താൾ:പ്രപഞ്ചവും മനുഷ്യനും.djvu/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിലനിന്നുപോരുന്നു. സിലിണ്ടറേറ്റുകളുടെ ശരീരം പ്രധാനമായും രണ്ടുപാളി കോശങ്ങളാൽ നിർമ്മിതമാണ്. എന്നാൽ ഇവയേക്കാൾ പുരോഗതിപ്രാപിച്ച പരപ്പൻ പുഴുക്കൾ മൂന്നുപാളി കോശങ്ങളാൽ നിർമ്മിക്കപ്പെട്ടവയാണ്. ഈ പരപ്പൻ പുഴുക്കൾ സിലിണ്ടറേറ്റുകളിൽ നിന്നാണ് ഉടലെടുത്തതെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ ഇവ പാരമേസിയത്തെപ്പോലുള്ള ഏകകോശജീവികളിൽനിന്നുതന്നെ പരിണമിച്ചുണ്ടായതാണെന്ന് ഇപ്പോൾ കണക്കാക്കാൻ തുടങ്ങിയിട്ടുണ്ട്.

പരപ്പൻ പുഴുക്കളുടെ വിഭാഗത്തിൽപ്പെട്ട മറ്റു ജീവികളാണ് നാടപ്പുഴുക്കളും ഉരുളൻ പുഴുക്കളും മറ്റും. ഇവയെ തുടർന്ന ഒട്ടേറെ വ്യത്യസ്തസ്വഭാവങ്ങളോടുകൂടിയ ചെറുവിഭാഗങ്ങൾ രംഗപ്രവേശം ചെയ്തു. അവയിൽ ചിലത് പരിണമിച്ചിട്ടാണ്, ഇന്നത്തെ മണ്ണിരകളും മറ്റുമുൾപ്പെടുന്ന അന്നലിഡാവിഭാഗം ജന്തുക്കളുണ്ടായത്. ഇവയുടെ ശരീരം, അവയ്ക്കു മുമ്പുള്ളവയെ അപേക്ഷിച്ച് കൂടുതൽ സങ്കീർണ്ണവും കഴിവുറ്റതുമായിരുന്നു. അന്നലിഡുകളിൽനിന്ന് വിവിധതരം ജീവവിഭാഗങ്ങളുടലെടുക്കുകയുണ്ടായി. അവയിൽ ചിലത് ചെമ്മീനുകളും ഞണ്ടുകളും മറ്റുമുൾക്കൊള്ളുന്ന ആർത്രോപ്പോഡ വിഭാഗത്തിന് ജന്മമേകി. ആർത്രോപ്പോഡ വിഭാഗത്തിൽ തന്നെ പെടുന്ന ഷഡ്പദങ്ങൾ അഥവാ കീടങ്ങളും ഇത്തരമൊരു വിഭാഗത്തിൽനിന്ന് പരിണമിച്ചുണ്ടായതാണെന്ന് കണക്കാക്കപ്പെടുന്നു. കക്കകളും ചിപ്പികളും ശംഖുകളുമെല്ലാമുൾപ്പെടുന്ന മൊളസ്ക വിഭാഗവും ഇതുപോലൊരു വിഭാഗത്തിൽ നിന്നുടലെടുത്തതാണെന്ന് കരുതിപ്പോരുന്നു. ആർത്രോപ്പോഡുകളിൽ പെട്ട ചില വിഭാഗങ്ങളിൽനിന്നാണ്, നട്ടുല്ലുള്ള ജന്തുക്കളുടെ പ്രാഥമിക രൂപങ്ങളുമായി ബന്ധമുള്ള ചില ജീവികൾ ഉടലെടുത്തതെന്നു കരുതാൻ ന്യായമുണ്ട്. അവയിൽനിന്നായിരിക്കണം നട്ടെല്ലുള്ള ജീവികളിൽ പെട്ട ആദിമജന്തുക്കളുടലെടുത്തത്.

ആർത്രോപ്പോഡുകളിലും മൊളസ്കുകളിലും പെട്ട ജന്തുക്കൾക്ക് കട്ടിയേറിയ ബാഹ്യകവചമുള്ളതുകൊണ്ട് അവയുടെ അവശിഷ്ടങ്ങൾ ഒട്ടേറെ ജീവാശ്മങ്ങളായി അതിപുരാതനകാലത്തെ ശിലാപാളികളിൽനിന്നും മറ്റും കണ്ടുകിട്ടിയിട്ടുണ്ട്. ഏതാണ്ട് 55 കോടി വർഷങ്ങൾക്കു മുമ്പാരംഭിച്ച പാലിയോസോയിക് മഹാകല്പത്തിന്റെ ആരംഭത്തിൽ ഇത്തരം ജീവികളുടെ ഫോസ്സിലുകൾ അസംഖ്യം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പാലിയോസോയിക് മഹാകല്പത്തിന്റെ ആരംഭകാലത്തെ 7 - 9 കോടി വർഷങ്ങളെ കേംബ്രിയൻ കല്പമെന്നു വിളിക്കുന്നു. പാലിയോസോയിക് മഹാകല്പത്തെ ഏഴു കല്പങ്ങളായി തിരിച്ചിട്ടുള്ളതിൽ ആദ്യത്തേതാണിത്. ഈ കല്പത്തിൽ സമുദ്രത്തിലും കടലുകളിലും മാത്രമേ ജീവികളുണ്ടായിരുന്നുള്ളു. കടലിൽതന്നെ നട്ടെല്ലുള്ള ജീവികളൊന്നും തന്നെ ആവിർഭവിച്ചിരുന്നില്ല. അതുപോലെ ആ കാലത്ത് പുഷ്പങ്ങളോ ചെടികളോ മരങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സസ്യലോകത്തിന്റെ പ്രതിനിധികളായി നിലനിന്നിരുന്നത് കടൽക്കളകൾ മാത്രമായിരുന്നു.