താൾ:പ്രപഞ്ചവും മനുഷ്യനും.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 പ്രപഞ്ചവും മനുഷ്യനും

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജോൺ ഡാൽട്ടനാണ് പരമാണുവാദത്തെ പുനരുദ്ധരിച്ചത്. എങ്കിലും പരമാണുവിന്റെ അടിസ്ഥാനപരമായ ഘടനയെക്കുറിച്ചോ സ്വഭാവവിശേഷങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണ രൂപംകൊള്ളുന്നത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്. വൈദ്യുതി, വൈദ്യുതകാന്തതരംഗങ്ങൾ, റേഡിയേഷനുകൾ തുടങ്ങിയവയെക്കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ഏറെക്കുറെ വ്യക്തമായ ധാരണകളുടലെടുത്തിരുന്നു. വാസ്തവത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേയ്ക്ക് ഭൗതികശാസ്ത്രം അതിന്റെ അന്തിമലക്ഷ്യത്തിലെത്തിക്കഴിഞ്ഞുവെന്ന് പല ശാസ്ത്രജ്ഞന്മാരും വിശ്വസിക്കാൻ തുടങ്ങിയിരുന്നു. എന്തുകൊണ്ടെന്നാൽ, തികച്ചും തൃപ്തികരമെന്ന് തോന്നാവുന്ന ഒരു പ്രാപഞ്ചികചിത്രം രൂപപ്പെടുത്താൻ, ഭൗതികശാസ്ത്രത്തിന് അന്ന് കഴിഞ്ഞിരുന്നു.

പഴയ പ്രപഞ്ചചിത്രം

എല്ലാ പ്രാപഞ്ചികവസ്തുക്കളുടെയും ത്രിമാനചിത്രം രൂപീകരിക്കാനുതകുന്ന, അനിഷേധ്യമെന്നു കരുതപ്പെട്ടിരുന്ന യൂക്ലിഡിയൻ ജ്യാമിതി, 'ശൂന്യസ്ഥലവും പരമാണുക്കളും മാത്രമാണ് നിലനിൽക്കുന്നതെ'ന്നുള്ള പരമാണുവാദം; ന്യൂട്ടോണിയൻ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള യാന്ത്രികനിയമങ്ങൾ ഇവയാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രപഞ്ചചിത്രത്തെ രൂപപ്പെടുത്തിയിരുന്ന ഘടകങ്ങൾ. ഇന്നും, ആധുനിക ശാസ്ത്രത്തിന്റെ ഉയർന്ന മേഖലകളുമായി അടുത്ത ബന്ധമില്ലാത്തവർ ഭൂരിപക്ഷവും പുലർത്തിപ്പോരുന്ന പ്രാപഞ്ചികധാരണ, പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്താഗതിയോട് സാദൃശ്യം പുലർത്തുന്നതാണ്.

സർവ്വവിധ പ്രാപഞ്ചികവസ്തുക്കളും നിർമ്മിക്കപ്പെട്ടിട്ടുള്ളത് നിയതരൂപത്തിലുള്ള സൂക്ഷ്മകണികകൾ അഥവാ പരമാണുക്കൾകൊണ്ടാണ്. ഈ കണികകൾ സ്ഥലത്തിലൂടെ സദാ ചലിച്ചുകൊണ്ടിരിക്കുന്നു. പദാർത്ഥം ഖരാവസ്ഥയിലോ വാതകാവസ്ഥയിലോ ദ്രവാവസ്ഥയിലോ നിലനിൽക്കാം. താപം, തണുപ്പ്, പ്രകാശം, നിറം, ശബ്ദം തുടങ്ങിയവയെല്ലാം പദാർത്ഥത്തിന്റെ വിവിധ ഗുണങ്ങളാണ്. വിവിധ ഗുണങ്ങളുള്ള പദാർത്ഥകണികകൾ വിവിധ രീതിയിൽ സംയോജിക്കുന്നതിന്റെ ഫലമായിട്ടാണ് എല്ലാ പ്രാപഞ്ചികവസ്തുക്കളും ഉണ്ടായിരിക്കുന്നതും വിവിധ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നതും. നമ്മുടെ ഇന്ദ്രിയങ്ങൾക്കു നേരിട്ട് ഗ്രഹിക്കാവുന്ന ഈ സ്വഭാവവിശേഷങ്ങളുള്ള പദാർത്ഥമാണ് യഥാർത്ഥ പ്രപഞ്ചം. കൂട്ടത്തിൽ വൈദ്യുതി കൂടി ആ പ്രപഞ്ചചിത്രത്തിൽ സ്ഥാനം പിടിച്ചിരുന്നു. അതിന്റെ സാന്നിദ്ധ്യം നേരിട്ട് അനുഭവവേദ്യമാക്കാൻ കഴിയില്ലെങ്കിലും, വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വൈദ്യുതി പൊതുവിൽ എല്ലാവരാലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇതുപോലെ. ബാഹ്യാകാശ പ്രപഞ്ച മേഖലയെക്കുറിച്ചും അടിയുറച്ച ധാരണകൾ രൂപപ്പെട്ടിരുന്നു. സ്ഥലകാലങ്ങളിൽ നിമഗ്നമായിരിക്കുന്ന നക്ഷത്രസമൂഹങ്ങൾ സൂര്യനുമപ്പുറം അസംഖ്യം നിലനിൽക്കുന്നുണ്ടെന്ന് ശരിയായ വിധത്തിൽ തന്നെ കരുതിപ്പോന്നു.