38 പ്രപഞ്ചവും മനുഷ്യനും
പരസ്പരം സമന്വയിക്കപ്പെടുന്ന ഒരു സങ്കീർണ്ണവ്യവസ്ഥ ഉരുത്തിരിഞ്ഞുവന്നു. പഴയത് ഒരു പ്രപഞ്ചചിത്രമായിരുന്നെങ്കിൽ, ഇന്നത് പ്രപഞ്ചധാരണയായി മാറിയിരിക്കുന്നു. മനുഷ്യന്റെ മാനസിക മേഖലകളിൽനിന്ന് മുക്തമായ, നിശ്ചിതകാലത്ത്, നിശ്ചിതസമയത്ത് നിലകൊണ്ട ഒരു ചിത്രമായിരുന്നു പഴയ പ്രപഞ്ചം. ഇന്നാകട്ടെ, പ്രപഞ്ചത്തെക്കുറിച്ച് നാമുണ്ടാക്കുന്ന ധാരണയിലെ ഒരു സജീവപങ്കാളിയാണ് നിരീക്ഷിക്കുന്ന വ്യക്തിയുടെ മാനസികപ്രവർത്തനങ്ങൾ. ആ ഘടകം കൂടിയില്ലാത്ത പ്രാപഞ്ചിക ധാരണ അപൂർണ്ണവും അവ്യക്തവുമാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രപഞ്ചം പ്രപഞ്ചത്തിലെ ഇടത്തരം വസ്തുക്കളെയും മേഖലകളെയും പ്രതിഭാസങ്ങളെയും മാത്രം സംബന്ധിക്കുന്നതായിരുന്നു. ആ പ്രപഞ്ച ചിത്രത്തിൽ, പദാർത്ഥത്തിന്റെ അതിസൂക്ഷ്മമേഖലയും, പ്രപഞ്ചത്തിന്റെ അനന്തമേഖലയും ഉൾപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ആ ചിത്രം അപൂർണ്ണമായിത്തീർന്നത്. വാസ്തവത്തിൽ പുതിയ പ്രാപഞ്ചിക ധാരണ പഴയ ചിത്രത്തെ തകർക്കുകയല്ല, അതിനപ്രാപ്യമായിരുന്ന അതിസൂക്ഷ്മ മേഖലയിലേയ്ക്കും അതിവിസ്തൃതമേഖലയിലേയ്ക്കും അതിനെ വികസിപ്പിക്കുകയാണു ചെയ്തത്. ആധുനിക ശാസ്ത്ര രംഗത്തുണ്ടായിട്ടുള്ള അടിസ്ഥാനപരമായ ഈ പരിവർത്തനങ്ങൾ കുറേക്കൂടി വിശദമായി അടുത്ത അദ്ധ്യായങ്ങളിൽ നമുക്കു പരിശോധിക്കാം.