ചുക്കാൻ പിടിക്കുന്നത് ന്യൂക്ളിയസ്സിലെ ജീനുകളാണ്. ഈ ജീനുകൾ സൈറ്റോപ്ലാസത്തിൽ നടക്കുന്ന പ്രോട്ടീൻ നിർമ്മിതിയെ നിയന്ത്രിക്കണമെങ്കിൽ, ഇവയ്ക്കിടയിൽ ചില സന്ദേശവാഹകർ പ്രവർത്തിക്കേണ്ടതുണ്ട്. ജീനുകളിൽ നിക്ഷിപ്തമായിരിക്കുന്ന നിർദ്ദേശം യഥാർത്ഥ നിർമ്മാണപ്രവർത്തനം നടക്കുന്ന സൈറ്റോപ്ലാസത്തിലെ റിബോസോമുകളിലെത്തണം. ഈ ശ്രമാവഹമായ കൃത്യം നിർവ്വഹിക്കുന്ന വസ്തുക്കളെയാണ് ജീൻ സന്ദേശവാഹകർ എന്നു പറയുന്നത്.
ജീനുകൾ റിബോസോമുകളിലേയ്ക്ക് സന്ദേശങ്ങൾ അയക്കുന്നത് ആർ.എൻ.എ.യുടെ രൂപത്തിലാണ്. ആർ.എൻ.എയ്ക്ക് ഡി.എൻ.എ.യിൽനിന്നും ചില വ്യത്യാസങ്ങളുണ്ടെന്ന് മുന്നൊരദ്ധ്യായത്തിൽ വ്യക്തമാക്കുകയുണ്ടായി. ഒന്നാമതായി, ഡി.എൻ.എ.യിലെ ഡിയോക്സിറിബോസിന് പകരം റിബോസ് പഞ്ചസാരയാണ് ആർ.എൻ.എ.യിൽ. പിന്നെ, തൈമിൻ എന്ന പിരമിഡൈനു പകരം യുറാസിൻ ആണ്. ആർ.എൻ.എ.യിൽ. സന്ദേശ ആർ.എൻ.എ. തന്മാത്രകൾ, ഡി.എൻ.എ.യെ അപേക്ഷിച്ച് കുറിയവയാണ്. അവസാനമായി ആർ.എൻ.എ. ഒറ്റച്ചരടു മാത്രമുള്ള ഒരു തന്മാത്രയാണ്. അതിന്റെ ഒരു വശത്ത് ഓരോ ന്യൂക്ലിയോടൈഡുകൾ ഒറ്റയ്ക്കാണ് നിലനില്ക്കുന്നത്. ഡി.എൻ.എ.യിലെപ്പോലെ ജോഡിയായിട്ടല്ല.
ക്രോമസങ്ങളിൽവെച്ച് സന്ദേശ ആർ.എൻ.എ. തന്മാത്രകൾ നിർമ്മിക്കപ്പെടുന്നതെങ്ങനെയാണെന്ന് നോക്കാം. ഡി.എൻ.എ. സാധാരണഗതിയിൽ ഇരട്ടിക്കുമ്പോൾ സംഭവിക്കുന്നതുപോലെ, ഒരറ്റത്ത് കുറെ ഭാഗം താൽക്കാലികമായി രണ്ടിഴകളായി വേർപെടുന്നു. ഇങ്ങനെ വേർപെട്ടുനിൽക്കുന്ന ഇഴകളിലൊന്നിലെ ന്യൂക്ളിയോടൈഡുകൾക്ക് അനുപൂരകമായിട്ടുള്ള ആർ.എൻ.എ. ന്യൂക്ളിയോടൈഡുകൾ പ്രോട്ടോപ്ലാസത്തിൽനിന്ന് ആകർഷിക്കപ്പെടുകയും ഡി.എൻ.എ. ഇഴയോട് ചേർന്ന് അണിനിരക്കുകയും ചെയ്യുന്നു. ഉദാഹരണത്തിനു ഡി.എൻ.എ. ഇഴകളിലുള്ള ന്യൂക്ളിയോടൈഡുകൾ അഡനിൻ, ഗ്വാനിൻ, തൈമിൻ എന്നിങ്ങനെയാണെങ്കിൽ, അവയോട് ചേരുന്ന ആർ.എൻ.എ. ന്യൂക്ളിയോടൈഡുകൾ യഥാക്രമം യുറാസിൻ, സൈറ്റോസിൻ, അഡനീൻ എന്നിവയായിരിക്കും. ഇങ്ങനെ ആർ.എൻ.എ. ന്യൂക്ളിയോടൈഡുകളെല്ലാം അണിനിരന്നാൽ റിബോസും ഫോസ്ഫേറ്റും തന്മാത്രകൾ ചേർന്ന് അവയെ കൂട്ടിയിണക്കുകയും ഒരു ആർ.എൻ.എ. തന്മാത്രയാക്കിത്തീർക്കുകയും ചെയ്യുന്നു. ആ തന്മാത്ര ഡി.എൻ.എ. തന്തുവിൽനിന്ന് വേർപെടുകയും ഡി.എൻ.എ.യിലെ രണ്ടിഴകളും മുമ്പെപ്പോലെ യോജിക്കുകയും ചെയ്യുന്നു. ഇങ്ങനെ ആർ.എൻ.എ. നിർമ്മിക്കപ്പെട്ടുകഴിഞ്ഞാൽ അതുടനെ സൈറ്റോപ്ലാസത്തിലെ റിബോസോമുകളിലേയ്ക്കാനയിക്കപ്പെടുകയും പ്രോട്ടീൻ നിർമ്മിതിക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.