അത് സ്വാധീനിച്ചു. തങ്ങളുടെ മാമൂൽ പ്രമാണങ്ങൾ തകരുന്നതു കണ്ട മതപുരോഹിതന്മാർ പരിഭ്രമിച്ചു. ഡാർവിനെ നഖശിഖാന്തം എതിർക്കാൻ അവർ തയ്യാറായി. കോപ്പർനിക്കസിന്റെ സിദ്ധാന്തം യാഥാസ്ഥിതിക മതമേധാവികളെ എത്രത്തോളം പരിഭ്രാന്തരാക്കിയോ അതിലൊട്ടും കുറയാത്ത പ്രതികരണമാണ് ഡാർവിന്റെ ഗ്രന്ഥം സൃഷ്ടിച്ചത്. പക്ഷേ, ശാസ്ത്രമണ്ഡലം വളരെയേറെ സംഘടിതവും ശക്തിമത്തുമായിരുന്നതുകൊണ്ട് ഗലീലിയോവിനും ബ്രൂണോയ്ക്കും നേരിടേണ്ടിവന്ന അനുഭവങ്ങൾ ഡാർവിനെ അഭിമുഖീകരിച്ചില്ല. മാത്രമല്ല, ഡാർവിൻ ഇത്തരം വാദകോലാഹലങ്ങളിൽ നിന്നും വെല്ലുവിളികളിൽനിന്നുമെല്ലാം പൂർണ്ണമായി ഒഴിഞ്ഞുനിന്ന് അത്ഭുതാവഹമായ നിശ്ശബ്ദത പാലിക്കുകയാണുണ്ടായത്. എന്നാൽ, ഡാർവിന്റെ സിദ്ധാന്തത്തിന്റെ വിപ്ളവസ്വഭാവം മനസ്സിലാക്കിയ ഉല്പതിഷ്ണുക്കളായ ഒരു വിഭാഗം ശാസ്ത്രജ്ഞന്മാർ, പ്രത്യേകിച്ചും ചെറുപ്പക്കാർ, എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകിക്കൊണ്ട് എല്ലാ രംഗങ്ങളിലും ഡാർവിൻ സിദ്ധാന്തത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തു. ടി.എച്ച്. ഹക്സ്‌ലിയായിരുന്നു ഇവരിൽ പ്രമുഖൻ.
ഡാർവിന്റെ സിദ്ധാന്തപ്രകാരം ഇന്നു നിലനില്ക്കുന്ന ജീവജാതികളൊന്നും തന്നെ എക്കാലവും ഇന്നത്തെപ്പോലെ തന്നെയായിരുന്നില്ല. ഇനിയും ആയിരിക്കുകയുമില്ല. ഇവയെല്ലാംതന്നെ ഇവയ്ക്കുമുമ്പ് നിലനിന്നിരുന്നവയിൽനിന്ന് പരിണമിച്ചുണ്ടായതാണ്. ഏകകോശജീവി മുതൽ മനുഷ്യൻ വരെയുള്ള എല്ലാ ജീവജാലങ്ങളും ഇത്തരം പരിണാമത്തിന് വിധേയമാണ്. മാറിവരുന്ന പരിതഃസ്ഥിതികൾക്കനുസൃതമായി പ്രകൃതി നടത്തുന്ന തിരഞ്ഞെടുപ്പുവഴിയാണ് ഈ പരിണാമപ്രക്രിയ സംഭവിക്കുന്നത്. ആദിമജീവിതരൂപത്തിൽ നിന്ന് മനുഷ്യൻ വരെയുള്ള പരിണാമം ഒരേ പ്രകൃതിനിയമത്തിന്റെ ഫലമായിട്ടാണ് നടന്നിട്ടുള്ളത്, നടന്നുകൊണ്ടിരിക്കുന്നതും. ഈ പരിണാമപ്രക്രിയയ്ക്ക് ആസ്പദമായ ഏറ്റവും പ്രധാന പ്രവർത്തനത്തിന് ഡാർവിൻ നൽകിയ പേരാണ് 'പ്രകൃതിനിർദ്ധാരണം' എന്നത്.
പ്രകൃതിനിർദ്ധാരണം
ജൈവപരിണാമസിദ്ധാന്തത്തിന്റെ ആണിക്കല്ലാണ് പ്രകൃതി നിർദ്ധാരണതത്ത്വം. വിവിധ ജീവജാലങ്ങളിൽ പൊതുവായി കണ്ടുവരുന്ന ചില വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഡാർവിൻ ഈ തത്ത്വം ആവിഷ്ക്കരിച്ചത്. ജീവികളുടെ അമിതമായ പ്രത്യുല്പാദനശേഷിയാണ് ഏറ്റവും പ്രധാനസവിശേഷത. താഴെക്കിടയിലുള്ള പല ജീവികളുടെയും ഏകജീവിത കർത്തവ്യം, പ്രത്യുല്പാദനം നടത്തുക മാത്രമാണ്. എല്ലാ തരത്തിലും പെട്ട ജീവികൾ അവയുടെ ജീവിതകാലത്ത് ഉല്പാദിപ്പിക്കുന്ന ബീജകോശങ്ങളുടെ എണ്ണം അസംഖ്യമാണ്. എന്നാൽ, പ്രകൃതിയിൽ ഓരോ ജീവജാതികളുടെയും ആധിക്യം ഏറെക്കുറെ സ്ഥിരമായ ഒരു തോതിൽത്തന്നെ നിലകൊള്ളുന്നു. ഇതിന് കാരണമുണ്ട്. എല്ലാ ജീവികൾക്കും നിലനില്ക്കുന്നതിന് ഭക്ഷണമാവശ്യമുണ്ട്. ഭൂമുഖത്തൊട്ടാകെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് പരിമിതിയുണ്ട്.