Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാധാരണയായി ശാസ്ത്രജ്ഞന്മാർ, ബൂർഷ്വാസമൂഹത്തിലെ ശാസ്ത്രജ്ഞന്മാർ തങ്ങളുടെ പരിമിതമായ ഗവേഷണമണ്ഡലങ്ങളിൽ ഒതുങ്ങിക്കൂടിക്കൊണ്ട്, കൂടുതൽ വിശാലമായ ദാർശനിക പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ് പതിവ്. തങ്ങൾ ഒരു തത്വശാസ്ത്രത്തിലും വിശ്വസിക്കുന്നില്ല എന്ന അവരുടെ അവകാശവാദങ്ങൾ കപടനാട്യങ്ങളാണ്. കാരണം വർഗ്ഗസമൂഹത്തിലെ ഓരോ വ്യക്തിക്കും അയാൾ പ്രതിനിധാനം ചെയ്യുന്ന വർഗ്ഗത്തിന്റെ തത്വശാസ്ത്രമുണ്ടാകും. എന്നാൽ ഷാക്വ മൊണാദ് തന്റെ ഗവേഷണമണ്ഡലമായ തന്മാത്രാ ജീവശാത്ര(Molecular Biology) ത്തിൽ ഒതുങ്ങി നിൽക്കാൻ തയ്യാറല്ല. തന്റെ മണ്ഡലത്തിൽ നിന്ന് ലഭിച്ചിട്ടുള്ള ശാസ്ത്രീയവസ്തുതകളെ സിദ്ധാന്തവൽക്കരിച്ചുകൊണ്ട് ഒരു ലോകവീക്ഷണത്തിന് രൂപം നൽകുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തനിക്കൊരു തത്വശാസ്ത്രമുണ്ടെന്നും അതിന്നതാണെന്നും തുറന്നുപറയുന്ന അദ്ദേഹം ഇക്കാര്യത്തിൽ മറ്റു പല ശാസ്ത്രജ്ഞന്മാരെയും പോലെ കപടനാട്യക്കാരനല്ല എന്നുള്ളത് അഭിനന്ദനീയമാണ്. പക്ഷെ, ഇതൊരിക്കലും അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിനു നൽകുന്ന അഭിനന്ദനമല്ല. ശാസ്ത്രരംഗത്ത് അദ്ദേഹം കൈവരിച്ച നേട്ടങ്ങളോടുള്ള ബഹുമാനം കളഞ്ഞുകുളിക്കത്തക്കവിധം ബാലിശവും സഹതാപാർഹവുമായ രീതിയിലാണ് അദ്ദേഹം തന്റെ തത്വശാസ്ത്രത്തിന് രൂപം നൽകിയിരിക്കുന്നത്.

ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ക്വാണ്ടം ബലതന്ത്രം, ശാസ്ത്രരംഗത്ത് ആധിപത്യം നേടിയ കാലത്ത്, യാദൃശ്ചികതയും അനിവാര്യതയും തമ്മിലുള്ള ബന്ധം ശാസ്ത്രജ്ഞന്മാരുടെയും തത്വചിന്തകന്മാരുടെയും ഇടയിൽ ഒരുപോലെ വിവാദവിഷയമാവുകയുണ്ടായി. ഇപ്പോഴിതാ, ജീവശാസ്ത്രരംഗത്ത് അടുത്തകാലത്തുണ്ടായ കൻടുപിടുത്തങ്ങളുടെ പേരിലാണ് ഷാക്വ മൊണാദ് ഇതേവിഷയം തന്നെ അവതരിപ്പിക്കുന്നത്. ഏതായാലും, കുറെക്കാലമായിട്ട്, യാദൃശ്ചികതയും അനിവാര്യതയും വിവിധ ശാസ്ത്രശാഖകളിലും തത്വശാസ്ത്രരംഗത്തും വളരെയധികം വിവാദവിഷയമായി തീർന്നിട്ടുണ്ടെന്നുള്ളത് ആശാവഹമായ സംഗതിയാണ്.

തത്വശാസ്ത്രപരമായി മാർക്സിസത്തെ എതിർക്കാനുള്ള മൊണാദിന്റെ ശ്രമം പരിഗണന അർഹിക്കാത്തവിധം ബാലിശമാണ്. മാർക്സിസത്തെ പ്രത്യേകിച്ചും വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തെ അങ്ങേയറ്റം വികൃതമായ രീതിയിൽ അവതരിപ്പിച്ചിട്ട് അതിനെ ആക്രമിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മാർക്സിസത്തെ അമിതലളിതവൽക്കരിച്ചിട്ടുള്ള ചില പുസ്തകങ്ങളെ ആശ്രയിച്ചുകൊണ്ട് വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തെ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമാണ് ഈ വികൃതധാരണകൾക്കുള്ള പ്രധാന കാരണം. ഹെഗലിന്റെ ആശയവാദപരമായ വൈരുദ്ധ്യശാസ്ത്രത്തെ മാർക്സ് തലകീഴായി മറിച്ച് സ്വീകരിച്ചതുകൊണ്ട് അടിസ്ഥാനപരമായിത്തന്നെ ഹെഗലിന്റെ വീക്ഷണം തന്നെയാണ് മാർക്സി