താൾ:പ്രപഞ്ചവും മനുഷ്യനും.djvu/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തമാക്കുന്ന സദാചാരപാഠങ്ങൾ ഏതൊരുവന്റെയും വ്യക്തിത്വത്തിലെ സുപ്രധാന ഘടകങ്ങളാണ്. എന്തിനെയും ചോദ്യം ചെയ്തതിനുശേഷം മാത്രം സ്വീകരിക്കാനുള്ള കഴിവുണ്ടാകുന്നതിനുമുമ്പേതന്നെ അടിച്ചേല്പിക്കപ്പെടുന്ന വിലക്കുകളും ഗുണദോഷപാഠങ്ങളും മറ്റുമാണ് മസ്തിഷ്കത്തിൽ ആദ്യമേതന്നെ സ്ഥലം പിടിക്കുന്നത്. പില്ക്കാലചെയ്തികൾക്കു കടിഞ്ഞാണിടാനെന്നവണ്ണം ഈ പ്രാഥമിക വിശ്വാസങ്ങൾ ഇടയ്ക്കിടയ്ക്കു തലപൊക്കുന്നു. ഹീനകൃത്യങ്ങളെന്നു നാം കരുതുന്ന പ്രവൃത്തികൾ ചെയ്യാൻ നിർബ്ബന്ധിതരാകുമ്പോൾ സ്വാഭാവികമായും പഴയ സദാചാരപാഠങ്ങൾ വിലക്കുകളുമായി പ്രത്യക്ഷപ്പെടുന്നു; അഥവാ പൂർവ്വമസ്തിഷ്കത്തിൽ ഉത്തേജിപ്പിക്കപ്പെടുന്നു. ഇങ്ങനെ പൂർവ്വകാലാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തേജിപ്പിക്കപ്പെടുന്ന വിലക്കുകളെയാണ് നാം 'മനസ്സാക്ഷി' എന്നു വിളിക്കാറുള്ളത്. ആന്തരികമായി പ്രവർത്തിക്കുന്ന അവ്യക്തരൂപിയായ ഏതോ ഒരു പ്രതിഭാസമല്ല 'മനസ്സാക്ഷി'യെന്ന് ഇതിൽനിന്നു വ്യക്തമാവുന്നുണ്ടല്ലോ.

സാമൂഹ്യവളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നിലനിന്നിരുന്ന സാമൂഹ്യവും സദാചാരപരവുമായ ആചാരങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് അതാത് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന വ്യക്തികളിലെ മനസ്സാക്ഷി രൂപംകൊള്ളുന്നത്. അടിമത്തവ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ അടിമകളെക്കൊണ്ട് കഠിനാധ്വാനം ചെയ്യിക്കുന്നതോ, അവരെ ക്രൂരമായി മർദ്ദിക്കുന്നതോ മനസ്സാക്ഷിക്കു വിരുദ്ധമായ കണക്കാക്കപ്പെട്ടിരുന്നില്ല. ആ വ്യവസ്ഥിതിയിൽ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിനെയും പ്ലേറ്റോവിനെയും പോലുള്ള ചിന്തകർക്കുപോലും അടിമകളടക്കമുള്ള എല്ലാ മനുഷ്യരും തുല്യരാണെന്നു ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോൾ നിലവിലുള്ള ഒരു സാമൂഹ്യവ്യവസ്ഥിതി വ്യക്തികളുടെ വീക്ഷണഗതിയുടെ അഥവാ മനസ്സാക്ഷിയുടെ രൂപീകരണത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്നു വ്യക്തമാവുന്നുണ്ടല്ലോ. രാജവാഴ്ചക്കാലത്ത് രാജാവിനെതിരായി ചിന്തിക്കുന്നതു മനസ്സാക്ഷിക്കു വിരുദ്ധമായിരുന്നു. എന്നാൽ ഇന്നോ? രാജാവെന്ന സങ്കല്പം തന്നെ വ്യക്തികളുടെ വീക്ഷണഗതിയിൽനിന്നു നിശ്ശേഷം മാഞ്ഞുപോയിരിക്കുന്നു. എല്ലാ വ്യവസ്ഥിതിയിലും ഉടലെടുക്കുന്ന സദാചാരങ്ങളുടെയും സ്ഥിതി ഇതാണ്. സാമൂഹ്യവ്യവസ്ഥിതി മാറുന്നതിനനുസരിച്ച് അവയും മാറുന്നു. അതിനനുസരിച്ച് മനസ്സാക്ഷിയും.

അഹംബോധത്തിന്റെ രൂപീകരണത്തിൽ ജീവിതപരിതഃസ്ഥിതികൾക്കുള്ള സ്ഥാനം അതിവിപുലമാണ്. ഒരുവൻ തിരഞ്ഞെടുക്കുന്ന പ്രവർത്തനമണ്ഡലവുമായി താദാത്മ്യം പ്രാപിക്കുംതോറും അവനിലെ 'ഞാൻ' ആ വഴിക്കു രൂപം പ്രാപിച്ചുകൊണ്ടിരിക്കുകയാവും. അവന്റെ വ്യക്തിത്വം തനതു മണ്ഡലത്തിൽ പ്രശോഭിക്കുംതോറും ഇതര മണ്ഡലങ്ങളോട് അവഗണന വളർന്നുകൊണ്ടിരിക്കും. ഒരു കവിയുടെ മുന്നിൽ കുഴഞ്ഞുമറിഞ്ഞ ഗണിതശാസ്ത്രപരമായ ഒരു പ്രശ്നം ഉന്നയിക്കപ്പെട്ടു എന്നിരിക്കട്ടെ. കവി ആ പ്രശ്നപരിഹാരത്തിനായി ഒരു ചെറിയ ശ്രമമെങ്കിലും നടത്താൻ