Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെയ്യും. മുൻ സോഷ്യലിസ്റ്റു രാജ്യങ്ങളിൽ തന്നെ, ഇപ്പോഴത്തെ മുതലാളിത്ത പുനസ്ഥാപന പ്രക്രിയ കൂടുതൽ സങ്കീർണ്ണമായ വൈരുദ്ധ്യങ്ങളിലേയ്ക്കാണ് നീങ്ങാൻ പോകുന്നത്. വികലമായതെങ്കിലും, വിലക്കയറ്റമില്ലാത്തതും തിഴിൽ സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷിതത്വവും നിലനിന്നിരുന്നതുമായ മുൻ സോഷ്യലിസ്റ്റുവ്യവസ്ഥയിൽ ജീവിച്ച ജനങ്ങൾക്ക് പാശ്ചാത്യ മോഡൽ കഴുത്തറപ്പൻ മത്സരങ്ങളിലധിഷ്ടിതമായ മുതലാളിത്തം അപ്പടി സ്വീകാര്യമാവാൻ പോവുന്നില്ല. അവർ പുതിയ അന്വേഷണങ്ങളും കണ്ടെത്തലുകളും നടത്തുമെന്നതും ചരിത്രനിയമമാണ്.

അമേരിക്കയും സോവിയറ്റു യൂണിയനും രണ്ടു സാമ്രാജ്യശക്തികളായി നിന്നുകൊണ്ടു മത്സരിച്ച ലോകരംഗം ഇന്ന്, അമേരിക്കയുടെ ചോദ്യം ചെയ്യപ്പെടാത്ത 'പുതിയ ലോക ക്രമ'ത്തിന് 'വഴിമാറി കൊടുത്തു കൊണ്ടിരിക്കുകയാണ്. സോവിയറ്റ് യൂണിയനിൽ അടിച്ചമർത്തപ്പെട്ടു കിടന്നിരുന്ന വിവിധ ദേശീയതകൾ സ്വതന്ത്രറിപ്പബ്ലിക്കായി മാറിയതോടെ, ഈ പ്രക്രിയ പൂർത്തിയായിരിക്കുകയാണ്. ദേശീയതകളുടെ സ്വയം നിർണ്ണയാവകാശം എന്ന ലെനിനിസ്റ്റ് തത്വത്തെ ആധാരമാക്കിയാണ് സോവിയറ്റു യൂണിയൻ രൂപം കൊണ്ടതെങ്കിലും, പഴയ റഷ്യൻ സാമ്രാജ്യത്വത്തിന്റെ മറ്റൊരു പതിപ്പ് ആകത്തക്കവിധമുള്ള മേധാവിത്വ സംവിധാനമാണ് ഇവിടെ അരക്കിട്ടുറപ്പിക്കപ്പെട്ടത്. അതിനെതിരായി വിവിധ ദേശീയതകളുടെ ചെറുത്തുനില്പ് പല രീതിയിൽ ഉയർന്നു വരുന്നുണ്ടായിരുന്നു. ഇപ്പോൾ തുറന്ന ബൂർഷ്വാ സമ്പ്രദായങ്ങളോടുകൂടി ഈ സമരങ്ങൾ അണപൊട്ടി ഒഴുകുകയായിരുന്നു. ഈ പ്രക്രിയയിലൂടെ സോവിയറ്റു യൂണിയന്റെ ശിഥിലീകരണം അനിവാര്യമായിരുന്നു. ഈ റിപ്പബ്ലിക്കുകളെല്ലാം ഇന്ന് അമേരിക്കൻ മേധാവിത്വത്തിലുള്ള പുത്തൻ കോളനികളായി മാറിക്കൊണ്ടിരിക്കുകയാണ് പ്രാദേശികതലത്തിൽ വൻ റഷ്യൻ മേധാവിത്വം തുടരുമെങ്കിലും.

സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെയെല്ലാം രണ്ടു വൻ ശക്തികൾ പങ്കിട്ടെടുക്കുന്ന പഴയ അവസ്ഥയ്ക്കു പകരം, ഒരൊറ്റ സാമ്രാജ്യത്വ കേന്ദ്രത്തിനെതിരായി മർദ്ദിത രാജ്യങ്ങളിലെ സമരങ്ങൾ വികസിക്കാനുള്ള സാധ്യത ഇന്ന് ഏറിയിരിക്കുകയാണ്. ലോക സാമ്രാജ്യത്വവും സാമ്രാജ്യവിരുദ്ധശക്തികളും തമ്മിൽ നേരിട്ടുള്ള സംഘട്ടനത്തിന്റെ യുഗമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഈ സമരവേദികളും സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും വേണ്ടിയുള്ള പുതിയ അന്വേഷണങ്ങളുടെയും സമരങ്ങളുടെയും രംഗവേദിയായി മാറും. മാർച്ച് 1992