Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്ളയോസീൻ 8 ദശലക്ഷം വർഷങ്ങൾ നീണ്ടുനിന്നു. പുലി, സിംഹം തുടങ്ങിയ വലിയ മാംസഭുക്കുകളെല്ലാം ഈ യുഗത്തിലാണ് പ്രമുഖമായി തീർന്നത്.

സീനോസോയിക് മഹാകല്പത്തിലെ രണ്ടാമത്തെ കല്പമായ ക്വാർടർനറിയാണിനിയുള്ളത്. ഇരുപതു ലക്ഷം വർഷങ്ങളാണിതിന്റെ കാലയളവ്. ഈ കല്പത്തെ രണ്ടു യുഗങ്ങളായി തിരിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ 11000 വർഷങ്ങളടങ്ങുന്ന ആധുനികയുഗവും, ശേഷിക്കുന്ന വർഷങ്ങളെല്ലാമടങ്ങുന്ന പ്ളീസ്റ്റോസീൻ യുഗവുമാണവ. പ്ളീസ്റ്റോസീൻ യുഗം പ്രധാനമായും ആദിമ മനുഷ്യന്റെ പരിണാമപരമ്പരയുടെ ചരിത്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പ്രാഥമിക മനുഷ്യക്കുരങ്ങുകളിൽനിന്ന് വിവിധതരം ഹോമിനിഡുകളിലൂടെ ആധുനിക മനുഷ്യനിലേയ്ക്കുള്ള പരിണാമത്തിന്റെ ഒരേകദേശ ചിത്രം ഈ യുഗത്തിൽ നമുക്കു ലഭിക്കുന്നു. അതിനു ശേഷമുള്ള ആധുനികയുഗം കഴിഞ്ഞ 11000 വർഷക്കാലത്തെ സാംസ്ക്കാരിക പുരോഗതിയുടെ ചരിത്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.