താൾ:പ്രപഞ്ചവും മനുഷ്യനും.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പദാർത്ഥത്തിൻ്റെ അവസ്ഥകൾ 51




പ്ലാസ്മ

തീനാളവും മറ്റും സാധാരണ രാസപ്രവർത്തനങ്ങളുടെ താപപരിധിക്കുള്ളിൽ ആയതുകൊണ്ട്, അതു പ്ലാസ്മയുടെ 'യഥാർത്ഥ' രൂപമാണെന്ന് പറഞ്ഞുകൂടാ. 6000-8000 ഡിഗ്രി സെന്റിഗ്രേഡാണ് രാസപ്രവർത്തനങ്ങളുടെ ഉയർന്ന താപപരിധി. അതിനപ്പുറമുള്ള താപനിലയിലാണ് യാഥാർത്ഥ പ്ലാസ്മനിലകൊള്ളുന്നത്. അതിസങ്കീർണ്ണമായ പരീക്ഷണ സാഹചര്യങ്ങളുടെ സഹായത്തോടെ മാത്രമേ ഇത്തരം പ്ലാസ്മകളെക്കുറിച്ച് പഠിക്കാനാവൂ. ലക്ഷക്കണക്കിന് ഡിഗ്രി താപനിലയിലുള്ള പ്ലാസ്മകൾ നിരീക്ഷണവിധേയമാക്കാൻ ശാസ്ത്രജ്ഞന്മാർക്കിന്നു കഴിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങളിൽ നിലവിലുള്ള അപാരമായ താപനിലയിൽ, പരമാണുക്കൾക്കും മറ്റും തങ്ങളുടെ ഘടന അതേപടി നിലനിർത്താനോ, നിയതമായ രാസപ്രവർത്തനങ്ങളിലേർപ്പെടാനോ കഴിയില്ല. ആ അവസ്ഥയിൽ പദാർത്ഥം നിലനിൽക്കുന്നത് പ്ലാസ്മയായിട്ടാണ്. സൂര്യന്റെ ഉപരിതലത്തിലെ താപനില 8000 ഡിഗ്രിയാണ്. ആന്തരികതലങ്ങളിൽ ലക്ഷക്കണക്കിന് ഡിഗ്രിയാണ് താപനില. സൂര്യനേക്കാൾ എത്രയോ മടങ്ങ് അധികം താപനിലയുള്ള നക്ഷത്രങ്ങൾ പ്രപഞ്ചത്തിൽ അസംഖ്യമുണ്ട്. ചുരുക്കത്തിൽ, പ്രാപഞ്ചിക പദാർത്ഥത്തിന്റെ സിംഹഭാഗവും പ്ലാസ്മയുടെ രൂപത്തിലാണ് നിലനില്ക്കുന്നത്.

മണ്ഡലങ്ങൾ

ഇതുവരെ പറഞ്ഞത്, നമ്മുടെ ഇന്ദ്രിയങ്ങൾകൊണ്ട് എളുപ്പത്തിൽ അനുഭവവേദ്യമാകുന്ന പദാർത്ഥത്തിന്റെ അവസ്ഥകളെക്കുറിച്ചാണ്. എന്നാൽ, അവയേക്കാൾ അതിവിപുലമായ മേഖലകളിൽവ്യാപരിച്ചു കിടക്കുന്ന ചില അവസ്ഥകളുണ്ട്. അവയെ മണ്ഡലങ്ങളെന്നു പറയുന്നു. വൈദ്യുതകാന്തമണ്ഡലം, ഗുരുത്വാകർഷണമണ്ഡലം, അണുകേന്ദ്രമണ്ഡലം എന്നിവയാണവ.

വൈദ്യുതകാന്തമണ്ഡലത്തിലെ ഒരംശം നമുക്ക് നേരിട്ട് അനുഭവപ്പെടുന്നതാണ് പ്രകാശം. എന്നാൽ, എണ്ണമറ്റ നക്ഷത്രങ്ങളിൽനിന്ന് പുറപ്പെട്ട് പ്രപഞ്ചത്തിലെങ്ങും വ്യാപരിച്ചു കിടക്കുന്ന പ്രകാശരശ്മികളോടൊപ്പം നമ്മുടെ നഗ്നനേത്രങ്ങൾക്കജ്ഞാതമായ അതിവിപുലമായ ഒരു മേഖല നിലകൊള്ളുന്നുണ്ട്. നമ്മുടെ നേത്രങ്ങൾക്ക് വിഷയീഭവിക്കുന്ന പ്രകാശം തന്നെ, വിവിധ ഘടകങ്ങൾ ചേർന്നതാണെന്നറിയാമല്ലോ. ഒരു പ്രകാശരശ്മിയെ വിവിധ ഘടകങ്ങൾ അവയുടെ തരംഗദൈർഘ്യത്തിനനുസരിച്ച് അപഭംഗത്തിന് വിധേയമാകുന്നതു കൊണ്ട്, പ്രിസത്തിൽനിന്ന് പുറത്തുകടക്കുന്ന രശ്മി പലതായി ചിതറുന്നു. അങ്ങനെ ഒരറ്റത്ത് ചുവപ്പും മറ്റേ അറ്റത്തു വയലറ്റും ഉള്ള ഏഴു നിറങ്ങളടങ്ങിയ ഒരു സ്പെക്ട്രം നമുക്ക് ദൃശ്യമാകുന്നു. ഈ ഏഴു വർണ്ണങ്ങൾ ചേർന്നതാണ് ഓരോ പ്രകാശരശ്മിയുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.