Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പദാർത്ഥത്തിൻ്റെ അവസ്ഥകൾ 53


എന്നാൽ തരംഗങ്ങളുമല്ല. ഇതുതന്നെയാണ് ഇലക്ട്രോണുകളുടെയും മറ്റു പരമാണുഭാഗങ്ങളുടെയും സ്ഥിതി. ഈ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്ന തത്വത്തെയാണ് ക്വാണ്ടം സിദ്ധാന്തം എന്നു പറയുന്നത്.

ഗുരുത്വാകർഷണ മണ്ഡലം

എല്ലാ പ്രാപഞ്ചികവസ്തുക്കളും പരസ്പരം ആകർഷിക്കപ്പെടുന്നു. പ്രപഞ്ചത്തിന്റെ ഒരു മേഖലയും പ്രാപഞ്ചിക ഗുരുത്വാകർഷണത്തിൽനിന്നു മോചിതമല്ല. പ്രാപഞ്ചിക ഗുരുത്വാകർഷണ നിയമം ആദ്യമായി ആവിഷ്കരിക്കുകയും എല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങൾക്കും ബാധകമാക്കുകയും ചെയ്തത് ന്യൂട്ടനാണ്. ന്യൂട്ടന്റെ നിയമങ്ങൾ വളരെക്കാലം ചോദ്യം ചെയ്യപ്പെടാതെ അംഗീകരിക്കപ്പെട്ടു പോന്നുവെങ്കിലും, പിൽക്കാലത്ത് അതേക്കുറിച്ച് സംശയങ്ങൾ ഉന്നയിക്കപ്പെട്ടു. പ്രസിദ്ധമായ സീലിഗർ വിരോധാഭാസം ശ്രദ്ധേയമാണ്. പ്രപഞ്ചം അന്തമാകയാൽ അതിൽ ഒരു സ്ഥാനത്ത് ചെലുത്തപ്പെടുന്ന ഗുരുത്വാകർഷണശക്തി നിർണ്ണയിക്കുവാൻ സീലിഗർ തീരുമാനിച്ചു. ആ ശക്തി പ്രപഞ്ചത്തിന്റെ വ്യാസാർദ്ധത്തിന് ആനുപാതികമാണെന്ന് അദ്ദേഹം കണ്ടു. പക്ഷേ പ്രപഞ്ചം അനന്തമാണെങ്കിൽ അതിൽ ഏതു സ്ഥാനത്തുള്ള ഗുരുത്വാകർഷണവും അനന്തമായിരിക്കും. പക്ഷേ വാസ്തവമിതല്ല; അങ്ങനെ വരുമ്പോൾ പ്രാപഞ്ചിക നിലവാരത്തിൽ ഗുരുത്വാകർഷണ നിയമത്തിനു സാധുതയില്ലെന്നു വരുന്നു. ഈ വിരോധാഭാസം പരിഹരിക്കാനായി പല സിദ്ധാന്തങ്ങളും ആവിഷ്കരിക്കപ്പെട്ടെങ്കിലും തൃപ്തികരമായ പരിഹാരമുണ്ടായില്ല.

ഐൻസ്റ്റീന്റെ സാപേക്ഷതാ സിദ്ധാന്തം പല പ്രശ്നങ്ങൾക്കും പരിഹാരമേകി. എല്ലാ വസ്തുക്കളുടെയും ജഡത്വദ്രവ്യമാനം, പ്രവേഗത്തോടൊപ്പം വ്യത്യാസപ്പെടുന്നതായി അദ്ദേഹം സിദ്ധാന്തിച്ചു. തന്മൂലം വസ്തുക്കളുടെ ഗുരുത്വാകർഷണദ്രവ്യമാനവും പ്രവേഗത്തോടൊപ്പം വ്യത്യാസപ്പെടേണ്ടതാണ്. അങ്ങനെ ജഡത്വത്തിന്റെയും ഗുരുത്വാകർഷണത്തിന്റെയും അടിസ്ഥാനം ഒന്നു തന്നെയാണെന്ന് അദ്ദേഹം സ്ഥാപിച്ചു. സാപേക്ഷതാ സിദ്ധാന്തപ്രകാരം സ്ഥലവും കാലവും സമന്വയിക്കപ്പെടുകയും ഊർജ്ജവും ദ്രവ്യമാനവും അനന്യമാക്കപ്പെടുകയും ചെയ്തതോടെ ന്യൂട്ടോണിയൻ സിദ്ധാന്തങ്ങളെ അപേക്ഷിച്ച് അതിവിശാലമായ ഒരു പശ്ചാത്തലത്തിൽവച്ച് പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ പരസ്പരബന്ധത്തെ വ്യാഖ്യാനിക്കാനിതിനു കഴിഞ്ഞു.

1916-ൽ ഐൻസ്റ്റീൻ ഗുരുത്വാകർഷണ തരംഗങ്ങളുടെ അസ്തിത്വത്തെക്കുറിച്ചു പ്രവചിച്ചു. സാപേക്ഷതാസിദ്ധാന്തത്തിനുസൃതമായി ന്യൂട്ടന്റെ ഗുരുത്വാകർഷണത്തെ പുനരാവിഷ്കരിക്കുന്നതിനുവേണ്ടി അദ്ദേഹം 'മണ്ഡല'ത്തെക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സൂര്യനു ചുറ്റും നിലനിൽക്കുന്ന ഗുരുത്വാകർഷണമണ്ഡലമാണ് ഗ്രഹങ്ങളെ അതാതു സ്ഥാനങ്ങളിൽ നിലനിർത്തുന്നത്.