28
മനുഷ്യൻ ചിന്തിക്കുന്ന മൃഗം
ഏതാണ്ട് രണ്ടായിരത്തിനാനൂറു വർഷങ്ങൾക്കുമുമ്പ് 'യുക്തിബോധമുള്ള മൃഗം' എന്ന് അരിസ്റ്റോട്ടിൽ മനുഷ്യനു നൽകിയ നിർവചനം ഇന്നും അന്വർത്ഥമായി നിലകൊള്ളുന്നു. ജീവശാസ്ത്രത്തിന്റെ ദ്വിപദനാമ പദ്ധതിയനുസരിച്ച് നൽകപ്പെട്ട പേരും അതേ അർത്ഥമുളവാക്കുന്നതാണ് ഹോമോസാപിയൻസ് ചിന്തിക്കുന്ന മൃഗം. മനുഷ്യനെ വെറും സാങ്കല്പികസൃഷ്ടികളായ മാലാഖമാരുടെ ദിവ്യത്വത്തോടൊപ്പം പിടിച്ചിരുത്താനോ ജന്തുലോകത്തിൽനിന്നു വ്യത്യസ്തമായ വളരെ ഉയർന്ന ഒരു പീഠത്തിൽ അവനെ പ്രതിഷ്ഠിക്കാനോ അല്പം ശാസ്ത്രബോധമുള്ള ആരും തന്നെ ഇന്നു മുതിരുകയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും മനുഷ്യനെ വെറുമൊരു മൃഗമായിട്ടെണ്ണാനും നമുക്കു മടിയാണ്. മറ്റു ജന്തുക്കളിൽനിന്നെല്ലാം തന്നെ അവനെ വേർതിരിച്ചു നിർത്തുന്ന എന്തോ ചിലതു മനുഷ്യനിലുണ്ട് അതെന്താണ് എന്ന ചോദ്യത്തിന് വൈവിധ്യമാർന്ന പരസ്പരവിരുദ്ധങ്ങളായ ഉത്തരങ്ങൾ നമ്മുടെ മുന്നിലുണ്ട്.
മനുഷ്യനെ മറ്റു ജന്തുക്കളിൽ നിന്നു വേർതിരിച്ചു നിർത്തുന്ന അടിസ്ഥാനപരമായ അന്തരം ശരീരഘടനാപരമോ ശരീരപ്രവർത്തനപരമോ ആയ മണ്ഡലങ്ങളിലല്ല. കാരണം, ആ മണ്ഡലങ്ങളിൽ സസ്തനജീവികളുടെയെല്ലാം ഘടനയും പ്രവർത്തനവും ഏറെക്കുറെ ഒരേ മാതൃകയിലാണ്. ഒരു സസ്തനമായ മനുഷ്യന്റെ സ്ഥിതിയും അതിൽനിന്നു വ്യത്യസ്തമല്ല. മൗലികമായ അന്തരം സ്ഥിതിചെയ്യുന്നത് മനുഷ്യന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും അഥവാ പരിതഃസ്ഥിതിയിൽ നിന്നുളവാകുന്ന ചോദനങ്ങൾക്കനുസൃതമായ പ്രതികരണങ്ങൾ സ്യഷ്ടിക്കുന്നതിലാണ്. ഒരു തലമുറയിൽ സമ്പാദിച്ച അനുഭവപാഠങ്ങൾ സമാഹരിക്കാനും അടുത്ത തലമുറയിലേയ്ക്കു പകർന്നുകൊടുക്കാനും മനുഷ്യനു കഴിയുന്നു. ഭാഷയുടെ ആവിർഭാവമാണിതിനു കാരണം. തന്മൂലം തലമുറകളായി സമാഹരിക്കപ്പെട്ട അനുഭവസമ്പത്തു മുഴുവനും നിയതമായ ഒരു പെരുമാറ്റരീതിക്ക്, ഒരു സംസ്കാരത്തിനു ജന്മമേകി. അങ്ങനെ ഭാഷയുടെയും മറ്റു പ്രതീകങ്ങളുടെയും സഹായത്തോടെ തലമുറകൾ തോറും പകർത്തപ്പെടുകയും സമാഹരിക്കപ്പെടുകയും ചെയ്ത ആചാരങ്ങളുടെയും അനുഭവങ്ങളുടെയും അഥവാ വിജ്ഞാനത്തിന്റെയും ആകെത്തുകയായ സംസ്കാരമാണ് മനുഷ്യന്റെ സവിശേഷതയെന്നു കാണാം.
സംസ്കാരത്തിന്റെ അടിത്തറതന്നെ സമൂഹമാണ്. എത്രതന്നെ ബുദ്ധിമാനായാലും ഒറ്റപ്പെട്ട ഒരു വ്യക്തി നിസ്സഹായനാണ്. സമൂഹവുമായി