താൾ:പ്രപഞ്ചവും മനുഷ്യനും.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


1

എന്താണ് പ്രപഞ്ചം?

നുഷ്യവംശത്തോളം പഴക്കമുള്ള ഒരു ചോദ്യമാണിത്. ആദ്യത്തെ മനുഷ്യന്റെ ചോദ്യം ഇതേ രൂപത്തിൽ ആയിരുന്നിരിക്കണമെന്നില്ല. എങ്കിലും, മാനുഷികമായ സവിശേഷതകൾ, പ്രത്യേകിച്ചും വിചിന്തിനപാടവം ഉരുത്തിരിയാൻ തുടങ്ങിയ കാലം മുതൽക്കേ, വിവിധ രൂപങ്ങളിലായി മനുഷ്യൻ ഈ ചോദ്യം നിരന്തരം ആവർത്തിച്ചു കൊണ്ടിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.

മനുഷ്യചരിത്രത്തിന്റെ ഏതൊരു ഘട്ടമെടുത്തു പരിശോധിച്ചാലും, ഈ അന്വേഷണത്വര അവന്റെ കൂടപ്പിറപ്പായിരുന്നെന്നുകാണാം. ഹീഡൽബർഗ് മനുഷ്യനും നിയാണ്ടർത്താൽ മനുഷ്യനും ശേഷം, ഏതാണ്ട് അമ്പതിനായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന നമ്മുടെ യഥാർത്ഥ പൂർവ്വികരായിരുന്ന 'ക്രോമാഗ്നൻ മനുഷ്യൻ' തുടങ്ങി തന്നെ, ഈ പ്രവണത വ്യക്തമായി കാണാവുന്നതാണ്. അമ്പതിനായിരം വർഷം മുമ്പു മുതൽ ഇരുപതിനായിരം വർഷം മുമ്പുവരെയുള്ള കാലഘട്ടങ്ങളിലെ ഹിമയുഗഗുഹകൾ അത്യന്തമനോഹരങ്ങളായ വർണ്ണചിത്രങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടവയായിരുന്നു. മനുഷ്യനിലെ സൗന്ദര്യബോധത്തിന്റെയും അതോടൊപ്പം പ്രാപഞ്ചികപ്രശ്നങ്ങളിൽ അവനുള്ള താല്പര്യത്തിന്റെയും ഊർജ്ജസ്വലമായ വളർച്ചയുടെ ചരിത്രം മൗനമുദ്രണം ചെയ്തിട്ടുള്ള സ്പെയിനിലെയും മറ്റും നിരവധി ഗുഹകൾ മാനവസംസ്ക്കാരചരിത്രത്തിന്റെ പ്രഥമാദ്ധ്യായങ്ങളാണ്.

ഇരുപതിനായിരം വർഷം മുമ്പുമുതൽ പതിനായിരം വർഷം മുമ്പുവരെയുള്ള കാലഘട്ടം മാനവസംസ്കാരത്തിലെ പല സുപ്രധാന പരിവർത്തനങ്ങളുടെയും ദൃക്സാക്ഷിയാണ്. പുരാതന ശിലായുഗത്തിലെ പരുപരുത്ത ആയുധങ്ങൾക്കുപകരം കൂടുതൽ പരിഷ്‍കൃതായുധങ്ങൾ രംഗപ്രവേശം ചെയ്‍തതോടെ നവീനശിലായുഗത്തിന് ആരംഭമിട്ടു. നൈലും യൂഫ്രട്ടീസും സിന്ധുവും തങ്ങളുടെ വളക്കൂറുള്ള മണ്ണിൽ വെച്ച് ആദിമനുഷ്യനെ കൃഷിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു. ഇതു പുതിയൊരു സാമൂഹ്യജീവിതത്തിന് കളമൊരുക്കി. വേട്ടയാടിക്കൊണ്ടലഞ്ഞുതിരിയുന്ന സമ്പ്രദായം അപ്രത്യക്ഷമായി. കൃഷിയെ ആശ്രയിച്ചുകൊണ്ട് നദീതീരങ്ങളിൽ ഒത്തുകൂടിയ മനുഷ്യർ പുതിയ സംസ്കാരങ്ങളുടെ ഉപജ്ഞാതാക്കളായി മാറി. അങ്ങനെ ക്രിസ്തുവിനുമുമ്പ് 8000-നും 3000-നും മദ്ധ്യേയുള്ള കാലഘട്ടത്തിൽ വിവിധ നഗരങ്ങളും രാഷ്ട്രങ്ങളും രൂപം പ്രാപിച്ചു. പുതിയ പുതിയ ആചാരങ്ങളും