Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പദാർത്ഥത്തിൻ്റെ അവസ്ഥകൾ 49


അനവരതം നടന്നുകൊണ്ടിരിക്കുന്ന ഈ പരിവർത്തന പ്രക്രിയകൾ അടിസ്ഥാനപരമായി രണ്ടുവിഭാഗത്തിലുൾപ്പെടുന്നു. ഒന്നാമത്തെ വിഭാഗത്തിൽ പെടുന്നത് വസ്തുക്കളുടെ ബാഹ്യവും പ്രകടവുമായ രൂപത്തിലുണ്ടാകുന്ന മാറ്റങ്ങളാണ്. ഇവയധികവും നമ്മുടെ ദൈനംദിനജീവിതത്തിൽ നമുക്കനുഭവവേദ്യവുമാണ്. ചൂടുപിടിപ്പിക്കുമ്പോൾ പല ഖരവസ്തുകളും ദ്രാവകങ്ങളാവുന്നതും, ദ്രാവകങ്ങൾ വാതകങ്ങളാവുന്നതും മറ്റും നമുക്ക് സുപരിചിതമാണ്. ഇത്തരം പരിവർത്തനങ്ങളെ ഭൗതികപരിവർത്തനങ്ങളെന്നു വിളിക്കുന്നു. ഇവിടെ, പരിവർത്തനവിധേയമാകുന്ന വസ്തുവിന്റെ അടിസ്ഥാനഘടകങ്ങളായ പരമാണുക്കളുടെ ആന്തരഘടനയിൽ ഒരു മാറ്റവുമുണ്ടാകുന്നില്ല. പരമാണുക്കൾ തമ്മിലുള്ള ബാഹ്യബന്ധങ്ങളിൽ മാത്രമാണ് മാറ്റമുണ്ടാകുന്നത്. തന്മൂലം ഈ മാറ്റങ്ങൾ സ്ഥായിയായതല്ല. താല്ക്കാലികം മാത്രമാണ്.

രണ്ടോ അതിലധികമോ മൂലകങ്ങൾ ചേർന്ന് പുതിയൊരു വസ്തു ഉണ്ടാകുമ്പോൾ സ്ഥിതി ഇതല്ല; ഹൈഡ്രജനും ഓക്സിജനും ചേർന്ന് വെള്ളമുണ്ടാകുമ്പോൾ ഹൈഡ്രജനണുവിന്റെയും ഓക്സിജനണുവിന്റെയും മൗലികമായ ആന്തരികഘടനയിൽ വ്യത്യാസമുണ്ടാകുന്നു. അവയുടെ ഇലക്ട്രോൺ പഥങ്ങൾ തമ്മിൽ അവിഭാജ്യമായവിധം ബന്ധിക്കപ്പെടുന്നു. ഇങ്ങനെയുണ്ടാകുന്ന ബന്ധങ്ങൾ സ്ഥായിയായിട്ടുള്ളതായിരിക്കും. സവിശേഷ സാഹചര്യങ്ങൾ സൃഷ്ടിച്ച് അവയെ വേർപെടുത്തുന്നതുവരെ അവ അതേപടിയിൽ തന്നെ നിലനിൽക്കും. ഇങ്ങനെയുണ്ടാകുന്ന പരിവർത്തനങ്ങളെയാണ് രാസപരിവർത്തനങ്ങളെന്ന് വിളിക്കുന്നത്. വാതകാവസ്ഥയിലും മറ്റും നിലനില്ക്കുന്ന ആപൂർവം ചില മൂലകങ്ങളൊഴിച്ച് ബാക്കിയെല്ലാം വിവിധതരത്തിലുള്ള രാസബന്ധങ്ങൾക്കു വിധേയമായി പലതരം യൗഗികങ്ങളായിട്ടാണ് നിലനിൽക്കുന്നത്. നാമടക്കമുള്ള ജീവികളും, നമുക്കു ചുറ്റുമുള്ള വിവിധതരം അചേതനവസ്തുക്കളും രൂപംകൊണ്ടിട്ടുള്ളത് ഇത്തരം യൗഗികങ്ങൾ പലതരത്തിൽ സംയോജിച്ചതിന്റെ ഫലമായിട്ടാണ്.

താപനിലയും പദാർത്ഥത്തിന്റെ അവസ്ഥകളും

എല്ലാ ഭൗതികമാറ്റങ്ങൾക്കും നിദാനമായി വർത്തിക്കുന്ന ഒരു പ്രതിഭാസമുണ്ട് താപം. താപമാകട്ടെ പദാർത്ഥകണികകളുടെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പദാർത്ഥകണികകളെല്ലാം നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുകയാണെന്നുള്ള വസ്തുത, താപം ഇവയുടെ പരസ്പരബന്ധത്തിലെ ഒരു സുപ്രധാന ഘടകമാണെന്നു വ്യക്തമാക്കുന്നു. കണികകളുടെ ചലനം വർദ്ധിഅക്കുന്നതോടൊപ്പം താപവും വർദ്ധിക്കുന്നു. ഈ ചിന്താഗതിക്ക് ഇന്നു ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. താപവും തന്മാത്രകളുടെ ചലനവും രണ്ടു വ്യത്യസ്ത പ്രതിഭാസങ്ങളല്ല. അവ ഒന്നു തന്നെയാണ്. അഥവാ, തന്മാത്രകളുടെ ചലനമാണ് താപം.