Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ സന്ദർഭത്തിൽ, പൂർവ മസ്തിഷ്കത്തിൽ നേരത്തെ ശേഖരിച്ചുവെച്ചിട്ടുള്ള ആത്മ, പരമാത്മ സാങ്കല്പിക ചിത്രങ്ങൾക്ക് മിഴിവേകുകയും മറ്റു ചിത്രങ്ങളെയെല്ലാം നിരോധിക്കുകയും ചെയ്യാൻ ശ്രമിക്കുന്നതു നിമിത്തം താൻ അന്തിമലക്ഷ്യത്തിലെത്തിച്ചേരുകയാണെന്ന ധാരണ ഉടലെടുക്കുന്നു. ക്രമത്തിൽ പൂർവമസ്തിഷ്കത്തിലെ നിരോധപ്രക്രിയ വ്യാപകമായിക്കൊണ്ടിരിക്കുന്നു. തൽഫലമായി, സ്വപ്നാവസ്ഥയിലും, നിരോധം പരിപൂർണ്ണമായി തീരുമ്പോൾ സുഷുപ്തിയിലും എത്തിച്ചേരുന്നു. ഇങ്ങനെ പൂർവമസ്തിഷ്കത്തിൽ വ്യാപകമായി നിരോധം ഏർപ്പെടുത്തുമ്പോൾ ആ മസ്തിഷകകോശങ്ങളിൽ മുദ്രണം ചെയ്യപ്പെട്ടിരുന്ന എല്ലാ വിഷയങ്ങളും ബോധതലത്തിൽനിന്ന് അപ്രത്യക്ഷമാകുന്നതുകൊണ്ട് ഒരു തരം നിർവിഷയാവസ്ഥ സംജാതമാകുന്നു. ചുരുക്കത്തിൽ, ആത്മസാക്ഷാൽക്കാരം കൈവരിക്കുന്നതിനുവേണ്ടി, മസ്തിഷ്കകോശങ്ങളുടെ മൗലികസ്വഭാവങ്ങളായ ഉത്തേജന, നിരോധപ്രക്രിയകളെ ആവശ്യാനുസാരം ഉപയോഗപ്പെടുത്തുകയാണ് പ്രാചീന താപസർ ചെയ്തിരുന്നതെന്നു കരുതാൻ ന്യായമുണ്ട്.