താൾ:പ്രപഞ്ചവും മനുഷ്യനും.djvu/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നുകളാണുതാനും. അങ്ങനെ വരുമ്പോൾ പ്രവർത്തനപരമോ ഘടനാപരമോ ആയ ഒരു പ്രോട്ടീനെ നിയന്ത്രിക്കുന്ന ഡി.എൻ.എ. ഘടകമാണ് ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നതെന്നു വരും, അപ്പോൾ ആ ഡി.എൻ.എ-യിലെ പ്രവർത്തനപരമായ ഒരു ഘടകത്തെ അഥവാ ഏകകത്തെ 'സിസ്ട്രോൺ' അഥവാ 'ജീൻ' എന്നു പറയുന്നു.

ഇങ്ങനെ ഒരു ജീനിൽ ചുരുങ്ങിയപക്ഷം ആയിരത്തോളം ജോഡി ന്യൂക്ലിയോടൈഡുകളുണ്ടായിരിക്കും. 30,000ത്തോളം ജോഡി ന്യൂക്ലിയോടൈഡുകളുള്ള ജീനുകളെക്കുറിച്ചും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഒരു ജീനിലെ ന്യൂക്ലിയോടൈഡുകളെല്ലാം എല്ലായ്പോഴും യാതൊരു മാറ്റത്തിനും വിധേയമാകാതെ നിലനിന്നുകൊള്ളണമെന്നില്ല. ക്രമാർദ്ധഭംഗത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഒന്നാംഘട്ടത്തിൽ വെച്ച് ക്രോമസഭാഗങ്ങൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നതായി സൂചിപ്പിച്ചുവല്ലോ. അതുവഴി ജീനുകളുടെ പുനർസംയോജനങ്ങൾ നടക്കുകയും പുതിയ സ്വഭാവവൈജാത്യത്തിനു വഴിവെക്കുകയും ചെയ്യും. ഇങ്ങനെയുള്ള പുനർ സംയോജനത്തിനു നിദാനമായി വർത്തിക്കുന്ന ഘടകങ്ങൾ ഓരോ ജീനിലെയും ന്യൂക്ലിയോടൈഡുകളാണ്. ജീനുകളുടെ പുനർസംയോജനം വഴി പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന ഏറ്റവും ചെറിയ ഘടകത്തെ 'റെക്കൺ' എന്നു പറയുന്നു. ഇത് ഒരിക്കലും രണ്ടു ജോഡി ന്യൂക്ലിയോടൈഡുകളിലധികമായിരിക്കുകയില്ല. ചിലപ്പോൾ ഒന്നു മാത്രമായിരിക്കും.

ജിനുകളുടെ ഘടനയിലുണ്ടാകുന്ന അടിസ്ഥാനപരമായ മാറ്റത്തെക്കുറിച്ചു മുമ്പൊരിക്കൽ സൂചിപ്പിക്കുകയുണ്ടായി. മ്യൂട്ടേഷൻ അഥവാ ഉൽപരിണാമം എന്ന ഈ പ്രതിഭാസമാണ് ജീവികളിൽ പുതിയ സ്വഭാവങ്ങളുടെ ആവിർഭാവത്തിനും അതുവഴി പരിണാമത്തിനും കാരണമായി വർത്തിക്കുന്നതെന്നു സൂചിപ്പിക്കുകയുണ്ടായി. ജീനുകളുടെ ഘടനയിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാകുമ്പോൾ ആ ജീനിന്റെ നിയന്ത്രണത്തിലുള്ള പ്രോട്ടീനിലും മാറ്റമുണ്ടാവുകയും അത് പ്രകടസ്വഭാവത്തിലും മാറ്റമുണ്ടാക്കുകയും ചെയ്യും. ഇങ്ങനെ ഒരു ജീനിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാൻ പര്യാപ്തമായ ഘടകത്തെ അഥവാ ഏകകത്തെ 'മ്യൂട്ടൺ' എന്നു പറയുന്നു. ഒരു ജീനിലെ ആയിരക്കണക്കിനു ന്യൂക്ലിയോടൈഡുകളിൽ ഒരെണ്ണത്തിനു മാറ്റം സംഭവിച്ചാൽ അതിന്റെ നിയന്ത്രണത്തിലുള്ള പ്രോട്ടീനിന്റെ ഘടനയിലും അതുവഴി ജൈവസ്വഭാവത്തിലും പ്രകടമായ മാറ്റമുണ്ടാവുന്നു. അതുകൊണ്ട് ജീനിലെ മ്യൂട്ടേഷന്റെ ഏകകം അഥവാ 'മ്യൂട്ടൺ' ഒരു ന്യൂക്ലിയോടൈഡ് ജോഡിയാണെന്ന് വരുന്നു.

ജീനിന്റെ സൂക്ഷ്മഘടനയെക്കുറിച്ചുള്ള ഈ ധാരണകൾ രൂപം കൊണ്ടത് ഇക്കഴിഞ്ഞ ഒരു ദശകത്തിനുള്ളിലാണ്. വാസ്തവത്തിൽ ജീനിനെക്കാൾ സൂക്ഷ്മതരമായ മൗലിക പാരമ്പര്യഘടകങ്ങളാണ് ഇപ്പോൾ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, അതുകൊണ്ട് ജീനിനെക്കുറിച്ചുള്ള ധാരണ അപ്രസക്തമാകുന്നില്ല; മറിച്ച് അത് കൂടുതൽ തെളിഞ്ഞുവരി