താൾ:പ്രപഞ്ചവും മനുഷ്യനും.djvu/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശത്തിന്റെ ആദ്യ വിഭജന സമയത്തുതന്നെ രണ്ടു കോശങ്ങളെയും വേർപെടുത്തിയാൽ സമാനരൂപികളായ രണ്ടു ജീവികളെ വളർത്തിയെടുക്കാൻ കഴിയുമെന്ന് താഴ്ന്ന നിലവാരത്തിലുള്ള പല ജീവികളിലും നടത്തപ്പെട്ടിട്ടുള്ള പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇതേ തത്ത്വം മനുഷ്യരിലും നടപ്പിലാവാറുണ്ട്. ഭ്രൂണകോശത്തിന്റെ വളർച്ചയുടെ ആദ്യഘട്ടത്തിൽ വിട്ടുപോരുന്ന ഏതാനും കോശങ്ങൾ ചേർന്ന് വേറൊരു വ്യക്തികൂടി വളരുന്നതു നിമിത്തം പാരമ്പര്യഘടകങ്ങളിൽ തുല്യത പുലർത്തുന്ന രണ്ടു കുട്ടികൾ രൂപം കൊള്ളുന്നു. (രണ്ടു അണ്ഡങ്ങളോട് രണ്ടു പുംബീജങ്ങൾ ചേർന്നുണ്ടാകുന്ന ഇരട്ടക്കുട്ടികളിലെ ജീനുകൾ സമാനങ്ങളായിരിക്കില്ല). ഒരേ ഭ്രൂണകോശം വിഭജിച്ചുണ്ടായ ഇരട്ടക്കുട്ടികളിൽ പാരമ്പര്യഘടകങ്ങൾ മുഖാന്തിരം രൂപപ്പെടുന്ന സമാന സ്വഭാവങ്ങൾ, പരിതഃസ്ഥിതിയുടെയും ജീനുകളുടെയും സ്വാധീനതയെക്കുറിച്ച് പഠിക്കാനുതകുന്ന കരുക്കളാണ്. രണ്ടിലധികം കുട്ടികൾ ഒരേ സമയത്തുണ്ടാകാനും സാദ്ധ്യതയുണ്ട്. ഇത് ഒരേ ഭ്രൂണകോശത്തിൽ നിന്നുതന്നെ സംഭവിക്കാവുന്നതാണ്. അല്ലാതെയും.

ഭ്രൂണകോശത്തിന്റെ തുടർന്നുള്ള വിഭജനം മൂലം ഉണ്ടാകുന്ന കോശങ്ങളിൽ ബഹുഭൂരിഭാഗവും പ്രത്യേകധർമ്മങ്ങൾക്കനുയോജ്യമായ വിധത്തിൽ വിശേഷവൽക്കരിക്കുന്നതു നിമിത്തം, അത്തരം കോശങ്ങൾക്ക് പ്രത്യുല്പാദനശേഷി ഇല്ലാതായിത്തീരുന്നു. ഈ കോശങ്ങളിൽ, പ്രസ്തുത ജീവിയിലെ എല്ലാ ജീനുകളുമുണ്ടായിരിക്കുമെങ്കിലും അവയിൽ ഭൂരിപക്ഷവും നിഷ്ക്രിയമായിരിക്കുമെന്നതാണിതിനു കാരണം. അടുത്ത തലമുറയെ സൃഷ്ടിക്കാൻ തക്കവണ്ണം പുനരുല്പാദനശേഷിയുള്ള കോശങ്ങൾ ജനനേന്ദ്രിയാവയവങ്ങളോട് ബന്ധപ്പെട്ട ഭാഗങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു. ഇവിടെ ബീജകോശങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നത്, സാധാരണഗതിയിൽ നടക്കുന്ന മുകളിൽ വിവരിച്ചതുപോലുള്ള കോശവിഭജനത്തിലൂടെയല്ല.

ക്രമാർദ്ധഭംഗം

സ്ത്രീയിൽനിന്നും പുരുഷനിൽനിന്നുമുള്ള ബീജകോശങ്ങൾ ഒന്നുചേർന്നിട്ടാണല്ലോ ഭ്രൂണകോശം ജന്മമെടുക്കുന്നത്. മനുഷ്യശരീരത്തിലെ സാധാരണ കോശങ്ങളിൽ 46 ക്രോമസങ്ങളുണ്ട്. ബീജകോശങ്ങളിലും അത്രയും ക്രോമസങ്ങളുണ്ടെങ്കിൽ ഭ്രൂണകോശത്തിൽ 92 കോശങ്ങളുണ്ടാവും. അങ്ങനെ തുടർന്നാൽ ഏതാനും തലമുറകൾ കഴിയുമ്പോഴേയ്ക്കും ക്രോമസങ്ങളുടെ സംഖ്യ ഇരട്ടിച്ചിരട്ടിച്ച് എണ്ണിയാലൊടുങ്ങാത്തത്ര വലുതായിത്തീരും. ഇത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കാനായി ബീജകോശങ്ങളിൽ ക്രോമസങ്ങളുടെ എണ്ണം പകുതിയായി കുറയുന്നു. മനുഷ്യബീജകോശങ്ങളിൽ 23 ക്രോമസങ്ങളേ ഉണ്ടാകൂ. ഇങ്ങനെ ലൈംഗികപ്രജനനം നടക്കുന്ന എല്ലാ ജീവികളിലെയും ബീജകോശങ്ങളിലെ ക്രോമസങ്ങളുടെ എണ്ണം നേർപകുതിയായി കുറയുന്നതിനുവേണ്ടി, പ്രത്യുല്പാദനകോശങ്ങ