താൾ:പ്രപഞ്ചവും മനുഷ്യനും.djvu/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഭാഗം ആൾക്കുരങ്ങുകളിൽനിന്ന് ഉത്ഭവിച്ചതായിരിക്കാം. ഡ്രയോപിത്തെസീനുകൾ എന്നാണ് പൊതു പൈതൃകങ്ങളെന്നു കണക്കാക്കപ്പെടുന്ന ഈ ആൾക്കുരങ്ങുകൾക്കു നൽകിയിട്ടുള്ള പേര്. ഇവ മയോസീൻ, പ്ലയോസീൻ യുഗങ്ങളിൽ ആഫ്രിക്കയിലും ഏഷ്യയിലും ധാരാളമായി നിലനിന്നിരുന്നു. മനുഷ്യരുടെ കുടംബമായ ഹോമിനിഡേയും, ആൾക്കുരങ്ങുകളുടെ കുടുംബമായ പോംഗിഡേയും ഡ്രയോപിത്തെസിനുകളെപ്പോലുള്ള പൂർവ്വികരിൽനിന്നു രണ്ടു ശാഖകളായി പിരിഞ്ഞതായിരിക്കാം.

ആസ്ത്രെലോപിത്തെക്കസ്

മനുഷ്യപരിണാമത്തിലെ അടുത്ത ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നത് ആസ്ത്രെലോപിത്തെക്കസുകളാണ്. ഒരു ശരീരശാസ്ത്ര പ്രൊഫസറായിരുന്ന റെയ്മണ്ട് ഡാർട് ആണ് ഇതാദ്യമായി കണ്ടെത്തിയത്. 1924 ൽ അദ്ദേഹം തെക്കേ ആഫ്രിക്കയിലായിരിക്കുമ്പോൾ തന്റെ ഫോസിൽ ശേഖരത്തിലേയ്ക്കു ലഭിച്ച ആൾക്കുരങ്ങിന്റേതുപോലത്തെ ഒരു തലയോട് ചില സവിശേഷതകളോടുകൂടിയതായി കണ്ടു. അത് ആൾക്കുരങ്ങിന്റേതുമായിരുന്നില്ല. അതിനദ്ദേഹം നൽകിയ പേരാണ് ആസ്ത്രലോപിത്തെക്കസ് ആഫ്രിക്കാനസ് (ആസ്ത്രാലിസ്-തെക്ക്; പിത്തെക്കസ്-ആൾക്കുരങ്ങ്). പില്ക്കാലത്ത് തെക്കേ ആഫ്രിക്കയിൽനിന്നും, കിഴക്കേ ആഫ്രിക്കയിൽനിന്നും ഏഷ്യയിൽനിന്നും ഇതുപോലുള്ള ഒട്ടേറെ ഫോസ്സിലുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പാരാന്ത്രോപ്പസ്, സിഞ്ചാന്ത്രോപ്പസ്, പ്ലീസിയാന്ത്രോപ്പസ് തുടങ്ങിയ വ്യത്യസ്ത പേരുകളാണ് അവയ്ക്കു നൽകപ്പെട്ടത്. വാസ്തവത്തിൽ ഈ ഫോസ്സിലുകളെല്ലാം ആസ്ത്രലോപിത്തെക്കസ് ജീനസിൽപ്പെടുന്നവയാണ്.

ആസ്ത്രലോപിത്തെക്കസിനുകളുടെ ശരീരഘടനാപരമായ സവിശേഷതകളിവയാണ്: അതിന്റെ മസ്തിഷ്കവ്യാപ്തം ഒരു ചിമ്പാൻസിയുടേതിനേക്കാൾ കൂടുതലായിരുന്നു. ചിമ്പാൻസിയുടെ മസ്തിഷ്ക വ്യാപ്തം 350 - 460 സി.സി-യാണ്. അതേസമയം ആസ്തലോപിത്തെക്കസിന്റേതാകട്ടെ, 450-700 സി.സി.-യാണ്. അവയ്ക്ക് ഏതാണ്ട് ശരാശരി അഞ്ചടി ഉയരമേയുണ്ടായിരുന്നുള്ളു. പക്ഷേ, സാധാരണയിൽക്കവിഞ്ഞ വലിപ്പമുള്ള പല്ലുകൾ കണ്ടിട്ട് പണ്ട് രാക്ഷസന്മാരെപ്പോലുള്ള മനുഷ്യർ ഭൂമുഖത്തുണ്ടായിരുന്നുവെന്നു ചിലർ കണക്കാക്കുകയുണ്ടായി. വാസ്തവത്തിൽ മനുഷ്യനെപ്പോലുള്ള ചെറിയ ചില ജന്തുക്കളുടെ വലിയ പല്ലുകളായിരുന്നു അവ. ആസ്ത്രലോപിത്തെക്കസിന്റെ പല്ലുകളുടെ ക്രമീകരണം മനുഷ്യന്റേതുപോലെതന്നെയായിരുന്നു. ഇതെല്ലാം കാണിക്കുന്നു, ആസ്ത്രലോപിത്തെക്കസ് ആധുനികമനുഷ്യന്റെ ദിശയിൽ പരിണമിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന്.

പ്ലീസ്റ്റോസീൻ യുഗത്തിന്റെ ആരംഭം മുതൽക്കേ ആസ്ത്രലോപിത്തെക്കസിനുകളെ കാണാം. അവ രണ്ടു വ്യത്യസ്ത സ്പീഷീസുകളായിരുന്നു. ഭാരിച്ച ചർവ്വണാവയവങ്ങളോടുകൂടിയ ആസ്ത്രലോപിത്തെക്കസ് റോബസ്റ്റസും, താരതമ്യേന ചെറിയ താടിയെല്ലുകളോടുകൂടിയ ആസ്ത്രലോപിത്തെക്കസ്