാം കണ്ടു. ആ നിലയ്ക്ക് കുഴപ്പം പിടിച്ച മറ്റൊരു പ്രശ്നം കൂടി നമുക്കു പരിശോധിക്കാം.

സാധാരണയായി നാം ദൃഢമായി വിശ്വസിക്കുന്നത് കാലത്തിന്റെ ഗതി നമുക്കറിയാമെന്നാണ്. ഭൂതകാലത്തിൽനിന്നു വർത്തമാനത്തിലേയ്ക്കും ഭാവിയിലേയ്ക്കും അത് കുതിച്ചുപായുന്നതായി നാം കണക്കാക്കുന്നു. കാലം ഇങ്ങനെ ഒരു ദിശയിൽ മാത്രം മുമ്പോട്ടുമാത്രം സഞ്ചരിക്കുന്നുവെന്ന് ഉറപ്പിച്ചു പറയാമോ? ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനനിയമങ്ങളെല്ലാം കാലത്തെ സംബന്ധിച്ചിടത്തോളം സമമിതമാണ്. അതായത് കാലത്തിന്റെ ഗതി നേരെ മറിച്ചിട്ടാലും ആ നിയമങ്ങൾക്കു യാതൊരു മാറ്റവും വരുന്നില്ല. പഴയ ഭൗതികശാസ്ത്രസിദ്ധാന്തങ്ങളുടെ കാര്യത്തിലാണിത്. പക്ഷേ, ഈ നിയമങ്ങളെ ലംഘിക്കുന്ന ചില പ്രതിഭാസങ്ങളും ഇന്നു വെളിവായിട്ടുണ്ട്. ഇലക്ട്രോണുകളും മറ്റും ഊർജവിതാനത്തിൽനിന്നു മറ്റൊന്നിലേയ്ക്കു മാറുന്നുണ്ട്, ഈ മാറ്റം രണ്ടുതരത്തിലുണ്ട്. ഒന്ന് ബാഹ്യപ്രേരിതം, മറ്റേത് സ്വതപ്രവർത്തിതവും. ആദ്യത്തേതിൽ താഴ്ന്ന ഊർജത്തിൽ നിന്ന് ഉയർന്നതിലേയ്ക്കും മറിച്ചും പരിവർത്തനമുണ്ടാകും. എന്നാൽ രാണ്ടാമത്തേതിൽ എല്ലായ്പ്പോഴും ഉയർന്ന ഊർജത്തിൽനിന്ന് താഴ്ന്നതിലേയ്ക്കു മാത്രമേ മാറ്റമുണ്ടാകുന്നുള്ളു. സ്ഥിരസ്ഥിതിസിദ്ധാന്തത്തിന്റെ ആധുനിക പ്രോക്താക്കളുടെ അഭിപ്രായത്തിൽ ഇതിനു സാധുതയുണ്ട്. എന്തുകൊണ്ടെന്നാൽ, പ്രപഞ്ചം വികസിക്കുന്നതുകൊണ്ട് അണു-ഇലക്ട്രോൺ