താൾ:പ്രപഞ്ചവും മനുഷ്യനും.djvu/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


6

നക്ഷത്രങ്ങളുടെ ലോകം

നന്തവിശാലമായ വിശ്വമേഖലകളുടെ അറ്റം കണ്ടെത്താനുള്ള നമ്മുടെ നഗ്നനേത്രങ്ങളുടെ ശ്രമം എല്ലായ്പ്പോഴും പരാജയപ്പെടുന്നു. തെളിഞ്ഞ രാത്രികളിൽ ആകാശത്തു ചിതറിക്കിടക്കുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ പ്രപഞ്ചത്തിന്റെ സീമയെ കണ്ടെത്താൻ ശ്രമിക്കുന്തോറും നമ്മുടെ ചിന്താശക്തി തളർന്നുപോവുകയല്ലാതെ ഉത്തരത്തിലെത്തുകയില്ല. ഇതു നഗ്നനേത്രങ്ങളുടെ മാത്രം നിസ്സഹായതയല്ല. ആധുനികശാസ്ത്രം ആവിഷ്കരിച്ചിട്ടുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങളോടുകൂടി ഈ പ്രശ്നത്തെ നേരിടുന്ന ശാസ്ത്രജ്ഞന്റെ സ്ഥിതിയും അന്തിമവിശകലനത്തിൽ ഇതുതന്നെയാണ്. നമ്മുടെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നതിനെ അപേക്ഷിച്ച് ലക്ഷക്കണക്കിന് മടങ്ങ് അധികം നക്ഷത്രങ്ങളെയും അതിനനുസൃതമായ വിദൂരമേഖലകളെയും കണ്ടെത്താൻ ജ്യോതിശ്ശാസ്ത്രജ്ഞനു കഴിയുന്നുണ്ട്. പക്ഷേ, അതുകൊണ്ടും പ്രശ്നമവസാനിക്കുന്നില്ല. വിശ്വവിശാലതയുടെ ഒരു ചെറു കോണിൽ മാത്രമാണ് ഈ ഉപകരണങ്ങളുടെയെല്ലാം പര്യവേക്ഷണമേഖലകളൊതുങ്ങി നിൽക്കുന്നത്.

മിന്നാമിനുങ്ങുകളെപ്പോലെ രാത്രിയുടെ ഇരുണ്ട പശ്ചാത്തലത്തിൽ ആകാശത്ത് ചിതറിക്കിടക്കുന്ന തേജോബിന്ദുക്കളെല്ലാം, നാം സാധാരണ കരുതുന്നപോലെ ഒറ്റപ്പെട്ട നക്ഷത്രങ്ങളല്ല. അവയിൽ പലതും ലക്ഷക്കണക്കിനും കോടിക്കണക്കിനും നക്ഷത്രങ്ങൾ ചേർന്നുള്ള വമ്പിച്ച നക്ഷത്രസമൂഹങ്ങൾ അഥവാ ഗാലക്സികളോ, നക്ഷത്രങ്ങളും ഭീമാകാരങ്ങളായ വാതകധൂളിമേഘങ്ങളും ചേർന്നുള്ള നെബുലകളോ ആണ്. കാലിഫോർണിയയിലെ മൗണ്ട് പലോമറിലുള്ള 200-ഇഞ്ച് ദൂരദർശിനിയിലൂടെ നോക്കിയാൽ നൂറുകോടിയോളം ഗാലക്സികളെ കാണാൻ കഴിയും! അതായത് 30,000,000,000,000,000,000,000 (30 സെക്സ്ടി മില്യൺ) നാഴികയോളം ദൂരം! എന്നാൽ പ്രപഞ്ചത്തിന്റെ അനന്തവിശാലമായ വിസ്തൃതിയെക്കുറിച്ചോർക്കുമ്പോൾ ഇതെത്രയോ നിസ്സാരം! ആ നിസ്സീമ മേഖലകളിൽ ചിതറിക്കിടക്കുന്ന നക്ഷത്രസമൂഹങ്ങളിൽ ഒരു ചെറിയ അംശം മാത്രമാണ് ഈ ദൂരദർശിനിയിലൂടെ കാണാൻ കഴിയുന്നതെന്നോർക്കണം. ഈ ദൃശ്യമേഖലയെയും വിട്ട് പതിന്മടങ്ങ് അകലത്തിലുള്ള ഗാലക്സികളെയും നെബുലകളെയും കുറിച്ച്, വിവിധതരത്തിലുള്ള ആധുനികോപകരണങ്ങളുടെ സഹായത്തോടെ പഠിക്കാനിന്നു കഴിയുന്നുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ സാമാന്യഘടനയെക്കുറിച്ചും പൊതുസ്വഭാവങ്ങളെക്കുറിച്ചും കുറെയെല്ലാം മനസ്സിലാക്കാൻ നമുക്കിന്നു കഴിയും.