Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32 പ്രപഞ്ചവും മനുഷ്യനും

പ്രതിഭാസത്തെയും പ്രാപഞ്ചിക പ്രതിഭാസങ്ങൾക്കു പിന്നിൽ അവരോധിക്കാൻ ശ്രമിക്കാതിരുന്ന അദ്ദേഹം വൈരുദ്ധ്യങ്ങളുടെ ചേർച്ചയാണ് പ്രപഞ്ചത്തിൽ ദർശിച്ചത്. മനസ്സിനോ ഭൗതികത്വത്തിനോ കൂടുതൽ പ്രാധാന്യം നൽകാത്ത അദ്ദേഹത്തിന്റെ ചിന്ത ആധുനികവൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ ആദിമരൂപമാണെന്നു പറയാം. ഇതേ കാലഘട്ടത്തിൽത്തന്നെ ജീവിച്ചിരുന്ന ഗൗതമബുദ്ധനും (ബി.സി. 563-483) ഒരു പരിണാമവാദിയായിരുന്നു. ഒരു വൈരുധ്യാധിഷ്ഠിത ചിന്ത രൂപപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞുവെങ്കിലും, ആധ്യാത്മികതയുടെ ഒരു പരിവേഷം അദ്ദേഹത്തിന്റെ ചിന്തയ്ക്കുണ്ടായിരുന്നതുകൊണ്ട് അതിന് കൂടുതൽ പുരോഗമിക്കാൻ കഴിഞ്ഞില്ല.

ഡിമോക്രിറ്റസും കണാദനും

ഗ്രീക്കുദ്വൈതവാദിയായിരുന്ന ഡിമോക്രിറ്റസ് (ബി.സി. 460-370) ആണ് സുപ്രസിദ്ധമായ പരമാണുവാദം ആദ്യമായി ആവിഷ്കരിച്ചത്. അതിസുക്ഷ്മവും അവിഭാജ്യവുമായ പരമാണുക്കളാണ് പ്രപഞ്ചത്തിന്റെ മൂലഘടകങ്ങളെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. അദ്ദേഹം വിഭാവനം ചെയ്ത പരമാണുവിന്റെ സ്വഭാവങ്ങളൊന്നും തന്നെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണെങ്കിലും വളരെ പരിമിതമായ അർത്ഥത്തിൽ ആധുനിക പ്രാപഞ്ചിക വീക്ഷണവുമായി ഡിമോക്രിറ്റസിന്റെ ചിന്താഗതിക്കു സാദൃശ്യമുണ്ട്. ആർഷഭാരതത്തിലെ വൈശേഷികവാദിയായിരുന്ന കണാദനും പരമാണുവാദം ആവിഷ്കരിക്കുകയുണ്ടായി. കണാദന്റെ കാലത്തെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നുമില്ലെങ്കിലും, ഡിമോക്രിറ്റസിനു ശേഷമാണ് കണാദൻ ജീവിച്ചിരുന്നതെന്നു പലരും സമർത്ഥിക്കുന്നുണ്ട്. മാത്രമല്ല ഗ്രീക്കുചിന്തകളുമായി വൈശേഷികവാദത്തിന് അടുത്ത ബന്ധവുമുണ്ട്. ആ നിലയ്ക്ക് ഡിമോക്രിറ്റസിൽ നിന്നാണ് പരമാണുവാദം ഭാരതത്തിലെത്തിയതെന്നു കരുതപ്പെടുന്നുണ്ട്.

ടോളമി

എ.ഡി. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമി അലക്സാൻഡ്രിയയിലെ ഏറ്റവും പ്രഗത്ഭനായ ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ നിഗമനമനുസരിച്ച് ഓരോ ഗ്രഹവും സൂര്യന്റെ സ്ഥാനത്തിന് ആപേക്ഷികമായി ഓരോ ചെറിയ വൃത്തത്തിൽ അഥവാ ഉപവൃത്തത്തിൽ കറങ്ങിക്കൊണ്ടിരുന്നു. അതേസമയം ഈ ഉപവൃത്തത്തിന്റെ കേന്ദ്രം ഭൂമിക്കുചുറ്റുമുള്ള വലിയൊരു വൃത്തത്തിലൂടെ ചുറ്റിക്കൊണ്ടിരുന്നു.

അലക്സാൻഡ്രിയയിലെ അവസാനത്തെ പ്രഗത്ഭശാസ്ത്രജ്ഞനായിരുന്നു ടോളമി. അദ്ദേഹത്തിനുശേഷം നീണ്ടൊരു കാലഘട്ടം മുഴുവനും മറ്റെല്ലാ ശാസ്ത്രശാഖകളിലുമെന്നപോലെ പ്രപഞ്ചശാസ്ത്രരംഗത്തും കാര്യമായ യാതൊരു പുരോഗതിയുമുണ്ടായില്ല. ഈ കാലഘട്ടത്തെ പൊതുവിൽ ഇരുണ്ടയുഗമെന്നു വിളിക്കുന്നു. പാശ്ചാത്യലോകത്ത് മാത്രമല്ല ഈ ഇരു