Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 പ്രപഞ്ചവും മനുഷ്യനും


8 ആണ്. അതായത് അണുകേന്ദ്രത്തിനു ചുറ്റും 8 ഇലക്ട്രോണുകൾ കറങ്ങിക്കൊണ്ടിരിക്കും. തന്മൂലം ഈ ഇലക്ട്രോണുകളുടെ ഋണചാർജ്ജിനെ നിഷ്പക്ഷമാക്കുന്നതിനു വേണ്ടി അണുകേന്ദ്രത്തിൽ 8 ധനചാർജുകൾ അഥവാ 8 പ്രോട്ടോണുകൾ വേണം. പക്ഷേ, ഓക്സിജന്റെ അണു-ഭാരം 16 ആണ്. അതായത് അണുകേന്ദ്രത്തിൽ 16 പ്രോട്ടോണുകൾ ഉണ്ടായിരിക്കണം. ഇതു സാദ്ധ്യമല്ലതാനും. അപ്പോൾ അണുകേന്ദ്രത്തിൽ 8 പ്രോട്ടോണുകളെ കൂടാതെ മറ്റേതോ 8 കണികകൾ കൂടിയുണ്ടായിരിക്കും. അതെന്തായിരിക്കും?

1932-ൽ കാഡ്‌വിക്ക് ന്യൂട്രോൺ കണ്ടുപിടിച്ചതോടെ ഈ പ്രശ്നത്തിനുത്തരം ലഭിച്ചു. ഏതാണ്ട് പ്രോട്ടോണിന്റെ അത്രതന്നെ ദ്രവ്യമാനമുള്ള ഒരു കണികയാണ് ന്യൂട്രോൺ. അതിന് വൈദ്യുതചാർജില്ലാതാനും. അതുകൊണ്ട് മുകളിലുന്നയിക്കപ്പെട്ട പ്രശ്നം എളുപ്പത്തിൽ പരിഹൃതമാകും. അതായത് ഓക്സിജന്റെ അണുകേന്ദ്രത്തിൽ 8 പ്രോട്ടോണും 8 ന്യൂട്രോണും ഉണ്ടായിരുന്നാൽ അണുഭാരം 16 ആകും. വൈദ്യുതചാർജ്ജിന് വ്യത്യാസമൊന്നും വരികയുമില്ല.

അങ്ങനെ ഒരു പരമാണുവിന്റെ അടിസ്ഥാനഘടകങ്ങൾ മൂന്നാണെന്നു തെളിഞ്ഞു പ്രോട്ടോണുകളും, ന്യൂട്രോണുകളും, ഇലക്ട്രോണുകളും. ന്യൂക്ലിയസ്സിന്റെ ഘടകങ്ങളായ പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും ന്യൂക്ലിയോണുകളെന്നു വിളിക്കുന്നു.

പോസിട്രോൺ

പരമാണുവിന്റെ അടിസ്ഥാനഘടനയെക്കുറിച്ചുള്ള വ്യക്തമായ രൂപം ലഭിച്ചെങ്കിലും മുകളിൽ വിവരിച്ച മൂന്നു കണികകൾ മാത്രമാണോ മൗലിക കണികകൾ എന്നുള്ള പ്രശ്നം അവശേഷിച്ചു. വേറൊരു പ്രശ്നം കൂടിയുണ്ട്. റേഡിയോ പ്രസരവസ്തുക്കളുടെ അണുകേന്ദ്രങ്ങളിൽ നിന്നു സദാ ഇലക്ട്രോണുകൾ വമിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ. അണുകേന്ദ്രത്തിൽ ഇലക്ട്രോണുകളില്ലെങ്കിൽ പിന്നെ ഇവ എവിടുന്നു വന്നു? മുമ്പില്ലാതിരുന്ന ഇലക്ട്രോണുകൾ പ്രസരണസമയത്തു നിർമ്മിക്കപ്പെടുകയാണൊ? അതേ എന്നുതന്നെയാണ് ഉത്തരം. ഒരു പരമാണുവിൽനിന്നു പ്രകാശം പ്രസരിക്കപ്പെടുന്നതുപോലെ തന്നെ ആണിത്. എങ്കിലും ഇല്ലായ്മയിൽനിന്ന് ഈ കണികകൾ സൃഷ്ടിക്കപ്പെടുമോ എന്നു സംശയമുദിച്ചേയ്ക്കാം. ഇവിടെ ഐൻസ്റ്റീന്റെ സാപേക്ഷതാസിദ്ധാന്തം നമ്മുടെ സഹായത്തിനെത്തുന്നു. (അടുത്ത അദ്ധ്യായത്തിൽ ഈ സിദ്ധാന്തം വിശദമായി ചർച്ചചെയ്തിട്ടുണ്ട്.) ഈ സിദ്ധാന്തപ്രകാരം ഊർജവും പദാർത്ഥവും സമാനങ്ങളാണ്. അവ അന്യോന്യം രൂപാന്തവിധേയമാണ്; ഊർജത്തെ പദാർത്ഥമാക്കി മാറ്റാം. പദാർത്ഥത്തെ ഊർജമായും. ഇലക്ട്രോണിന്റെ ദ്രവ്യമാനം തുലോം തുച്ഛമാകയാൽ വളരെ കുറച്ച് ഊർജമേ ഇതിന്റെ നിർമ്മിതിക്കാവശ്യമുള്ളു. ഇതിനാവശ്യമായ ഊർജം അണുകേന്ദ്രത്തിൽ ധാരാളമായിട്ടുണ്ടുതാനും. അങ്ങനെ