Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പദാർത്ഥത്തിൻ്റെ അവസ്ഥകൾ 59


ത്തിന്റെ കാര്യം ഭേദമാണ്. അത് അണുകേന്ദ്രങ്ങളെക്കാൾ നൂറുമടങ്ങ് ചെറുതാണ്. ഒരു അനുകേന്ദ്രത്തിലെ മൗലികകണികകൾ തൊട്ടടുത്തുള്ളവയുമായി മാത്രമേ പ്രതിപ്രവർത്തിക്കുന്നുള്ളു. ഇതിനു കാരണമെന്താണെന്നറിവായിട്ടില്ല. രണ്ടു കണികകൾ തമ്മിലുള്ള പരസ്പരപ്രവർത്തനം, അവ തമ്മിലുള്ള അകലത്തെ മാത്രമല്ല അവയുടെ പ്രദക്ഷിണദിശയെക്കൂടി ആശ്രയിച്ചിരിക്കുന്നു. പരമാണുഘടനയെക്കുറിച്ചു പറഞ്ഞപ്പോൾ കഴിഞ്ഞ അദ്ധ്യായത്തിൽ വിവിധ മൗലികകണികകളെക്കുറിച്ചു പ്രതിപാദിക്കുകയുണ്ടായല്ലോ. അവയിൽ മീസോണുകളാണ് അണുകേന്ദ്രമണ്ഡലത്തിലെ പ്രധാന പങ്കാളികൾ. മൗലികകണികകൾ തമ്മിൽ മീസോണുകൾ കൈമാറുന്നതിന്റെ ഫലമായാണ് അണുകേന്ദ്രശക്തികളുണ്ടാവുന്നതെന്നു കരുതപ്പെടുന്നു. അണുകേന്ദ്രത്തിലടങ്ങിയിട്ടുള്ള ഈ ശക്തി - അണുശക്തി ഇന്നു വിവിധ മാർഗ്ഗങ്ങളിലൂടെ മനുഷ്യൻ തന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നു.

അജ്ഞാത മേഖലകൾ

മുകളിൽ വിവരിച്ച നാല് അവസ്ഥകളിലും മൂന്നു മണ്ഡലങ്ങളിലുമായിട്ടു മാത്രമാണോ പ്രാപഞ്ചികപദാർത്ഥം നിലനില്ക്കുന്നത്? ഒരിക്കലുമായിരിക്കില്ല. ഇതുവരെ അറിയപ്പെടാത്ത പല മേഖലകളും ഇനിയും അനാവരണം ചെയ്യപ്പെടാനുണ്ട്. പ്രകാശത്തേക്കാൾ വേഗതയുള്ള ടാക്കിയോണുകളെക്കുറിച്ചുള്ള സങ്കല്പം യാഥാർത്ഥ്യമായിത്തീരുകയാണെങ്കിൽ അത് അത്യത്ഭുതകരമായ ഒരു പുതിയ മേഖലയാണ് നമുക്കു തുറന്നുതരിക.

പ്ലാസ്മയെക്കുറിച്ചുള്ള ഇന്നത്തെ നമ്മുടെ അറിവ് പരിമിതമാണ്. അതുതന്നെ പുതിയ മേഖലകൾ അനാവരണം ചെയ്തുകൂടായ്കയില്ല. താപനിലയുടെ പരമാവധി പരിധിയെന്താണെന്നോ, ആ അവസ്ഥയിൽ പദാർത്ഥത്തിന്റെ സ്ഥിതി എന്തായിരിക്കുമെന്നോ നമുക്കറിഞ്ഞുകൂടാ. നമുക്ക് ഇന്ന് ചിന്തനീയംപോലുമല്ലാത്ത വിധത്തിൽ ഉയർന്ന മർദ്ദത്തിൽ പദാർത്ഥത്തിന്റെ സ്ഥിതി എന്തായിരിക്കുമെന്നും നമുക്കറിവില്ല. ഇതുപോലെ പദാർത്ഥത്തിന്റെ പല മേഖലകളെക്കുറിച്ചും ഇനിയും നാം പഠിക്കേണ്ടതായിട്ടാണിരിക്കുന്നത്.